ന്യൂദല്‍ഹി: നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ നേതാവും ആക്റ്റിവിസ്റ്റുമായ മേധാ പട്കര്‍ക്കെതിരായ മാനനഷ്ടക്കേസില്‍ ഇടപെടാതെ സുപ്രീം കോടതി. ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഇടപെടാന്‍ വിസമ്മതിച്ചത്.
ഏപ്രില്‍ 25ന് പ്രസ്തുത കേസില്‍ മേധാ പട്കര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് മേധാ പട്കര്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എന്‍. കോടീശ്വരന്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് മേധയുടെ അപ്പീല്‍ ഹരജി പരിഗണിച്ചത്. കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചെങ്കിലും, മേധാ പട്കറിന് ചുമത്തിയ ഒരു ലക്ഷം രൂപയുടെ പിഴ കോടതി റദ്ദാക്കി. പ്രൊബേഷനിൽ തുടരുന്നതിനായി ബോണ്ടുകൾ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
അതേസമയം മേധാ പട്കറിന് നാമമാത്രമായ പിഴയെങ്കിലും ചുമത്തണമെന്ന് സക്‌സേനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിങ് പറഞ്ഞു. 2024 ജൂലൈയില്‍ മേധാ പട്കര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി ദല്‍ഹിയിലെ സെഷന്‍സ് കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു.
എന്നാല്‍ മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് കോടതി അവര്‍ക്ക് പ്രൊബേഷന്‍ അനുവദിക്കുകയും ചെയ്തു. നഷ്ടപരിഹാര തുകയും പ്രൊബേഷന്‍ ബോണ്ടും സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.
പിന്നാലെ മേധക്കെതിരെ ദല്‍ഹി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും തുടര്‍ന്ന് അവര്‍ അറസ്റ്റിലാക്കപ്പെടുകയുമുണ്ടായി. നേരത്തെ മേധാ പട്കര്‍ക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതിയുംണ് ശരിവെച്ചിരുന്നു.
ഒരു ടി.വി ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെമേധാ പട്കര്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് വി.കെ. സക്‌സേന മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നത്. സക്സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്താക്കുറിപ്പ് ഇറക്കിയെന്നും പരാതിയുണ്ടായിരുന്നു. പ്രസ്തുത കേസില്‍ 2001 മുതല്‍ ഇരുവരും നിയമപോരാട്ടത്തിയിരുന്നു.