സെറ്റിലെ മറ്റെല്ലാവരെയും വെച്ചുനോക്കുമ്പോള്‍ ഞാന്‍ പുതിയ ആളാണ്; അതെനിക്കൊരു ട്രെഷര്‍ മൊമന്റ്: മാത്യു തോമസ്
Malayalam Cinema
സെറ്റിലെ മറ്റെല്ലാവരെയും വെച്ചുനോക്കുമ്പോള്‍ ഞാന്‍ പുതിയ ആളാണ്; അതെനിക്കൊരു ട്രെഷര്‍ മൊമന്റ്: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th October 2025, 11:12 pm

ലിയോ സിനിമയില്‍ വിജയിക്കൊപ്പം അഭിനയിച്ചത് തനിക്കൊരു ട്രഷന്‍ മൊമന്റ് ആയിരുന്നുവെന്ന് നടന്‍ മാത്യു തോമസ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ 2023ല്‍ ഇറങ്ങിയ ചിത്രത്തില്‍ വിജയ്‌യുടെ മകനായാണ് നടന്‍ മാത്യു എത്തിയിരുന്നത്.

ഇപ്പോള്‍ സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മാത്യു.

‘വിജയ് സാറിനൊപ്പം അഭിനയിച്ചതും സ്‌ക്രീന്‍ ഷെയര്‍ ചെയ്തതും, ഓഫ്‌സ്‌ക്രീനില്‍ സാറിനൊപ്പം സമയം പങ്കിട്ടതും സംസാരിച്ചതുമെല്ലാം ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. ആ അവസരം തന്നതിന് നന്ദി. ഷൂട്ടിങ് സെറ്റ് വളരെ രസകരമായിരുന്നു. സെറ്റിലെ മറ്റെല്ലാവരെയും വെച്ചുനോക്കുമ്പോള്‍ ഞാന്‍ പുതിയ ആളാണ്. മറ്റൊരു ഇന്‍ഡസ്ട്രിയില്‍ നിന്നാണ് വരുന്നത്. എന്നാല്‍, ഇതൊന്നും നോക്കാതെ എന്നെ ചേര്‍ത്ത് നിര്‍ത്തി,’ മാത്യു തോമസ് പറയുന്നു.

ചിത്രത്തില്‍ വിജയ്ക്ക് പുറമെ തൃഷ, മാത്യു, സാന്‍ഡി മാസ്റ്റര്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്. എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചത്. ബോക്‌സ് ഓഫീസില്‍ വിജയമായി തീര്‍ന്ന ഈ ചിത്രത്തിന്റെ സംഗീതം നിര്‍വിഹിച്ചിരിക്കുന്നത് അനിരുദ്ധാണ്.

അതേസമയം മാത്യു പ്രധാന വേഷത്തിലെത്തിയ നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സ് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്നു. നൗഫല്‍ അബ്ദുള്ള സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശരത് സഭ, മാത്യു തോമസ്, അബു സലിം തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു.

സുഡാനി ഫ്രം നൈജീരിയ, നെയ്മര്‍, കപ്പേള തുടങ്ങി സിനിമകളുടെ എഡിറ്റിങ് നിര്‍വഹിച്ചിരുന്ന നൗഫലിന്റെ ആദ്യ സംവിധാന ചിത്രമാണ് നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സ്.

Content highlight: mathew about leo movie and vijay