'നിര്‍വ്യാജം ഖേദിക്കുന്നു'; സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ചിത്രം തെറ്റായി നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ന്യൂസ്
Mathrubhumi News Channel
'നിര്‍വ്യാജം ഖേദിക്കുന്നു'; സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ചിത്രം തെറ്റായി നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ന്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2018, 8:06 pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ന്യൂസ്. അബ്ദുള്ള അല്‍ മര്‍സൂഖിയുടേതെന്ന് പറഞ്ഞ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം മറ്റൊരു യു.എ.ഇ പൗരന്റേതായിരുന്നു. ഈ സംഭവത്തിലാണ് ചാനല്‍ ഇന്ന് ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തേ ചാനലിനെതിരെ യു.എ.ഇ പൗരന്‍ മാനനഷ്ടത്തിനു കേസ് കൊടുത്തിരുന്നു. 30.01.2018-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും മര്‍സൂഖിയുടെ ചിത്രം നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് കൊണ്ട് ഇന്ത്യയിലും യു.എ.ഇയിലുമടക്കം മര്‍സൂഖിയുടെ വ്യവസായ ബന്ധങ്ങളെ ബാധിച്ചുവെന്നുമാണ് കേസ്.

മാതൃഭൂമി ചാനല്‍ എഡിറ്റര്‍ക്കും മാനേജിങ് എഡിറ്റര്‍ ശ്രേയംസ് കുമാറിനുമാണ് നോട്ടീസ്. ചാനല്‍ വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്നും 5 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരി 13 കോടി രൂപ പറ്റിച്ചെന്നായിരുന്നു ആരോപണം. പണം തിരിച്ചു നല്‍കുന്നത് സംബന്ധിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അല്ലാത്ത പക്ഷം ബിനോയ് കോടിയേരിക്കെതിരെ കേരളത്തിലെത്തി മര്‍സൂഖി പത്രസമ്മേളനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മാതൃഭൂമി ന്യൂസിന്റെ ഖേദപ്രകടനം പൂര്‍ണ്ണരൂപത്തില്‍:

തെറ്റായ ചിത്രം നല്‍കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു

ബിനോയ് കോടിയേരിയുടെ വാര്‍ത്തയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് നല്‍കിയ ചിത്രം തെറ്റായിരുന്നു. അബ്ദുള്ള അല്‍ മര്‍സൂഖിയുടേതെന്ന് പറഞ്ഞ് നല്‍കിയ ചിത്രം മറ്റൊരു യു.എ.ഇ പൗരന്റെതായിരുന്നു. ഇതില്‍ മാതൃഭൂമി ന്യൂസ് നിര്‍വ്യാജം ഖേദിക്കുന്നു.