നായകനാണെന്ന തോന്നല്‍ എനിക്കില്ല; സംവിധായകനാണ് സിനിമയെ നയിക്കുന്ന ആള്‍: മാത്യു തോമസ്
Malayalam Cinema
നായകനാണെന്ന തോന്നല്‍ എനിക്കില്ല; സംവിധായകനാണ് സിനിമയെ നയിക്കുന്ന ആള്‍: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th October 2025, 9:02 pm

സിനിമയില്‍ നായകനാണെന്ന തോന്നല്‍ തനിക്ക് ഇല്ലെന്ന് നടന്‍ മാത്യു തോമസ്. നെല്ലികാം പൊയില്‍ നൈറ്റ് റൈഡേഴ്‌സാണ് മാത്യവിന്റേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് മാത്യു.

നായകന്‍, സഹകഥാപാത്രം, സിനിമയെ ലീഡ് ചെയ്യുന്ന ആള്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

‘സിനിമയില്‍ നായിക, നായകന്‍ എന്നിവര്‍ക്ക് പ്രാധാന്യമുണ്ടെങ്കില്‍പ്പോലും സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണ് എന്ന് കരുതാനാണ് എനിക്കിഷ്ടം. സംവിധായകന്റെ വീക്ഷണമാണ് സിനിമ. സംവിധായകനാണ് സിനിമയെ നയിക്കുന്ന ആള്‍. നമ്മള്‍ അതിന്റെ ഭാഗമാണ്.

ഈ സിനിമയില്‍ ഞാന്‍ നായകനാണ് എന്നൊരു തോന്നല്‍ എനിക്കില്ല. സഹകഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നവരുടെ സഹായമില്ലാതെ എനിക്ക് ഒറ്റയ്ക്ക് ഒന്നും തന്നെ ചെയ്യാനാവില്ല. സംവിധായകന്‍, രചയിതാക്കള്‍, ക്യാമറാമാന്‍, അഭിനേതാക്കള്‍ തുടങ്ങി ഒരുപാട് പേരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് സിനിമ,’മാത്യു പറയുന്നു.

ലിയോയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. അത് തനിക്ക് ഒരു ട്രഷര്‍ മൊമന്റ് ആയിരുന്നുവെന്ന് മാത്യു പറയുന്നു. വിജയ് സാറിനൊപ്പം അഭിനയിച്ചതും സ്‌ക്രീന്‍ ഷെയര്‍ ചെയ്തതും, ഓഫ്ക്രീനില്‍ സമയം പങ്കിട്ടതും സംസാരിച്ചതുമെല്ലാം ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഷൂട്ടിങ് സെറ്റ് വളരെ രസകരമായിരുന്നുവെന്നും സെറ്റിലെ മറ്റെല്ലാവരെയും വെച്ചുനോക്കുമ്പോള്‍ താന്‍ പുതിയ ആളായിരുന്നുവെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.

Content highlight: Mathew Thomas says he doesn’t feel like he’s the hero in the film