പൊതുവെ യത്തീസ്റ്റുകള്‍ എന്ന് പറഞ്ഞുനടക്കുന്നവര്‍ സമൂഹത്തില്‍ വലിയ ശല്യമുണ്ടാക്കിയതായി അറിവില്ലെന്ന് നടി മീനാക്ഷി.
ശാസ്ത്രബോധം തന്റെ ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ചുറ്റുപാടുകളെ ശരിയായി മനസിലാക്കാനും സഹായിക്കുന്നുവെന്നും മീനാക്ഷി പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് മീനാക്ഷിയുടെ പരാമര്‍ശം.
പക്ഷെ തന്റെ ശാസ്ത്രബോധം തനിക്ക് ചുറ്റുമുള്ള മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും മീണാക്ഷി കുറിച്ചു. മതബോധങ്ങള്‍ക്കോ ദൈവബോധങ്ങള്‍ക്കോ തുടങ്ങി ഒന്നിനും അത് ബുദ്ധിമുട്ടാകാറില്ലെന്നും മീനാക്ഷി വ്യക്തമാക്കി.
‘യത്തീസ്റ്റ് ആണോ’ എന്നാണ് ചോദ്യമെങ്കില്‍ ‘റാഷണലാണ് ‘ എന്നുത്തരം എന്ന് കുറിച്ചുകൊണ്ടാണ് മീനാക്ഷിയുടെ പോസ്റ്റ്. പക്ഷെ യഥാര്‍ത്ഥ നിരീശ്വരവാദി ആരാണെന്നും മീനാക്ഷി ചോദിക്കുന്നുണ്ട്.
‘ദൈവത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നുവെന്ന് നമ്മള്‍ കരുതുന്ന വിശ്വാസികളില്‍ ചിലര്‍, ദൈവ മുതല്‍ മോഷ്ടിക്കുമ്പോള്‍ അല്ലെങ്കില്‍ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികളുള്‍പ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോള്‍ ഒക്കെയും അവര്‍ക്ക് കൃത്യമായി അറിയാം…. അവരെയോ അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാന്‍ പോവുന്നില്ല, അഥവാ അങ്ങനെയൊന്നില്ല എന്നുതന്നെ. ചുരുക്കിപ്പറഞ്ഞാല്‍ വിശ്വാസികള്‍ എന്ന് നമ്മള്‍ കരുതുന്നവരില്‍ ചിലര്‍ തന്നെയത്രേ നിരീശ്വരവാദികള്‍,’ മീനാക്ഷി കുറിച്ചു.
തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ താഴെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മീനാക്ഷിയുടെ പ്രതികരണം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍, അതും മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പ്രൈവറ്റ്’ല്‍ സെന്‍സര്‍ ബോര്‍ഡിന്റെ കട്ട് വീണിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ പോസ്റ്റിന് വലിയ പ്രാധാന്യമുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
മീനാക്ഷിയും നടന്‍ ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രൈവറ്റില്‍ നിന്ന് ബീഹാര്‍, സ്‌ലിം , പൗരത്വ ഭേദഗതി തുടങ്ങിയ വാക്കുകളാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തത്.
Content Highlight: Actress Meenakshi talk about her believes