മെഡിക്കല്‍ സ്ഥാപനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു; മമത അഭിഷേകിനെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ബി.ജെ.പി
India
മെഡിക്കല്‍ സ്ഥാപനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു; മമത അഭിഷേകിനെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ബി.ജെ.പി
നിഷാന. വി.വി
Sunday, 31st May 2026, 3:49 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കുകളില്ലെന്ന് ബി.ജെ.പി.

അഭിഷേക് ബാനര്‍ജിക്ക് ഗുരുതര പരിക്കുകള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മമത ബാനര്‍ജി നിര്‍ബന്ധിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു.

അന്വേഷണ ഏജന്‍സികളുടെ നോട്ടീസുകളില്‍ നിന്ന് ഒഴിഞ്ഞുമാറാനും രാഷ്ട്രീയമായി സഹതാപം കിട്ടാനുമായാണ് മമതയുടെ ഈ നീക്കമെന്നും ബി.ജെ.പി നേതാവ് ദേബ്ജിത് സര്‍ക്കാര്‍ പറഞ്ഞു.

മെഡിക്കല്‍ സ്ഥാപനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മമത ബാനര്‍ജി ആശുപത്രി അധികൃതരോട് തര്‍ക്കിക്കുന്നതായുള്ള ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ ആക്രമണത്തില്‍ അഭിഷേക് ബാനര്‍ജിയുടെ നെഞ്ച്, വാരിയെല്ല്, കഴുത്ത്, നടുവ് എന്നിവിടങ്ങളില്‍ പരിക്കേറ്റതായി മമത വെളിപ്പെടുത്തി.

കല്ലേറിലും ശാരീരികമായ കൈയേറ്റത്തിലും വാരിയെല്ലിന്റെ ഭാഗത്ത് രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം അഭിഷേകിനെ ആദ്യം കൊല്‍ക്കത്ത ബൈപാസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മമത തന്നെ നേരിട്ടെത്തി അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രി അധികൃതര്‍ക്ക് മേല്‍ ‘മുകളില്‍ നിന്ന്’ സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച മമത ബാനര്‍ജി, രാഷ്ട്രീയ വ്യത്യാസങ്ങള്‍ അക്രമത്തിലൂടെയല്ല തീര്‍ക്കേണ്ടതെന്നും വ്യക്തമാക്കി.

അതേസമയം, ഈ അക്രമം പൂര്‍ണമായും പുതുതായി അധികാരമേറ്റ ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്ന് ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ പൊലീസ് സംവിധാനം നിഷ്‌ക്രിയമായെന്നും തന്നെ ഇല്ലാതാക്കാനാണ് രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ നടന്ന ഈ ജനരോഷം അവരുടെ മുന്‍കാല പ്രവൃത്തികളുടെ ഫലമാണെന്ന് ബിജെപി നേതാവ് കേയ ഘോഷ് പ്രതികരിച്ചു.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ അക്രമങ്ങളില്‍ പരിക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ സൗത്ത് 24 പര്‍ഗാനാസിലെ സോനാര്‍പൂരില്‍ എത്തിയപ്പോഴായിരുന്നു അഭിഷേക് ബാനര്‍ജിക്ക് നേരെ ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധവും മുട്ടയേറുമുണ്ടായത്. ജനക്കൂട്ടം അദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Content Higligt: Medical institutions are being misused for political purposes; Mamata Abhishek was forcibly admitted to the hospital, says BJP

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.