നാലായിരം ടണ്‍ കല്‍ക്കരി എവിടെപ്പോയെന്ന് കോടതി, മഴയില്‍ ഒലിച്ചുപോയേക്കാമെന്ന് മേഘാലയ മന്ത്രി
India
നാലായിരം ടണ്‍ കല്‍ക്കരി എവിടെപ്പോയെന്ന് കോടതി, മഴയില്‍ ഒലിച്ചുപോയേക്കാമെന്ന് മേഘാലയ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2025, 11:47 am

ഷില്ലോങ്: സംസ്ഥാനത്തെ രണ്ട് ഡിപ്പോകളില്‍ നിന്നായി നാലായിരം ടണ്‍ കല്‍ക്കരി അപ്രത്യക്ഷമായ സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പിന്നാലെ മഴയെ പഴിചാരിക്കൊണ്ടുള്ള വിചിത്രവാദവുമായി മന്ത്രി കിര്‍മന്‍ ഷില്ല. മഴ കൂടുതലായി ലഭിച്ചതിനാല്‍ കല്‍ക്കരി ബംഗ്ലാദേശിലേക്ക് ഒഴുകിപ്പോയേക്കാമെന്നായിരുന്നു മന്ത്രിയുടെ ന്യായം.

മേഘാലയയിലെ രാജാജു, ഡീന്‍ഗന്‍ എന്നീ ഗ്രാമങ്ങളില്‍ അനധികൃതമായി കല്‍ക്കരി ഖനനം നടക്കുന്നുണ്ടെന്ന് പരിസ്ഥിതിവാദികള്‍ പരാതിയുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ 4000 ടണ്‍ കല്‍ക്കരി അനധികൃതമായി കുഴിച്ചെടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് എവിടെപ്പോയെന്ന് കോടതിയുടെ ചോദ്യത്തില്‍ ഗവണ്മെന്റ് വലയുന്ന സമയത്താണ് കിര്‍മന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

താന്‍ ഒന്നിനെയും ന്യായീകരിക്കുന്നില്ലെന്നും സംസ്ഥാനത്ത് എല്ലായ്‌പ്പോഴും വലിയ തോതിലുള്ള മഴ ലഭിക്കാറുണ്ടെന്നും മന്ത്രി പറയുന്നു. ഏറ്റവുമധികം ഖനനം നടക്കുന്ന ജയന്തിയ കുന്നുകളിലെ കല്‍ക്കരി മഴവെള്ളത്തില്‍ ബംഗ്ലാദേശിലേക്ക് ഒഴുകിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

‘മേഘാലയയിലാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഞാന്‍ ഒന്നിനെയും ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ജയന്തിയ കുന്നുകള്‍. അവിടെയുള്ള കല്‍ക്കരി മഴവെള്ളത്തില്‍ ബംഗ്ലാദേശിലേക്ക് ഒഴുകിപ്പോയതാവാം. എന്നാല്‍ മഴയെ മാത്രം കുറ്റപ്പെടുത്താനാകില്ല.

നിയമവിരുദ്ധമായി കല്‍ക്കരി കടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ എന്റെ പക്കല്‍ തെളിവുകളൊന്നുമില്ല. അധികാരം ഞങ്ങളുടെ കൈയിലായതിനാല്‍ നിയമവിരുദ്ധമായ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്,’ കിര്‍മന്‍ ഷില്ല പറഞ്ഞു.

നിയമവിരുദ്ധമായ കല്‍ക്കരി ഖനനം അനുവദിച്ചത് അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണം വേണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എച്ച്.എസ്. തങ്ഗീവ് അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാനത്തെ കല്‍ക്കരി ഖനനവും അതിന്റെ വിതരണവും അന്വേഷിക്കാനായി റിട്ടയേഡ് ജസ്റ്റിസ് ബി.പി. ഖടകേ കമ്മിറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാനത്ത് 4000 ടണ്‍ കല്‍ക്കരി അനധികൃതമായി കനനം ചെയ്‌തെന്ന് കണ്ടെത്തിയതും സര്‍വേ ചെയ്ത് രേഖപ്പെടുത്തിയതും.

Content Highlight: Meghalaya Minister blames rain for vanishing 4000 ton coal in the state