അനുവാദമില്ലാതെ തന്റെ വീഡിയോയോ ശബ്ദമോ ഉപയോഗിക്കാന്‍ പാടില്ലെന്ന കോടതി ഉത്തരവ് സ്വന്തമാക്കി തെലുങ്ക് താരം ചിരഞ്ജീവി. പേര്, ചിത്രം സാദൃശ്യമുള്ള രൂപങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഹൈദരബാദ് സിവില്‍ കോടതിയാണ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന കൃത്രിമ ഉള്ളടക്കം ഉള്‍പ്പെടെ വാണിജ്യ ആവശ്യങ്ങള്‍ക്കായി നടന്റെ വ്യക്തിത്വം ചൂഷണം ചെയ്യുന്നതില്‍ നിന്ന് 30ലധികം പ്ലാറ്റ്‌ഫോമുകളെ കോടതി വിലക്കി.
മെഗാസ്റ്റാര്‍, ചിരു, അണ്ണയ്യ, ബോസ്, മെഗാസ്റ്റാര്‍ ചിരു എന്നീ ടൈറ്റിലുകളും അദ്ദേഹത്തിന്റെ വ്യക്തിത്വവും ശബ്ദവും മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ലെന്ന വാദം കോടതി അംഗീകരിച്ചു. കേസിലെ അടുത്ത വാദം ഒക്ടോബര്‍ 27ന് കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പേരും രൂപവുമെല്ലാം പതിച്ച ടീ ഷര്‍ട്ടുകളും വാള്‍ പോസ്റ്ററുകളും ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് സ്‌റ്റോറുകള്‍ വില്ക്കുന്നതും മെഗാസ്റ്റാര്‍ പോലുള്ള ടൈറ്റിലുകള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് താരം കോടതിയെ സമീപിച്ചത്.
അനില്‍ കപൂര്‍, ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ സമാനമായ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചതും അവര്‍ക്കനുകൂലമായി വിധി വന്നതും വാര്‍ത്തയായിരുന്നു. ഇതേ രീതിയിലാണ് ചിരഞ്ജീവിയും കോടതിയെ സമീപിച്ചത്. താരത്തിന് അനുകൂലമായും കോടതി വിധി പുറപ്പെടുവിച്ചു.
രാഷ്ട്രീയ, ലൈംഗിക, ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ക്കായി ചിരഞ്ജീവിയുടെ ചിത്രങ്ങളും മീമുകളും ഉപയോഗിക്കുന്നത് താരത്തിന്റെ ഇമേജിന് കളങ്കം വരുത്തുമെന്നതിനാലാണ് കോടതി ചിരഞ്ജീവിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. എ.ഐ ഉപയോഗിച്ച് താരത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന ഉള്ളടക്കം പ്രചരിക്കുന്നതും കോടതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
‘ഈ വീഡിയോകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് മാത്രമല്ല, രാഷ്ട്രീയ ആശയങ്ങള്‍, ദേശവിരുദ്ധ ആശയങ്ങള്‍, ലൈംഗികാതിക്രമം, അശ്ലീല വസ്തുക്കള്‍ എന്നിവ പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കാം. അതിനാല്‍, അത്തരം ഉപയോഗം നടത്തിയാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനാകില്ലെന്ന വാദം പ്രഥമദൃഷ്ട്യാ സ്വീകാര്യമാണ്,’ ജഡ്ജി എസ്. ശശിധര്‍ റെഡ്ഡി പറഞ്ഞു.
Content Highlight: Mega Star Title only can use by Chiranjeevi said court