എഡിറ്റര്‍
എഡിറ്റര്‍
ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിക്കൊന്നത് ബി.ജെ.പി സഖ്യസംഘടന; പ്രതിഷേധം ശക്തമാകുന്നു
എഡിറ്റര്‍
Friday 22nd September 2017 8:58am

 

അഗര്‍ത്തല: ത്രിപുരയില്‍ യുവ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ബി.ജെ.പി സംഖ്യകക്ഷിയായ ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍. കഴിഞ്ഞദിവസമായിരുന്നു പ്രാദേശിക ചാനലായ ദിന്‍രാതിന്റെ റിപ്പോര്‍ട്ടര്‍ ശാന്തനു ഭൗമിക്ക്(28) ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്.


Also Read: വനിതാബില്ലിന് പൂര്‍ണ്ണ പിന്തുണയെന്ന് മോദിക്ക് സോണിയയുടെ കത്ത്; ആ കത്ത് ഇവിടേക്കല്ല വേണ്ടതെന്ന് ബി.ജെ.പി


കൊലപാതകത്തില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വീടിനു മുന്നിലെ റോഡ് ഉപരോധിച്ചു. ദല്‍ഹിയില്‍ കേരളാ ഹൗസിനു മുന്നില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലും പ്രതിഷേധയോഗം സംഘടിപ്പിച്ചു.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ മണ്ഡായിയില്‍ ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ (ഐ.പി.എഫ്.ടി) അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ശന്തനു കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു ഐ.പി.എഫ്.ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശാന്തനു ജോലിചെയ്തിരുന്ന ദിന്‍രാതിന്റെ എഡിറ്റര്‍ സമീര്‍ ധര്‍ സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ധറിന്റെ സഹോദരനാണ്. ബംഗളൂരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നതിനു പിന്നാലെയാണ് ത്രിപുരയിലും മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.

ത്രിപുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഐ.പി.എഫ്.ടി ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയില്‍ സഖ്യകക്ഷിയായ നോര്‍ത്ത്-ഈസ്റ്റ് റീജിയണല്‍ പൊളിറ്റിക്കല്‍ ഫ്രണ്ടിലെ അംഗമാണ്.


Dont Miss: സര്‍ദാര്‍ സരോവര്‍ പണിതുയര്‍ത്തിയത് കള്ളങ്ങളുടെ പുറത്ത്; മോദിയുടെ നാടകം പരാജയമായിരുന്നെന്നും മേധ പട്കര്‍


ത്രിപുര വിഭജിച്ച് ‘ട്വിപ്രലാന്‍ഡ്’ എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സംഘടനയാണ് ഐ.പി.എഫ്.ടി. ശാന്തനുവിന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മും പ്രതിഷേധം രേഖപ്പെടുത്തി. അക്രമങ്ങളും കൊലപാതകങ്ങളും വഴിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

പടിഞ്ഞാറന്‍ ത്രിപുരയില്‍ പുരോഗമന ആദിവാസി സംഘടനയായ ടി.ആര്‍.യു.ജി.പിയുടെ പ്രവര്‍ത്തകര്‍ക്കുനേരെ ഐ.പി.എഫ്.ടിക്കാര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ശാന്തനു മണ്ഡായിയില്‍ എത്തിയത്.

അക്രമികള്‍ ശാന്തനുവിന്റെ കാല്‍ ദണ്ഡുകൊണ്ട് അടിച്ചൊടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് ഇയാള്‍ നിലത്ത് വീണപ്പോള്‍ സ്റ്റേഡിയത്തിനു പിന്നിലേക്ക് കൊണ്ടുപോയി മര്‍ദിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം അഗര്‍ത്തലയില്‍ സംസ്‌കരിച്ചു.

Advertisement