മാതൃഭൂമി മനോരമക്ക് വേണ്ടി എഡിറ്റോറിയലെഴുതിയപ്പോള്‍…
Daily News
മാതൃഭൂമി മനോരമക്ക് വേണ്ടി എഡിറ്റോറിയലെഴുതിയപ്പോള്‍…
ന്യൂസ് ഡെസ്‌ക്
Thursday, 3rd November 2011, 12:22 pm

കെ.എം ഷഹീദ്

കോഴിക്കോട്ടെ നാടും നഗരവും ഇപ്പോഴൊരു സമരമുഖത്താണ്. സമരത്തിന്റെ അലയൊലികള്‍ മലബാറിലെ മറ്റുജില്ലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യാവകാശത്തിനും വായനക്കാരന്റെ അറിയാനുള്ള അവകാശത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന് മുഖപ്രസംഗമെഴുതുന്ന കേരളത്തിലെ മുത്തശ്ശി പത്രങ്ങള്‍ പക്ഷെ ഈ സമരത്തിന് അത്തരം യാതൊരു അവകാശങ്ങളും വകവെച്ചുനല്‍കുന്നില്ല. സമരത്തെക്കുറിച്ച് ഈ പത്രങ്ങള്‍ ഇതേവരെ ഒരു വാര്‍ത്തയും നല്‍കിയിട്ടില്ല. ഇനി അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യാനും സാധ്യതയില്ല. കാരണം സമരം ഈ രണ്ട് കുത്തക പത്രങ്ങളുടെ മാനേജ്‌മെന്റ് ധാര്‍ഷ്ട്യത്തിനെതിരെയാണ്. കേരളത്തിലെ ഒരു സംഘടനക്കും ഇതുപോലെ മാധ്യമ അവഗണന നേരിട്ട് സമരം ചെയ്യേണ്ട ഗതികേടുണ്ടായിട്ടുണ്ടാവില്ല.

കഴിഞ്ഞ സെപ്തംബര്‍ 22ന് കേരളം മുമ്പൊരിക്കലും കാണാത്ത ആ സമരം നടന്നു. മലയാള മനോരമ (Malayala Manorama) പത്രവിതരണം ബഹിഷ്‌കരിച്ചുകൊണ്ടുള്ള ഏജന്റുമാരുടെ സമരമായിരുന്നു അത്. പത്രക്കെട്ടുകള്‍ തോളില്‍ ചുമന്ന് ഏജന്റുമാര്‍ കോഴിക്കോട്ടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പത്രക്കെട്ടുകള്‍ ഓഫീസിന്റെ മുമ്പില്‍ കുന്നൂകൂടി. ഇത്രയും കാലം മുതലാളി തള്ളുന്ന പത്രക്കെട്ടുകള്‍ ചുമന്ന് കൊണ്ടുപോയി ഓരോ വീട്ടിലുമെത്തിച്ചിരുന്ന, പത്ര ഉടമകള്‍ ആജ്ഞാപിക്കുന്നത് വിനീത വിധേയരായ അനുസരിച്ചിരുന്നവര്‍ സ്വന്തം അവകാശം സംരക്ഷിക്കാനായി മനോരമ ഓഫീസിന് മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. മനോമരമയുടെ ധാര്‍ഷ്ട്യത്തിനെതിരെ പത്രമുത്തശ്ശിയുടെ പൂമുഖത്ത് പൊതുയോഗം ചേര്‍ന്ന്  തൊഴിലാളികള്‍ നെഞ്ചുവിരിച്ച് സംസാരിച്ചു. ഇത്രയും കാലം അടക്കിവെച്ച രോഷം മനോരമയുടെ ഓഫീസിന് മുന്നില്‍ അണപൊട്ടിയൊഴുകി.

വിരലിലെണ്ണാന്‍ കഴിയുന്നതിലും കൂടുതല്‍ പത്രങ്ങള്‍ കേരളത്തിലുണ്ട്. നേരം പുലരും മുമ്പ് എഴുന്നേറ്റ് കുഗ്രാമങ്ങളില്‍ പോലും പത്രക്കെട്ടുകള്‍ ചുമന്ന് ഓരോ വീട്ടിലുമെത്തിക്കുന്ന വിതരണ തൊഴിലാളിയാണ് ഈ പത്രങ്ങളെ നാട്ടുകാരിലെത്തിക്കുന്നത്. ഏഴാംകൂലി ഏജന്റുമാരെന്ന് ഈ മുതലാളിമാര്‍ കരുതുന്ന വിതരണ തൊഴിലാളികളില്ലെങ്കില്‍ “സുപ്രഭാതവും” യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി”യും സ്വന്തം ഓഫീസുകളില്‍ അന്തിയുറങ്ങും. മൂക്കിന് മുമ്പിലെ ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ മുതലാളിമാര്‍ തയ്യാറാകാതിരുന്നപ്പോഴാണ് അവര്‍ക്ക് സംഘടിക്കേണ്ടി വന്നത്.  ഈ സംഘടനയെ ഒരിക്കലും അംഗീകരിക്കില്ലെന്നാണ് മുത്തശ്ശിമുതലാളിമാരുടെ വെയ്പ്പ്. പത്രവിതരണത്തെ ഒരു തൊഴിലായി അംഗീകരിക്കാനോ പത്ര വിതരണക്കാരെ മനുഷ്യരായിക്കാണാനോ മുതലാളിമാര്‍ തയ്യാറല്ല. ഏജന്റുമാര്‍ക്ക് അവകാശങ്ങളില്ല. മുതലാളിയുടെ കാര്യസ്ഥന്‍മാരോട് പോലും സംസാരിക്കാന്‍ അവര്‍ക്ക് അധികാരമില്ല.

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രവിതരണ തൊഴിലാളിക്ക് കമ്മീഷന്‍ 35 ശതമാനം. വര്‍ഷങ്ങള്‍ കഴിയുന്തോറും ശതമാനം കുറയാന്‍ തുടങ്ങി. ഇപ്പോള്‍ 25ലെത്തി നില്‍ക്കുന്നു. രാജ്യം വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന്് മുതലക്കണ്ണീരൊഴുക്കിയവര്‍ പത്ര വിതരണത്തൊഴിലാളിയുടെ കൂലി വെട്ടിച്ചുരുക്കുന്നു. 35 വര്‍ഷത്തിനുള്ളില്‍ പത്രത്തിന്റെ വില രണ്ടിരട്ടിയായി എന്നാല്‍ കമ്മീഷന്‍ പകുതിയായി. കേരളത്തിലെ എല്ലാ പത്രങ്ങളും ഏജന്റുമാര്‍ക്ക് നല്‍കുന്ന കമ്മീഷന്റെ കണക്കാണിത്. കമ്മീഷന്‍ 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടു.

വാരാന്ത്യ, ആഘോഷ സപ്ലിമെന്റുകള്‍ മുതലാളി ഒന്നായി ഒരുകെട്ടാക്കി ഏജന്റുമാരുടെ തലയില്‍ തള്ളുകയാണ് ചെയ്യാറ്. അത് പെറുക്കിവെച്ച് ദിനപത്രത്തിനുള്ളില്‍ അടുക്കുന്ന ഡ്യൂട്ടി ഏജന്റുമാര്‍ക്കാണ്. എന്നാല്‍ ഇതിന് ആനുപാതികമായി കൂലി ചോദിക്കുമ്പോള്‍ മുതലാളിയുടെ മുഖഭാവം മാറും. അധിക ജോലിക്ക് അധിക കൂലിയില്ല. ഇതിന് ഏറ്റവും ചുരുങ്ങിയത് മാടമ്പിത്തരമെന്ന് പറയാം.

പത്രങ്ങളുടെ കൂടെ നല്‍കുന്ന സ്‌പെഷ്യല്‍ സ്പ്ലിമെന്റുകള്‍ക്ക് പ്രത്യേകം കമ്മീഷന്‍ ഏജന്റുമാര്‍ക്ക് അനുവദിക്കാറില്ല. ലക്ഷങ്ങള്‍ പരസ്യം വാങ്ങിയിറക്കുന്ന ഈ സപ്ലിമെന്റ് വായനക്കാരിലെത്തിച്ചാല്‍ തൊഴിലാളിക്ക് ചെരിപ്പ് വേഗം തേഞ്ഞുകിട്ടും. മുതലാളിക്ക് ലക്ഷങ്ങള്‍ പോക്കറ്റിലുമാകും. പത്രങ്ങളുടെ ഫ്രീ കോപ്പികള്‍ക്കും സ്‌കീം കോപ്പികള്‍ക്കും മുഴുവന്‍ കമ്മീഷനും നല്‍കാനും ഉടമകള്‍ തയ്യാറല്ല. എന്തെങ്കിലും കാരണവശാല്‍ കമ്പനി തടഞ്ഞുവെക്കുന്ന പത്രം പിന്നീട് അയക്കുക, അതിന് ബില്ലിടുക, ഏജന്റുമാര്‍ മുന്‍കൂട്ടി ആവശ്യപ്പെടാതെ പത്രങ്ങളോ മറ്റ് പ്രസിദ്ധീകരണങ്ങളോ അയച്ചുകൊടുക്കുക ഇതൊക്കെയാണ് മുതലാളിയുടെ ലീലാവിലാസങ്ങള്‍.

ഈ ധാര്‍ഷ്ട്യത്തിനെതിരെയാണ് ഏജന്റുമാര്‍ ഒരുമിക്കാന്‍ തീരുമാനിച്ചത്. കേരള ന്യൂസ്‌പേപ്പര്‍ ഏജന്‍സി യൂണിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2010 ജുലൈ 17ന് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിക്കും (ഐ.എന്‍.എസ്) പത്ര മുതലാളിമാര്‍ക്കും ഒരു നോട്ടീസ് നല്‍കി. പത്രമുതലാളിമാര്‍ ഏജന്റമാരുടെ ആവശ്യങ്ങള്‍ കേട്ടഭാവം നടിച്ചില്ല. മുതാളിയുടെ കണ്ണുതുറപ്പിക്കാന്‍ പത്രം ഓഫീസുകള്‍ക്ക് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാന്‍ ഏജന്റമാര്‍ തരുമാനിച്ചു. 2011 ജനുവരി 27ന് ഐ.എന്‍.എസ് റീജ്യണല്‍ ചെയര്‍മാന്‍ പി.വി ചന്ദ്രന്റെ ഡയരക്ടറായ മാതൃഭൂമിയുടെ ഓഫീസുകള്‍ക്ക് മുമ്പില്‍ ഉച്ചവരെ സത്യഗ്രഹമിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് അതും കണ്ടില്ലെന്ന് നടിച്ചു.

അങ്ങിനെയാണ് ഓഗസ്റ്റ് 16ന് പാലക്കാട് സമരപ്രഖ്യാപനം നടത്താന്‍ ഏജന്റുമാര്‍ തീരുമാനിച്ചത്. സെപ്തംബര്‍ മൂന്നിന് സംസ്ഥാനത്തുടനീളം പത്രവിതരണം നടത്താതെ സമരം നടത്താന്‍ അവര്‍ തീരുമാനിച്ചു. സമരപ്രഖ്യാപന പ്രമേയത്തിന്റെ കോപ്പിയും സമര നോട്ടീസും ഐ.എന്‍.എസിനും ഉടമകള്‍ക്കും അയച്ചുകൊടുത്തു. ഇതിന് പുറമെ പത്രങ്ങളുടെ ജില്ലാ ബ്യൂറോയിലേക്ക് മാര്‍ച്ചു ഇതു സംബന്ധിച്ച റിലീസ് നല്‍കി. ബ്യൂറോകളിലേക്ക് മാര്‍ച്ച് നല്‍കിയത് ഒരു പ്രതിഷേധം കൂടിയായിരുന്നു. തങ്ങളുടെ സമ്മേളനങ്ങളും സമരങ്ങളും ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യാത്ത പത്രങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായിട്ടായിരുന്നു ആ മാര്‍ച്ച്.

അങ്ങിനെ മലബാര്‍ മേഖലയില്‍ പത്രവിതരണം ബഹിഷ്‌കരിച്ച് ഓഗസ്റ്റ് മൂന്നിന് സമരം നടന്നു. അന്നേദിവസം പത്രങ്ങള്‍ തങ്ങള്‍ക്ക് അയക്കരുതെന്ന് ഏജന്റുമാര്‍ ഓഫീസില്‍ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മാനേജ്‌മെന്റുകള്‍ അത് അവഗണിച്ചു. പതിവുപോലെ പത്രങ്ങള്‍ ഏജന്റുമാര്‍ക്ക് വിതരണം ചെയ്തു. ചിലയിടങ്ങളില്‍ പോലീസ് അകമ്പടിയോടെയായിരുന്നു പത്രക്കെട്ടുകള്‍ എത്തിച്ചത്. ഏജന്റുമാരുടെ പ്രതിഷേധമുയര്‍ന്നു. പലയിടത്തും കെട്ടുകള്‍ തിരിച്ചയച്ചു. ചിലയിടങ്ങളില്‍ പത്രങ്ങള്‍ കൂട്ടിയിട്ട് തീയിട്ടു. അന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും ദിനപത്രങ്ങളെത്തിയില്ല.

തങ്ങളുടെ സമരത്തെ വളരെ ധിക്കാരത്തോടെയാണ് മലയാള മനോരമയും മാതൃഭൂമിയും കണ്ടതെന്ന് ഏജന്റുമാര്‍ പറയുന്നു. ഓഗസ്റ്റ് മൂന്നിന് സമരം നടന്ന ദിവസം വിതരണം ചെയ്യാത്ത പത്രത്തിന് പണം ഈടാക്കിക്കൊണ്ട് പത്ര ഓഫീസുകളില്‍ നിന്നും ഏജന്റുമാര്‍ക്ക് ബില്ല് പോയി. ഏജന്റുമാര്‍ പത്ര ഓഫീസുകളിലേക്ക് വിളിച്ച് ഓഗസ്റ്റ് മൂന്ന് ബില്ലില്‍ നിന്നും വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെട്ടു. ചെറുകിട പത്രങ്ങള്‍ എല്ലാം ബില്ല് ഒഴിവാക്കിക്കൊടുക്കുകയോ അടുത്ത മാസത്തേക്ക് ചേര്‍ക്കുകയോ ചെയ്തു. എന്നാല്‍ മനോരമയില്‍ നിന്നും മാതൃഭൂമയില്‍ നിന്നും ഈ നീതിയുണ്ടായില്ല. അവര്‍ ഓഗസ്റ്റ് മൂന്നിലെ പത്രത്തിന്റെ പണം നല്‍കണമെന്ന് കര്‍ക്കശമായി ഏജന്റുമരോട് നിര്‍ദേശിച്ചു. എന്നാല്‍ ഏജന്റുമാര്‍ നിലപാടില്‍ ഉറച്ചു നിന്നു.

എന്നാല്‍ ഒക്ടോബര്‍ 21ന് കോഴിക്കോട് ജില്ലയിലെ ആറ് ഏജന്റുമാരുടെ പത്രം കട്ടു ചെയ്താണ് മനോരമ അതിന് പ്രതികാരം ചെയ്തത്. മനോരമയുടെ ധാര്‍ഷ്ട്യം കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ ഏജന്റുമാര്‍ക്ക് കഴിഞ്ഞില്ല. കോഴിക്കോട് ജില്ലയില്‍ മുഴുവനായി മനോരമ വിതരണം ബഹിഷ്‌കരിക്കാന്‍ ഏജന്റുമാര്‍ തീരുമാനിച്ചു. മനോരമ ഓഫീസിലെത്തി ഏജന്റുമാര്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചു. അന്നു മുതല്‍ ഇന്നുവരെ കോഴിക്കോട് ജില്ലയില്‍ മനോരമ വിതരണം നടക്കുന്നില്ല. കോഴിക്കോട്ട് മനോരമ വിതരണമാണ് തടസ്സപ്പെട്ടതെങ്കില്‍ കണ്ണൂരില്‍ മാതൃഭൂമി വിതരണവും ഇപ്പോള്‍ ഏജന്റുമാര്‍ ബഹിഷ്‌കരിച്ചിരിക്കയാണ്.

കുത്തകപത്രങ്ങളുടെ നിലപാടിനെതിരെ കഴിഞ്ഞ ദിവസം മലബാര്‍ മേഖലയിലെ ഏജന്റുമാര്‍ ഒന്നാകെ മനോരമ ഓഫീസിലേക്ക് പത്രക്കെട്ടുകള്‍ ചുമന്ന് മാര്‍ച്ച് നടത്തി പ്രതിഷേധിക്കുകയുണ്ടായി. നവംബര്‍ ഒന്നിന് മലബാര്‍ ജില്ലകളില്‍ പത്രവിതരണം തടസ്സപ്പെടുത്തി ജീവനക്കാര്‍ തങ്ങളുടെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചു.

അറിയാനുള്ള അവകാശം അഥവാ അവകാശ നിഷേധം

കോഴിക്കോട് ടൗണിലും ജില്ലയുടെ മറ്റു ചില ഭാഗങ്ങളിലും മലയാള മനോരമയുടെ ഏജന്റുമാരെയും വിതരണക്കാരെയും സമ്മര്‍ദത്തില്‍ നിര്‍ത്തി ഒരു സംഘടന ഒക്ടോബര്‍ 22 മുതല്‍ പത്രവിതരണം തടസ്സപ്പെടുത്തുന്നുവെന്നത് ഖേദകരമാണ്. മനോരമയുടെയും മറ്റു ദിനപ്പത്രങ്ങളുടെയും വായനക്കാര്‍ക്കിടയില്‍ അടിസ്ഥാനരഹിതമായ ചില സംഗതികള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐ.എന്‍.എസ്.) റീജ്യണല്‍ കമ്മിറ്റി പത്രമേഖലയെ സംബന്ധിച്ച് താഴെപ്പറയുന്ന അടിസ്ഥാനവസ്തുതകള്‍ ബഹുമാന്യ വായനക്കാരെയും പൊതുസമൂഹത്തെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.
1. മലയാളം ദിനപ്പത്രങ്ങള്‍ ഏജന്റുമാര്‍ക്ക് വളരെ ചെറിയ തുക മാത്രമേ കമ്മീഷന്‍ നല്കുന്നുള്ളൂവെന്ന പ്രചാരണം ശരിയല്ല. എല്ലാ പ്രമുഖ ദിനപ്പത്രങ്ങളും പത്രമൊന്നിന് 32.50 രൂപ കമ്മീഷന്‍ ആയി പ്രതിമാസം നല്കുന്നുണ്ട്.
2. മറ്റു മലയാള പ്രസിദ്ധീകരണങ്ങളുടെ ഓരോ കോപ്പിയിലും 25 ശതമാനം വീതം കമ്മീഷന്‍ ഏജന്റുമാര്‍ക്ക് ലഭിക്കുന്നുണ്ട്.
3. പത്രസ്ഥാപനവും ഏജന്റുമാരും തമ്മില്‍ തൊഴിലാളിതൊഴിലുടമ ബന്ധമല്ല നിലവിലുള്ളത്. കമ്മീഷന്‍ അടിസ്ഥാനത്തിലുള്ള ഒരു ബിസിനസ് എന്ന നിലയിലാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ മലയാള മനോരമയുടെ വിതരണം സംഘടിതമായി തടസ്സപ്പെടുത്തുന്ന നടപടി, പത്രസ്വാതന്ത്ര്യത്തിന്റെയും ബഹുമാന്യവായനക്കാരുടെ അറിയാനുള്ള അവകാശത്തിന്റെയും വ്യക്തമായ ലംഘനമാണ്. മനോരമ ദിനപ്പത്രത്തിന്റെ വിതരണം ബലം പ്രയോഗിച്ച് തടസ്സപ്പെടുത്തുന്ന നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ എത്രയും വേഗം പിന്മാറണമെന്ന് പൊതുതാത്പര്യം പരിഗണിച്ച് ഐ.എന്‍.എസ്. അഭ്യര്‍ഥിക്കുന്നു. വായനക്കാര്‍ക്ക് താത്പര്യമുള്ള ദിനപ്പത്രം വായിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കാന്‍ ബഹുമാന്യ പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

എന്ന്,

ചെയര്‍മാന്‍, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍
സൊസൈറ്റി, കേരള റീജ്യണല്‍ കമ്മിറ്റി

310-10-2011ന് കൊച്ചിയില്‍ ചേര്‍ന്ന ഐ.എന്‍.എസ് റീജ്യണല്‍ കമ്മിറ്റി യോഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണിത്. ഒട്ടുമിക്ക പത്രങ്ങളും ഇത് ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ചു. ഏജന്റുമാരുടെ സമരത്തെ മുക്കിയ പത്രങ്ങള്‍ സമരത്തിനെതിരെയുള്ള പ്രസ്താവന ഒന്നാം പേജില്‍ കൊടുത്തു. ഇതാണ് മുകളില്‍ കൊടുത്ത റിലീസില്‍ ഐ.എന്‍.എസ് വലിയ വായില്‍ പറഞ്ഞ വായനക്കാരന്റെ അറിയാനുള്ള അവകാശം. തങ്ങള്‍ക്കിഷ്ടമില്ലാത്തതൊന്നും വായനക്കാരന്‍ അറിയേണ്ടെന്നാണ് മുതലാളിമാരുടെ ശാഠ്യം. ദേശാഭിമാനിയും തേജസും ഒഴികെ എല്ലാ പത്രങ്ങളും ഐ.എന്‍.എസ് റിലീസ് ഗംഭീരമായിത്തന്നെ വായനക്കാരിലെത്തച്ചു.

കോഴിക്കോട്ടെ മനോരമ ബഹിഷ്‌കരണത്തിനെതിരെ മാതൃഭൂമി ദിനപത്രം എഡിറ്റേറിയലെഴുതി. കുടിയാന്‍ സമരം ചെയ്യുമ്പോള്‍ ജന്മിമാര്‍ ഒന്നാകുമല്ലോ…വായനക്കാരന്റെ അറിയാനുള്ള അവകാശത്തിനെതിരെ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സിംഹ ഗര്‍ജ്ജനമാണ് നടത്തുന്നത്.

” മാധ്യമ സ്വാതന്ത്ര്യത്തെ പരിഷ്‌കൃത സമൂഹം ജനങ്ങളുടെ സ്വാതന്ത്ര്യമായിത്തന്നെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ അത് ഏതുസാഹചര്യത്തിലും പരിരക്ഷിക്കപ്പെടണമെന്ന് ജനങ്ങളും ജനാധിപത്യ മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ഭരണാദികാരികളും ആഗ്രഹിച്ചുപോരുന്നു. ഭരണ ഘടന ഉറപ്പുവരുത്തുന്ന അറിയാനുള്ള അവകാശം ഉറപ്പുവരുത്തലും ഈ സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ ഭാഗം തന്നെയാണ്. മാധ്യമങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ നേരെ കേരളത്തില്‍ പലപ്പോഴും ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വസ്തുക്കള്‍ മാധ്യമങ്ങളില്‍ എത്തുന്നത് തടയലാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അതിന്റെ മറ്റൊരു ആപത്കരമായ മുഖമാണ് കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും മനോരമ പത്രം വിതരണം ചെയ്യുന്നത് തടയുന്നവരുടെ നടപടിയില്‍ കാണുന്നത്”… ഇങ്ങിനെ പോകുന്നു മാതൃഭൂമിയുടെ മുഖപ്രസംഗം…

മനോരമ പത്ര വിതരണം ഏജന്റുമാര്‍ ബഹിഷ്‌കരിക്കുന്നതിനെതിരെ മാതൃഭൂമി എഴുതിയ എഡിറ്റോറിയലിലെ ഭാഗമാണിത്. അറിയാനുള്ള അവകാശത്തെക്കുറിച്ച് വായനക്കാരെ ബേധവാന്‍മാരാക്കുന്ന മാതൃഭൂമി ന്യൂസ് പേപ്പര്‍ ഏജന്റസ് അസോസിയേഷന്റെ ഒരു വാര്‍ത്ത പോലും ഇത്രയും കാലം പ്രസിദ്ധീകരിച്ചില്ലെന്നതാണ് ഏറ്റവും കൗതുകകരം. പത്രങ്ങള്‍ “മുക്കുന്ന” മറ്റു വാര്‍ത്തകളുടെ കാര്യം ഇവിടെ സൂചിപ്പിക്കുന്നില്ല. സമരത്തിനെതിരെ ഭരണകൂട ഇടപെടലുണ്ടാവുമെന്ന് പറയാതെ പറയാനും ആ എഡിറ്റോറിയല്‍ ശ്രമിക്കുന്നുണ്ട്. പത്ര ഏജന്റുമാരുടെ യൂണിയനെ ഒരു സംഘടനയെന്നാണ് മാതൃഭൂമിയുടെ എഡിറ്റോറിയല്‍ വിശേഷിപ്പിക്കുന്നത്. അഥവാ അഥസ്ഥിതന്റെ പേര് ചൊല്ലി വിളിക്കാതിരുന്ന പഴയ ജന്മിയുടെ അഹങ്കാരം.

കെ.എം മാത്യു മരിച്ചാലും ഏജന്റുമാര്‍ സഹിക്കണം

2010 ഓഗസ്റ്റ് ഒന്നിനാണ് മനോരമ പത്രമുടമ കെ.എം മാത്യു അന്തരിച്ചത്. കേരളത്തിലെ മാധ്യമ ലോകം മരണം വന്‍ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരണം പ്രമാണിച്ച് മനോരമ ഏജന്റ്‌സിന് കെട്ടിനൊപ്പം 50ഉം 100ഉം പത്രങ്ങള്‍ ചോദിക്കാതെ അധികമായി അയച്ചുകൊടുത്തു. മാത്യു മരിക്കുമ്പോള്‍ ആളുകള്‍ തേടിപ്പിടിച്ച് മനോരമ വാങ്ങിക്കുമെന്ന് മുതലാളിമാര്‍ വ്യാമോഹിച്ചിട്ടുണ്ടാകും. പക്ഷെ അങ്ങിനെ സഭവിച്ചില്ല. ഒരു വീട്ടില്‍ ഒന്നിലധികം മനോരമ നല്‍കാനാവില്ലല്ലോ… അധികമായി അയച്ച മനോരമ അങ്ങിനെ തന്നെ കിടന്നു. ബാക്കിയുള്ള പത്രങ്ങള്‍ ചിലവായില്ലെന്ന് കാണിച്ച് ഏജന്റുമാര്‍ തിരിച്ചയച്ചു. എന്നാല്‍ ആ മാസം ബില്ലു വന്നപ്പോള്‍ അധികമയച്ച പത്രവും ഉള്‍പ്പെടുത്തിയെന്ന് ഏജന്റുമാര്‍ പറയുന്നു. ഞങ്ങള്‍ തോന്നുമ്പോലെ പത്രങ്ങളയക്കും, എല്ലാം നിങ്ങള്‍ വിറ്റഴിക്കണം, വില്‍പ്പന നടന്നില്ലെങ്കിലും സാരമില്ല ഞങ്ങള്‍ക്ക് പണം വേണം. ഇതാണ് നയം.

2008ല്‍ മനോരമ പത്ര വിതരണക്കാരനായ വിദ്യാര്‍ത്ഥി കോഴിക്കോട് പാവങ്ങാട് വെച്ച് അപകടത്തില്‍പ്പെട്ട് മരിച്ചപ്പോള്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ മനോരമക്ക് കത്ത് നല്‍കിയെങ്കിലും അവര്‍ പരിഗണിച്ചില്ല. ഇതു സംബന്ധിച്ച് അപേക്ഷ നല്‍കാനെത്തിയ തങ്ങളെ സര്‍ക്കുലേഷന്‍ ഡെപ്യൂട്ടി മാനേജര്‍ അപമാനിച്ചതായി ഏജന്റ് അസോസിയേഷന്‍ പരാതിപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കെ.എം മാത്യുവിന് അപേക്ഷ നല്‍കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. പത്ര ഏജന്റുമാരോ വിതരണക്കാരോ മരിച്ചാലെന്ത്, ജീവിച്ചാലെന്ത്.


ഏജന്റുകള്‍ക്ക് സംഘടിക്കാന്‍ അവകാശമില്ല, അവരുമായി സംസാരിക്കില്ല

പത്ര ഏജന്റുമാര്‍ക്ക് സംഘടിക്കാന്‍ അവകാശമില്ലെന്നും സംഘടനയെ തങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നുമാണ് കുത്തകപത്രങ്ങളുടെ നിലപാട്. കോഴിക്കോട്ടെ സമരം ശക്തമായി തുടരുമ്പോള്‍ കാലിക്കറ്റ് ചേംബറിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച എവിടെയുമെത്താതെ പോയതിന് കാരണവും മാനേജ്‌മെന്റിന്റെ ഈ നിലപാടാണ്. പ്രശ്‌നം തീര്‍ക്കാന്‍ കാലിക്കറ്റ് ചേംബര്‍ ഇടപെടാമെന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ അംഗീകരിക്കുകയായിരുന്നുവെന്ന് ഏജന്റുമാര്‍ പറയുന്നു. തുടര്‍ന്ന് ഏജന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തങ്ങളുടെ നിലപാട് ചേംബര്‍ അധികൃതരോട് വിശദീകരിച്ചു.

ഇക്കാര്യം പത്ര ഉടമകളോട് സംസാരിച്ചപ്പോള്‍ ഓഗസ്റ്റ് മൂന്നിന്റെ പത്രത്തിന്റെ ബില്ല് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് ഭാഗത്ത് നിന്ന് മറുപടി വന്നു. എന്നാല്‍ ഇക്കാര്യം ഏജന്റസ് അസോസിയേഷന്‍ നേതാക്കളുമായി ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യാന്‍ മുതലാളിമാര്‍ തയ്യാറല്ല. അതായത് ജന്‍മി കുടിയാന്‍ ബന്ധം. ഏജന്റ്‌സ് എന്നത് പത്ര ജന്മിയുടെ കുടിയാനാണ്. കുടിയാന്‍ ഒരു ദിവസം സംഘടയുമായി വന്നാല്‍ ജന്മി അവനോട് ചര്‍ച്ചക്ക് പോവുകയോ.. ഏഭ്യത്തരം… പത്ര ഉടമകളുടെ ഈ പിന്തരിപ്പന്‍ നിലപാടില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് ചേംബര്‍ മധ്യസ്ഥ ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങി.

സമരം പൊളിക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുകയാണിപ്പോള്‍ മനോരമ പത്രം. കോഴിക്കോട് മനോരമ പത്രം ബഹിഷ്‌കരിച്ചപ്പോള്‍ അതിന് ആനുപാതികമായി മാതൃഭൂമി പത്രം വരുത്തി ഏജന്റുമാര്‍ വീട്ടില്‍ കൊടുക്കാന്‍ തുടങ്ങി. എന്നാല്‍ ഉടന്‍ മനോരമ ഇടപെട്ട് ഈ ശ്രമം തടഞ്ഞു. അധിക കോപ്പി തരില്ലെന്ന് ഏജന്റുമാരെ മാതൃഭൂമി ഓഫീസില്‍ നിന്ന് അറിയിച്ചു. ബഹിഷ്‌കരണം വന്നപ്പോള്‍ മനോരമ പത്രം ഓഫീസില്‍ വെച്ച് സൗജന്യമായി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായി. എന്നാല്‍ ഇത് മാതൃഭൂമിയെ വിഷമിപ്പിച്ചു. അങ്ങിനെ സൗജന്യ വിതരണം ഒഴിവാക്കി. പകരം മൂന്ന് രൂപക്ക് പത്രം നല്‍കിത്തുടങ്ങി.

ഇതിന് പുറമെ ചില ഫഌാറ്റുകളിലും ഹൗസിങ് കോളനികളിലും മനോരമയുടെ ഫീല്‍ഡ് ഓഫീസര്‍മാര്‍ നേരിട്ടെത്തി വരിക്കാര്‍ക്ക് പത്രം നല്‍കാനുളള ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഒന്നും വിജയിക്കുന്നില്ലെന്ന് മാത്രം. ” ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ തങ്ങള്‍ തയ്യാറല്ല, പക്ഷെ ഈ ധാര്‍ഷ്ട്യം ഒഴിവാക്കണം. മാതൃഭൂമിയും മനോരമയും മാത്രമാണ് തങ്ങളോട് അടിമകളെപ്പോലെ പെരുമാറുന്നത്. ഒരു ചര്‍ച്ചക്ക് പോലും അവര്‍ തയ്യാറാവുന്നില്ല. ഇങ്ങിനെ മുന്നോട്ട് പോകാന്‍ തയ്യാറല്ല” ന്യൂസ് പേപ്പര്‍ ഏജന്റ്‌സ്് സംസ്ഥാന കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ കെ.കെ ബാവ പറയുന്നു. പുതിയ സമരമുഖം തുറക്കുന്നതിന്റെ ആലോചനയിലാണ് ഏജന്റുമാര്‍. ഇത് കമ്മീഷന് വേണ്ടിയുള്ള സമരമല്ല, മറിച്ച് പത്രവിതരണ തൊഴിലാളികളെ അംഗീകരിക്കാനാവാത്ത രണ്ടു പത്രങ്ങളുടെ അഹങ്കാരത്തിനെതിരെയുള്ള സമരമാണ്…

Kerala News in English

Malayalam News

Key Words: Mathrubhumi Malayalam News Paper, Malayalam News Paper, Malayala Manorama Malayalam News Paper, Mathrubhumi, Malayalamanorama , Malayalamanorama News