കോഴിക്കോട്: പി.എം. ശ്രീ വിഷയത്തില്‍ സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസിനെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. ബ്രിട്ടാസിനെ സംഘി ചാപ്പയടിക്കുന്നത് അന്തമില്ലായ്കയാണെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചത്.
പാര്‍ലമെന്റ് അംഗമായ ശേഷം ബ്രിട്ടാസ് സ്വീകരിച്ച നിലപാടുകള്‍ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ തര്‍ക്കമറ്റ തെളിവുകളാണെന്നും പ്രമോദ് രാമന്‍ പറഞ്ഞു. എതിരാളി സംഘപരിവാറാണെന്നും നേരിടുമ്പോള്‍ വഴി തെറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എം. ശ്രീ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിനെ സംഘിയാക്കുന്നത് അന്തമില്ലായ്കയാണ്. പാര്‍ലമെന്റ് അംഗമായ ശേഷം അദ്ദേഹം നാളിതുവരെ എടുത്തിട്ടുള്ള നിലപാടുകള്‍ സംഘവിരുദ്ധ രാഷ്ട്രീയത്തിന്റെ തര്‍ക്കമറ്റ തെളിവുകളാണ്. സര്‍ക്കാര്‍ ചെയ്തത് വേറെ, ബ്രിട്ടാസ് പാര്‍ട്ടി തന്നോട് ആവശ്യപ്പെടുന്നത് ചെയ്യുന്നത് വേറെ. സംഘപരിവാര്‍ ആണ് എതിരാളി. നേരിടുമ്പോള്‍ വഴി തെറ്റരുത്.
പി.എം ശ്രീയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നത്. മുസ്‌ലിം ലീഗ് അടക്കമുള്ളവര്‍ ജോണ്‍ ബ്രിട്ടാസിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസും പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രി പറഞ്ഞത് സത്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ പല തവണ മന്ത്രിയെ കണ്ടിരുന്നെന്നും, ഈ കൂടിക്കാഴ്ചകളെല്ലാം തന്നെ കേരളത്തിന് വേണ്ടിയാണെന്നുമാണ് ബ്രിട്ടാസ് പറഞ്ഞത്.
ജോണ്‍ ബ്രിട്ടാസ്. Photo: John Brittas/Facebook.com
‘കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതില്‍ സന്തോഷമേയുള്ളൂ. ഞാന്‍ പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്, മധ്യസ്ഥം വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണ്. പക്ഷേ പി.എം ശ്രീ കരാര്‍ ഒപ്പിടുന്നതില്‍ മധ്യസ്ഥം വഹിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ യഥേഷ്ടം ഫണ്ട് വാങ്ങിയിട്ട് കേരളത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ നിലപാടാണ് പദ്ധതി അംഗീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങളുടെ നില ദുര്‍ബലമാക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കില്ല എന്ന നിലപാട് മാറ്റില്ല എന്ന സൂചനയാണ് കേന്ദ്ര മന്ത്രിയില്‍ നിന്നും ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Media One Editor Pramod Raman backs John Brittas over PM SHRI row