മാസ്റ്ററില്‍ എന്റെ ലുക്ക് കോപ്പി അടിച്ചു ; വിജയ് ചിത്രത്തിനെതിരെ ആരോപണവുമായി മീര മിഥുന്‍
Social Media
മാസ്റ്ററില്‍ എന്റെ ലുക്ക് കോപ്പി അടിച്ചു ; വിജയ് ചിത്രത്തിനെതിരെ ആരോപണവുമായി മീര മിഥുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th March 2020, 10:29 pm

ചെന്നൈ: എന്നും വിവാദങ്ങളുടെ ഉറ്റത്തോഴിയാണ് നടിയും മോഡലുമായ മീര മിഥുന്‍. ബിഗ് ബോസ് റിയാലിറ്റി ഷോയിലുടെയാണ് മീര പ്രശസ്തയാവുന്നത്. ഇപ്പോഴിതാ പുതിയ ഒരു വിവാദവുമായി എത്തിയിരിക്കുകയാണ് താരം.

നടന്‍ വിജയ്ക്കും മാസ്റ്റര്‍ സിനിമയ്ക്കുമെതിരെയാണ് മീര രംഗത്ത് എത്തിയത്. മാസ്റ്ററിലെ പോസ്റ്ററിലെ വിജയ്‌യുടെ ലുക്ക് തന്നെ കോപ്പിയടിച്ചതാണെന്നാണ് താരത്തിന്റെ ആരോപണം.

ചുണ്ടില്‍ വിരല്‍ വെച്ച് സൈലന്‍സ് ആംഗ്യം കാണിക്കുന്ന വിജയ്‌യുടെ പോസ്റ്ററിന് എതിരെയാണ് മീരയുടെ ആരോപണം. സമാന രീതിയിലുള്ള ഒരു ചിത്രവും മീര ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഈ പോസ് താനാണ് ആദ്യം ചെയ്തത്. മാസ്റ്ററില്‍ കോപ്പിയടിക്കുകയായിരുന്നു ‘ആര് ആരെയാണ് കോപ്പി ചെയ്തിരിക്കുന്നത്…2019 ഡിസംബറിലെ കിംഗ്ഫിഷര്‍ റാംപില്‍ നിന്നുള്ള ഫോട്ടോയാണിത്. ഉത്തരം എല്ലാവര്‍ക്കും അറിയാം” എന്നാണ് ട്വിറ്ററിലെ പോസ്റ്റില്‍ പറയുന്നത്.

മാസ്റ്റര്‍ മൂവി പേജ്, മാസ്റ്റര്‍ ഓഡിയോ ലോഞ്ച് എന്നീ ടാഗിനൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേടെ മീരക്കെതിരെ വിജയ് ആരാധകരും രംഗത്തെത്തി.

പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യുമെന്നും പ്രശസ്തയാവാനാണ് മീര ഇത്തരത്തില്‍ പെരുമാറുന്നതെന്നുമാണ് വിജയ് ആരാധകര്‍ പറയുന്നത്.