ന്യൂസിലാൻഡിൽ 'മെഗാ പണിമുടക്ക്'; മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് ഒരുലക്ഷം ജീവനക്കാർ തെരുവിലിറങ്ങി
Trending
ന്യൂസിലാൻഡിൽ 'മെഗാ പണിമുടക്ക്'; മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് ഒരുലക്ഷം ജീവനക്കാർ തെരുവിലിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 8:36 pm

വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ പൊതുജന സേവനങ്ങൾക്ക് കൂടുതൽ ഫണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം ജീവനക്കാർ തെരുവിലിറങ്ങി. വ്യാഴാഴ്ച നഴ്‌സുമാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരുമടക്കം ജോലി ഉപേക്ഷിച്ചാണ് സമരം നടത്തിയത്.

മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, മെച്ചപ്പെട്ട വേതനം, ജീവനക്കാരുടെ സുരക്ഷിതമായ നിലവാരം തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.

പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ, പബ്ലിക് സർവീസ് അസോസിയേഷൻ, പോസ്റ്റ് പ്രൈമറി ഓർഗനൈസേഷൻ, ന്യൂസിലാൻഡ് നഴ്‌സ് ഓർഗനൈസഷൻ, എ.എസ്.എം.എസ് (അസോസിയേഷൻ ഓഫ് സാലറിഡ് മെഡിക്കൽ സ്പെഷ്യലിസ്റ്) എന്നിവരാണ് പണിമുടക്കിന് നേതൃത്വം നൽകിയത്.

60,000 ത്തിലധികം സ്കൂൾ അധ്യാപകർ, 40,000 നഴ്സുമാർ, ശമ്പളക്കാരായ മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ, 15,000 പൊതുജീവനക്കാർ എന്നിവരുൾപ്പെടെ സമരത്തിൽ പങ്കെടുത്തിരുന്നു. സമരം നിർത്തേണ്ട കാലാവസ്ഥയായിരുന്നിട്ടുപോലും പതിനായിരങ്ങളാണ് സമരത്തിനായി എത്തിയത്.

കുറഞ്ഞ വേതനം, ജീവനക്കാരുടെ കുറവ്, അവശ്യ വിഭവങ്ങളുടെ അഭാവം, ജീവനക്കാരുടെയും രോഗികളുടെയും കുട്ടികളുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായ തൊഴിൽ സാഹചര്യങ്ങൾ എന്നീ ആശങ്കകൾ ഉന്നയിച്ച് സഖ്യ സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് യൂണിയനുകൾ പണിമുടക്കിന് ആഹ്വനം ചെയ്തത്.

‘രാജ്യത്ത് മരുന്നുകളുടെ കുറവുണ്ട്. രോഗികളുടെ സുരക്ഷയോർത്ത് ഞങ്ങൾ ആശങ്കയിലാണ്. ജീവനക്കാരുടെ അഭാവം ഇപ്പോഴുള്ള ജീവനക്കാർക്ക് അമിത ജോലിഭാരമായി മാറുന്നുണ്ട്,’ മരുന്നുകളുടെയും ജീവനക്കാരുടെയും അഭാവം ചൂണ്ടിക്കാട്ടി ഹോക്സ് ബേയിലെ നഴ്‌സായ നോറീൻ മക്കാലൻ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

സ്ഥിതി മെച്ചപ്പെടുന്നതുവരെ ആശുപത്രികളിലെ രോഗികൾക്ക് ബുദ്ധിമുട്ടുകളുണ്ടാകരുതെന്നും സമൂഹത്തിന്റെ കെട്ടുറപ്പിനായി സർക്കാർ നിക്ഷേപം നടത്തണമെന്നും മറ്റൊരു നഴ്‌സായ ബെക്സ് കെൽസി പറഞ്ഞു.

അധ്യാപകർ തങ്ങൾ ഇഷ്ട്ടപെടുന്ന തൊഴിലും രാജ്യവും ഉപേക്ഷിക്കുകയാണെന്നും എത്ര ജോലി ചെയ്തിട്ടും സർക്കാർ വില നൽകുന്നില്ലെന്നും സെക്കന്ററി സ്കൂൾ അധ്യാപകനായ പോൾ സ്റ്റീവൻസ് സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

നേരത്തെ സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനായി പൊതു സേവനങ്ങൾക്കുള്ള ധനസഹായം സർക്കാർ വെട്ടിക്കുറയ്ക്കുകയും ഡസൻ കണക്കിന് ശമ്പള ഇക്വിറ്റി ക്ലെയിമുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ കൂടുതൽ ജോലി അവസരങ്ങൾക്കും മികച്ച ശമ്പളത്തിനും വേണ്ടി പൗരന്മാർ വ്യാപകമായി രാജ്യം വിടുന്നുണ്ട്. അവർ ഓസ്‌ട്രേലിയയിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, പൊതു സേവനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന മുതിർന്ന മന്ത്രിമാർ പ്രതിഷേധം അന്യായവും അനാവശ്യത്തിനാണെന്നും പറഞ്ഞു.

പണിമുടക്കിൽ ഗതാഗതമുൾപ്പെടെ തടസപ്പെട്ടെങ്കിലും സമരത്തിന് പൊതുജന പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടാൽബോട്ട് മിൽസ് നടത്തിയ ഒരു വോട്ടെടുപ്പിൽ 65% പൊതുജനങ്ങളും പണിമുടക്കിനെ പിന്തുണച്ചെന്നാണ് കണക്ക്.

പണിമുടക്ക് കാരണം വ്യാഴാഴ്ച നിരവധി സ്കൂളുകൾ അടച്ചിരുന്നു. ആശുപത്രികളിൽ അവശ്യ ചികിത്സയൊഴികെ മറ്റെല്ലാം നിർത്തിവെക്കുകയും ചെയ്തിരുന്നു.

Content Highlight: ‘Mega strike’ in New Zealand 100,000 workers take to the streets demanding better working conditions