മന്ത്രിയുടെ ശമ്പളവും മുന്‍ എം.പിയുടെ പെന്‍ഷനും വാങ്ങിയെന്ന പ്രചരണം; മീഡിയ വണ്ണിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ എം.ബി. രാജേഷ്
Kerala
മന്ത്രിയുടെ ശമ്പളവും മുന്‍ എം.പിയുടെ പെന്‍ഷനും വാങ്ങിയെന്ന പ്രചരണം; മീഡിയ വണ്ണിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ എം.ബി. രാജേഷ്
രാഗേന്ദു. പി.ആര്‍
Saturday, 7th March 2026, 3:08 pm

പാലക്കാട്: കടന്നപ്പള്ളി രാമചന്ദ്രനും താനും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എം.പിയുടെ പെന്‍ഷനും വാങ്ങിയെന്ന പ്രചരണത്തില്‍ മീഡിയ വണ്ണിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ/എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.

സമാനമായി വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എതിരെയും നിയമനടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

തെരഞ്ഞെടുപ്പായതോടെ ജമാഅത്തെ ഇസ്‌ലാമി ചാനലായ മീഡിയ വണ്‍ പുതിയ നുണ ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ടെന്നും ഇതില്‍ മൗദൂദി പരിവാറിന്റെ പണി പാളുമെന്നും എം.ബി. രാജേഷ് പറഞ്ഞു.

‘നിയമസഭാ സ്പീക്കറായ ശേഷം, 10.1.2022ന് ലോക്സഭാ സെക്രട്ടറി ജനറലിന് സ്പീക്കറെന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചുകൊണ്ടും അതുകുറച്ച് നിയമപ്രകാരം എന്റെ പെന്‍ഷന്‍ പുനര്‍നിശ്ചയിക്കണമെന്നും ഏതാനും മാസം അധികമായി എന്റെ അക്കൗണ്ടിലേക്ക് ലോക്സഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അയച്ച തുക ഡിഡക്റ്റ് ചെയ്യണമെന്നും അറിയിച്ച് ഞാന്‍ കത്തയച്ചിട്ടുണ്ട്. സത്യം ഇതാണ്,’ മന്ത്രി വ്യക്തമാക്കി.

നാല് വര്‍ഷം മുമ്പേ ഇക്കാര്യങ്ങളെല്ലാം ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതാണെന്നും മന്ത്രി പറയുന്നു. മന്ത്രിയായ ശേഷം ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് 17.02.2023ന് വീണ്ടും ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കിയിരുന്നു.

തുടര്‍ന്ന് ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം കുറച്ച് പെന്‍ഷന്‍ നിയമപ്രകാരം പുനക്രമീകരിച്ചതായും അതിനുമുമ്പ് നല്‍കിയ ഏതാനും മാസത്തെ തുക ഡിഡക്റ്റ് ചെയ്തതായും അറിയിച്ച് 22.05.23ന് ലോക്സഭാ സെക്രട്ടേറിയറ്റ് മറുപടി നല്‍കിയതായും മന്ത്രി അറിയിച്ചു.

ഈ വിഷയത്തില്‍ നിയമ ലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യസഭാ പേ ആന്‍ഡ് അക്കൗണ്ട് സെക്ഷനിലെ കത്തുപ്രകാരമാണ് മീഡിയ വണ്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ രാജ്യസഭയില്‍ അംഗമായിട്ടേയില്ലെന്നും മന്ത്രി പരിഹസിച്ചു.

തന്റെ കാര്യത്തില്‍ ഉത്തരവാദിത്തം ലോക്സഭാ സെക്രട്ടേറിയറ്റിനാണ്. പക മൂത്ത് കടന്നാക്രമിക്കാനുള്ള ആവേശത്തില്‍ അതൊന്നും വായിച്ചു പോലുമില്ല. താന്‍ രാജ്യസഭാംഗമായിരുന്നില്ല എന്ന വസ്തുതയൊന്നും നുണബോംബ് സ്‌ഫോടനം നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് പ്രശ്‌നമല്ലല്ലോയെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Content Highlight: MB Rajesh to take legal action against Media One for claiming to have taken a minister’s salary and a former MP’s pension

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.