കന്‍വാര്‍ യാത്രയുടെ സമയത്ത് മാംസവില്പന നിരോധിക്കും: ദല്‍ഹി മന്ത്രി കപില്‍ മിശ്ര
India
കന്‍വാര്‍ യാത്രയുടെ സമയത്ത് മാംസവില്പന നിരോധിക്കും: ദല്‍ഹി മന്ത്രി കപില്‍ മിശ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 11:18 am

ദല്‍ഹി: കന്‍വാര്‍ യാത്രയുടെ സമയത്ത് വഴിയോരത്തെ മാംസക്കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഭരണകൂടത്തിന് അനുവദിക്കാന്‍ കഴിയില്ലെന്ന് ദല്‍ഹി മന്ത്രി കപില്‍ മിശ്ര. യാത്ര നടക്കുന്ന ഭാഗത്തെ വഴിയിലുള്ള കടകള്‍ക്ക് മാത്രമേ ഇത് ബാധകമാകുകയുള്ളോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. ജൂലൈ 11 മുതല്‍ 23 വരെയാണ് ഈ വര്‍ഷത്തെ കന്‍വാര്‍ തീര്‍ത്ഥാടനം.

‘മാംസം വില്‍ക്കുന്ന കടകള്‍ കന്‍വാര്‍ യാത്രയുടെ സമയത്ത് അടച്ചിടും. ഇതാണ് ഞങ്ങളുടെ തീരുമാനം. പല കടകളും പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണ്. അതെല്ലാം അടച്ചിടുകയാണ് വേണ്ടത്. പ്രത്യകിച്ച് കന്‍വാര്‍ യാത്രയുടെ സമയത്ത് ഇതെല്ലാം അടച്ചിടുക തന്നെ ചെയ്യും. നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയല്ല ഇതൊന്നും,’ കപില്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ദല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ തര്‍വീന്ദര്‍ സിങ് കന്‍വാര്‍ തീര്‍ത്ഥാടനം നടക്കുന്ന വഴികളില്‍ ദല്‍ഹിയിലുള്ള മദ്യശാലകളും മാംസക്കടകളും താത്കാലികമായി അടച്ചിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. തീര്‍ത്ഥാടനത്തിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കാന്‍ ഇത് സഹായകരമാകുമെന്നായിരുന്നു തര്‍വീന്ദര്‍ പറഞ്ഞത്.

‘കന്‍വാര്‍ യാത്ര നടക്കുന്ന വഴിയോരങ്ങളിലെ മദ്യശാലകളും മാംസശാലകളും താത്കാലികമായി അടച്ചുപൂട്ടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. തീര്‍ത്ഥാടനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനും ഇത് സഹായകരമാകുമെന്ന് ഞാന്‍ കരുതുന്നു,’ തര്‍വീന്ദര്‍ അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷവും കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. യാത്ര കടന്നുപോകുന്ന വഴികളില്‍ മുസ്‌ലിം നാമധാരികളുടെ പേരിലുള്ള കടകളുടെ ബോര്‍ഡില്‍ ഉടമകളുടെ പേര് എഴുതണമെന്ന വിചിത്രമായ ആവശ്യം യു.പി. പൊലീസ് മുന്നോട്ടുവെച്ചിരുന്നു. യു.പിക്ക് പിന്നാലെ ഉത്തരാഖണ്ഡ് പൊലീസും ഇതേ നീക്കവുമായി രംഗത്തെത്തുകയും ചെയ്തു. സുപ്രീം കോടതി ഈ ഉത്തരവ് പിന്നീട് സ്റ്റേ ചെയ്യുകയായിരുന്നു.

കന്‍വാര്‍ യാത്രയുടെ സമയത്ത് ഹരിദ്വാര്‍ മസ്ജിദ് ഷീറ്റിട്ട് മൂടിയതും വിവാദമായിരുന്നു. ജില്ലാ ഭരണകൂടമായിരുന്നു ഈ നീക്കത്തിന് പിന്നില്‍. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഷീറ്റ് നീക്കം ചെയ്യുകയായിരുന്നു.

Content Highlight: Meat Shops will be shut during Kanwar Yatra time saying Delhi Minister Kapil Mishra