ഫെമിനിസത്തിന് നിര്‍വചനം നല്‍കി മീനാക്ഷി; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
Kerala
ഫെമിനിസത്തിന് നിര്‍വചനം നല്‍കി മീനാക്ഷി; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2025, 10:06 pm

കൊച്ചി: ഫെമിനിസ്റ്റാണോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ച് നടിയും ടെലിവിഷന്‍ അവതാരകയുമായ മീനാക്ഷി. ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണെന്ന് പറയുന്നിടത്താണ് തന്റെ ‘ഫെമിനിസം’ എന്ന് മീനാക്ഷി പറയുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മീനാക്ഷിയുടെ പ്രതികരണം. തന്റെ ചെറിയ അറിവില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നതെന്നും മീനാക്ഷി പ്രതികരിച്ചു. പോസ്റ്റിന് താഴെ മീനാക്ഷിയെ അനുകൂലിച്ച് നിരവധി ആളുകള്‍ പ്രതികരിക്കുന്നുണ്ട്.

വായന നല്ലതാണെന്നും നേടിയ അറിവിന്റെ സാമ്രാജ്യത്തിലെ റാണിയാണ് മീനാക്ഷിയെന്നുമാണ് ഒരാള്‍ കുറിച്ചത്. പൂച്ച കലമുടയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. വിജ്ഞാനം കൊണ്ട് മീനാക്ഷി വളരെയേറെ പക്വതയോട് കൂടി സമൂഹവുമായി സംവദിക്കുന്നുവെന്നാണ് മറ്റൊരാളുടെ പ്രതികരണം.

സ്ത്രീയുടെ ന്യായമായ ആവശ്യങ്ങളെ എതിര്‍ക്കുന്ന പുരുഷമാരാണ് സമൂഹത്തില്‍ കൂടുതലുള്ളതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ‘മനുഷ്യര്‍ എല്ലാവരും ഇത്തരത്തില്‍ ചിന്തിച്ചിരുന്നുവെങ്കില്‍’ എന്ന് ആഗ്രഹിച്ച് പോകുകയാണെന്നാണ് ഒരാളുടെ കമന്റ്.

അഭിപ്രായങ്ങള്‍ തുറന്നുപറയണമെന്നും നിലപാടുകള്‍ വ്യക്തമാക്കണമെന്നും തെറ്റാണെങ്കില്‍ കൂടി പറയാനുള്ളത് പറയണമെന്നുമാണ് മറ്റൊരാളുടെ നിര്‍ദേശം. തെറ്റാണെങ്കില്‍ സമൂഹം തിരുത്തും. ചെയ്തതും പറഞ്ഞതും തെറ്റാണെങ്കില്‍ സ്വയം തിരുത്തി മുന്നോട്ടുപോകണമെന്നും അങ്ങനെയൊരു തലമുറയാണ് വളര്‍ന്നുവരേണ്ടതെന്നും അദ്ദേഹം പറയുന്നു.

അതേസമയം മീനാക്ഷിയുടെ മുന്‍കാല പ്രതികരണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ധൈര്യമുണ്ടെങ്കില്‍ ക്ലാസ് പിരമിഡിനെതിരെ കോടതിയെ സമീപിക്കണമെന്ന് സംഘപരിവാര്‍ അനുകൂലിയും അഭിഭാഷകനുമായ കൃഷ്ണ രാജ് മീനാക്ഷിയെ വെല്ലുവിളിച്ചിരുന്നു.

State of Punjab Vs Davinder Singh എന്ന കേസിലെ സുപ്രീം കോടതി വിധി മുന്‍നിര്‍ത്തിയായിരുന്നു കൃഷ്ണ രാജിന്റെ വെല്ലുവിളി. നേരത്തെ മീനാക്ഷിയുടെ പ്രതികരണത്തില്‍ പ്രകോപിതനായ കൃഷ്ണ രാജ് നടിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയിരുന്നു.

‘സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട, ചെറിയ വായയില്‍ വലിയ വര്‍ത്തമാനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവുമുണ്ട്,’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പ്രതികരണം. ‘മത’മിളകില്ലെന്ന് ഓരോ മനുഷ്യരും ഉറപ്പാക്കിയാല്‍ ഈ നാട്ടില്‍ മതനിരപേക്ഷത സാധ്യമാകുമെന്നത് അടക്കമുള്ള മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെയാണ് സംഘപരിവാര്‍ രംഗത്തെത്തിയത്.

Content Highlight: Meenakshi defines feminism