സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണം; നിയമനടപടിയുമായി മുന്നോട്ട് പോകും: ഷിദ ജഗത്
Kerala News
സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണം; നിയമനടപടിയുമായി മുന്നോട്ട് പോകും: ഷിദ ജഗത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 12:53 pm

കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല വിശദീകരണമായാണ് തോന്നിയതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മീഡിയ വൺ സ്പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗത്.

തനിക്ക് തെറ്റായി തോന്നിയെങ്കിൽ മാപ്പ് പറയുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്‌. അനുവാദമില്ലാതെ ഒരാളുടെ ദേഹത്ത് സ്പർശിക്കുന്നത് തെറ്റാണെന്ന് അദ്ദേഹമാണ് തിരിച്ചറിയേണ്ടതെന്നും ഷിദ പറഞ്ഞു.

ഒരു സ്ത്രീയെന്ന രീതിയിൽ താൻ അപമാനിക്കപ്പെട്ട സംഭവമാണ് ഉണ്ടായതെന്നും ഷിദ പറഞ്ഞു.

‘സുരേഷ് ഗോപി അതുമായി ബന്ധപ്പെട്ട ഒരു മാപ്പ് സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടുണ്ട്. അത് ഞാൻ കണ്ടു. പക്ഷേ എനിക്ക് അത് തെറ്റായി തോന്നിയെങ്കിൽ എന്ന് പറയുന്നതിലല്ല, അത് തെറ്റാണെന്നുള്ളത് അദ്ദേഹമാണ് മനസ്സിലാക്കേണ്ടത്. കാരണം ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശരീരത്തിൽ സ്പർശിക്കുക, മോശമായ രീതിയിൽ സ്പർശിക്കുക എന്നത് തെറ്റാണ്.

എനിക്ക് അത് മോശമായി തന്നെയാണ് തോന്നിയത്. അതുകൊണ്ട് അദ്ദേഹത്തിന്റേത് ഒരു മാപ്പ് പറച്ചിലായിട്ടല്ല, ഒരു വിശദീകരണമായിട്ടാണ് തോന്നിയത്. എന്താണ് ചെയ്തത് എന്നതിന് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

ഞാൻ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്. ഇതൊരു മാപ്പ് പറച്ചിലായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്നും എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ എന്ന രീതിയിൽ ഞാൻ അപമാനിക്കപ്പെട്ട സംഭവമാണത്,’ ഷിദ പറഞ്ഞു.

ഷിദയുടെ പ്രതികരണത്തിന്റെ പൂർണരൂപം:

തൃശൂർ മത്സരിക്കുന്നു, കണ്ണൂരാണെങ്കിലും മത്സരിക്കാൻ തയ്യാറാണ്. അവിടെ പോയി മത്സരിച്ചാൽ ഒന്ന് ഉലക്കാമല്ലോ എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് കഴിഞ്ഞ തവണ അതിന് കഴിഞ്ഞിട്ടില്ലല്ലോ എന്ന ചോദ്യം എന്റെ ഭാഗത്ത് നിന്നുണ്ടായത്.

അതിന് അദ്ദേഹം നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം എന്നെ മോളേ എന്ന് വിളിക്കുകയും എന്റെ ഷോൾഡറിൽ തഴുകുകയും ചെയ്തത്.
ആ സമയത്ത് ഞാൻ എന്താണ് ചെയ്യേണ്ടത് എന്താണ് നടക്കുന്നത് എന്നറിയാത്ത രീതിയിൽ ഷോക്കായിപ്പോയി.

എന്നാൽ അപ്പോൾ തന്നെ ഞാൻ പിന്നോട്ട് വലിഞ്ഞത്. അദ്ദേഹത്തിന്റെ കൈയൊന്ന് എടുത്ത് മാറ്റാൻ വേണ്ടിയാണ് ഞാൻ പിന്നോട്ട് വലിഞ്ഞത്. പെട്ടെന്നുള്ള എന്റെ പ്രതികരണം ആയിരുന്നു ആ പിന്നോട്ട് വലിയൽ.

ഞാൻ ഒരു മാധ്യമപ്രവർത്തകയാണ്. ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. എനിക്ക് തുടർചോദ്യങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ വീണ്ടും അദ്ദേഹത്തോട് ചോദ്യം ചോദിച്ചു. ആ സമയത്തും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു.

സുരേഷ് ഗോപി എം.പി എന്റെ ഷോൾഡറിൽ കൈവെക്കുകയാണുണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം അതെനിക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു. മാനസികമായിട്ട് ഒരുപാട് വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്.

നമ്മൾ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയാതെ നമ്മൾ ചിലപ്പോൾ ഷോക്കായി പോകുന്ന ചില സന്ദർഭങ്ങളുണ്ട്. അങ്ങനെയൊരു സന്ദർഭമായിരുന്നു അത്.

ആ സമയത്ത് തന്നെ ഞാൻ ആ കൈ പിടിച്ച് തട്ടിമാറ്റുകയാണ് ചെയ്തത്. കാരണം എനിക്ക് അത് കംഫേർട്ട് ആയിരുന്നില്ല. ഞാൻ പോയിരിക്കുന്നത് സുരേഷ് ഗോപി എന്ന് പറഞ്ഞ ഒരു പൊളിട്ടീഷ്യനോട് ഒരു ചോദ്യം ചോദിക്കാനാണ്. അല്ലാതെ സൗഹൃദ സംഭാഷണത്തിനല്ല.

പിന്നീട് മാനസികമായിട്ട് ഒരുപാട് പ്രശ്നങ്ങൾ അതെനിക്ക് ഉണ്ടാക്കിയിട്ടുണ്ട്. വലിയ ഒരു ട്രോമയിലേക്ക് എത്തുന്ന രീതിയിലേക്ക് മാറി. പല തവണ ഞാൻ ആലോചിച്ചു. ഇത് ഒട്ടും ശരിയായ ഒരു പ്രവണതയല്ല.
എനിക്ക് മാത്രമല്ല, ഒരുപാട് മാധ്യമപ്രവർത്തകർ ഒരുപക്ഷേ ഇനിയും നേരിട്ടേക്കാം. മുമ്പും നേരിട്ടിട്ടുള്ള സംഭവമാണ്.

അതിനെ ഞാൻ അഡ്രസ് ചെയ്തേ മതിയാകൂ. മാധ്യമപ്രവർത്തക എന്ന രീതിയിൽ 15 വർഷമായി ഞാനീ ഫീൽഡിൽ നിക്കുന്നു. അതുകൊണ്ട് അതിനെ ഞാൻ അഡ്രസ് ചെയ്തേ മതിയാകൂ എന്നത് എന്റെ ബോധ്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ നിയമനടപടിക്ക് ഒരുങ്ങുന്നത്.

സുരേഷ് ഗോപി അതുമായി ബന്ധപ്പെട്ട ഒരു മാപ്പ് സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടുണ്ട്. അത് ഞാൻ കണ്ടു. പക്ഷേ എനിക്ക് അത് തെറ്റായി തോന്നിയെങ്കിൽ എന്ന് പറയുന്നതിലല്ല, അത് തെറ്റാണെന്നുള്ളത് അദ്ദേഹമാണ് മനസ്സിലാക്കേണ്ടത്. കാരണം ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശരീരത്തിൽ സ്പർശിക്കുക, മോശമായ രീതിയിൽ സ്പർശിക്കുക എന്നത് തെറ്റാണ്.

എനിക്ക് അത് മോശമായി തന്നെയാണ് തോന്നിയത്. അതുകൊണ്ട് അദ്ദേഹത്തിന്റേത് ഒരു മാപ്പ് പറച്ചിലായിട്ടല്ല, ഒരു വിശദീകരണമായിട്ടാണ് തോന്നിയത്. എന്താണ് ചെയ്തത് എന്നതിന് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

ഞാൻ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്. ഇതൊരു മാപ്പ് പറച്ചിലായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്നും എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ എന്ന രീതിയിൽ ഞാൻ അപമാനിക്കപ്പെട്ട സംഭവമാണത്.

Content highlight: Media One Special Correspondent Shitha Jagath says she is to go with legal procedures against Suresh Gopi