'നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ്'; പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റാനൊരുങ്ങി അധികൃതര്‍
national news
'നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ്'; പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റാനൊരുങ്ങി അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th September 2022, 9:27 pm

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റാന്‍ നിര്‍ദേശവുമായി നഗരസഭ. അഹമ്മദാബാദിലെ എം.ഇ.ടി മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റാനാണ് നഗരസഭയുടെ തീരുമാനം. ‘നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ്’ എന്നാണ് നഗരസഭ കണ്ടുവെച്ചിരിക്കുന്ന ‘പുതിയ’ പേര്.

പുതിയ പേര് കോളേജ് അധികൃതര്‍ തന്നെയാണ് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നല്‍കിയത്. വ്യാഴാഴ്ച ചേര്‍ന്ന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

മണിനഗറിലെ എല്‍.ജി ആശുപത്രി കോമ്പൗണ്ടിലുളള മെഡിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് എം.ഇ.ടി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയമസഭാ മണ്ഡലമായിരുന്നു മണിനഗര്‍. പി.ജി കോഴ്‌സുകളാണ് മെഡിക്കല്‍ കോളേജില്‍ ഉള്ളത്.

സെപ്റ്റംബര്‍ 14ന് ചേര്‍ന്ന എ.എം.സി എക്‌സിക്യൂട്ടീവ് മീറ്റിങില്‍ കോളേജിന്റെ പേര് നരേന്ദ്ര മോദി കോളേജ് എന്ന് മാറ്റാന്‍ ഐക്യകണ്‌ഠേനെ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി മീറ്റിങില്‍ കോളേജ് നല്‍കിയ പേര് അംഗീകരിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 17ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം. ജന്മദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ചീറ്റപ്പുലികളെ ഇറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് വേണ്ട നടപടികള്‍ ഞൊടിയിടയില്‍ പൂര്‍ത്തിയാക്കിയെന്ന റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.

എട്ടോളം ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലെത്തിക്കാനാണ് മോദിയുടെ തീരുമാനം. നമീബിയയില്‍ നിന്നുമാണ് ഇവയെ ഇറക്കുമതി ചെയ്യുന്നത്. ചീറ്റപ്പുലികള്‍ക്ക് സഞ്ചരിക്കാന്‍ ബോയിങ് 747-700 വിമാനവും സജ്ജമാക്കിയിട്ടുണ്ട്.
ഇതിനായി കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജന്മദിനത്തില്‍ കുനോ ദേശീയോദ്യാനം മോദി സന്ദര്‍ശിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചിരുന്നു.

മോദിയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു.
ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗതയാണെന്നായിരുന്നു ഉവൈസിയുടെ പരാമര്‍ശം.

രാജ്യത്ത് ചീറ്റപ്പുലികളെ വീണ്ടും കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഉവൈസി.

തൊഴിലില്ലായ്മയോ, വിലവര്‍ധനയോ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വെച്ചാല്‍ പ്രധാനമന്ത്രി ഉടന്‍ തന്നെ സ്ഥലം കാലിയാക്കുമെന്നും അതാണ് അദ്ദേഹത്തിന്റെ രീതിയെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തിരുന്നു. ഇത്തരം കാര്യങ്ങളില്‍ മോദിക്ക് വേഗത അല്‍പം കൂടുതലാണെന്നും ഇത് കുറയ്ക്കാനാണ് ജനങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തോട് ആവശ്യപ്പെടുന്നതെന്നും ഉവൈസി പറഞ്ഞു.

Content Highlight: Medical college to change its name as a part of celebrating prime minister narendra modi’s birthday