കര്‍ണാടക വഖഫ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി മൗലാന ഷാഫി സഅദി ചുമതലയേറ്റു; നിയമനം പ്രത്യേക തസ്തിക സൃഷ്ടിച്ച്
national news
കര്‍ണാടക വഖഫ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി മൗലാന ഷാഫി സഅദി ചുമതലയേറ്റു; നിയമനം പ്രത്യേക തസ്തിക സൃഷ്ടിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 10:38 am

ബെംഗളൂരു: കര്‍ണാടക വഖഫ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി മൗലാനാ ഷാഫി സഅദി ചുമതലയേറ്റു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശ പ്രകാരം പ്രത്യേക തസ്തിക രൂപീകരിച്ചാണ് നിയമനം. മുഖ്യമന്ത്രി നേരിട്ടെത്തിയാണ് അദ്ദേഹത്തിന് നിയമന ഉത്തരവ് കൈമാറിയത്.

വഖഫ് മന്ത്രിയായ ബി. ഇസെഡ്. സമീര്‍ അഹമ്മദ് ഖാന്‍ അധ്യക്ഷനായ വഖഫ് കൗണ്‍സിലിന്റെ പ്രധാന ചുമതലകളിലൊന്നാണ് ബോര്‍ഡിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക എന്നത്. മുഖ്യമന്ത്രിയുടേയും ധനംവകുപ്പിന്റേയും അനുമതി കിട്ടിയതോടെയാണ് പുതിയ തസ്തിക സൃഷ്ടിക്കപ്പെട്ടത്.

കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തും കര്‍ണാടക വഖഫ് ബോര്‍ഡ് അധ്യക്ഷനായിരുന്നു സഅദി. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തെ എല്ലാ നാമനിര്‍ദേശ നിയമനങ്ങളും റദ്ദാക്കിയ കൂട്ടത്തില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങളും റദ്ദായി. എന്നാല്‍ പിന്നീട് നാല് വഖഫ് ബോര്‍ഡ് അംഗങ്ങളേയും ഒഴിവാക്കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും പിന്നീട് 2023ല്‍ സഅദിയുടെ കാലാവധി കഴിഞ്ഞതോടെ അദ്ദേഹം രാജിവെച്ചു.

എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് വന്നെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതില്‍ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. ഇതോടെ മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സയ്യിദ്‌ മുഹമ്മദ് അല്‍ ഹുസൈനി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളായ സമീര്‍ അഹമ്മദ് ഖാന്‍, യു.ടി. ഖാദര്‍ എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സഅദി. അതിനാല്‍ തന്നെ സഅദിക്ക് മറ്റൊരു നിര്‍ണായക സ്ഥാനം നല്‍കുമെന്ന് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്.

തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് വഖഫ് ബോര്‍ഡ് വൈസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ മൗലനാം ഷാഫി സഅദി പ്രതികരിച്ചു. വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ തനിക്ക് ഫെബ്രുവരിയില്‍ തന്നെ ക്ഷണം ലഭിച്ചിരുന്നെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അത് നീണ്ട് പോവുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.പി സുന്നി വിഭാഗം നേതാവാണ് സഅദി. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയം ബി.ജെ.പിയുടെ വിജയമായി അന്നത്തെ വഖഫ് മന്ത്രി ശശികല ജോലെ ചൂണ്ടിക്കാട്ടിയത് ഏറെ വിവാദമായിരുന്നു. അദ്ദേഹത്തിന് ബി.ജെ.പി സ്വീകരണവും നല്‍കിയിരുന്നു.

 നിലവില്‍ കര്‍ണാടക വഖഫ് കൗണ്‍സില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനുള്‍പ്പെടെ ഏഴ് അംഗങ്ങളാണ്‌ ഒമ്പതംഗ ഭരണസമിതിയാണുള്ളത്.

Content Highlight: Maulana Shafi Saadi takes charge as Vice President of Karnataka Waqf Council