ആടിത്തിമിര്‍ത്ത് ഡി കോക്കും റോസോയും; ഇന്‍ഡോറിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ ആറാട്ട്
Sports News
ആടിത്തിമിര്‍ത്ത് ഡി കോക്കും റോസോയും; ഇന്‍ഡോറിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ ആറാട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th October 2022, 8:54 pm

ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തിരിക്കുയാണ്. കൂറ്റനടി കണ്ട രണ്ടാം മത്സരത്തിനേത് സമാനമായാണ് ദക്ഷിണാഫ്രക്കയുടെ ഇന്നിങ്‌സ് മുന്നോട്ടുപോകുന്നത്. മത്സരത്തിന്റെ ആദ്യ പത്ത് ഓവറില്‍ തന്നെ 100 കടക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്.

ഓപ്പണിങിനിറങ്ങിയ ക്വിന്റണ്‍ ഡി കോക്ക് വെറും 33 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. തുടക്കത്തില്‍ തന്നെ മറ്റൊരു ഓപ്പണറായ ടെമ്പ ബാവുമയെ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. എട്ട് പന്തില്‍ മൂന്ന് റണ്‍സെടുത്താണ് ബാവുമ പുറത്തായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. വണ്‍ ഡൗണ്‍ ആയി ഇറങ്ങിയ റിലേ റോസോവിനെ കൂട്ടുപിടിച്ച് കൂറ്റനടിക്ക് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ 68 റണ്‍സ് നേടി ഡിക്കോക്ക് ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങി. നാല് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്. ശ്രേയസ് അയ്യരാണ് ഡി കോക്കിനെ പുറത്താക്തിയത്.

അവസാനം വിവരം കിട്ടുമ്പോള്‍ 15.2 ഓവറില്‍ 162 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 72 റണ്‍സെടുത്ത റിലേ റോസോവിയും 15 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സുമാണ് നിലവില്‍ ഗ്രീസിലൂള്ളത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

വിശ്രമം അനുവദിച്ച വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും നേരിയ പരിക്കുള്ള അര്‍ഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ഉമേഷ് യാദവും പ്ലേയിങ് ഇലവനിലെത്തി.

ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. പേസര്‍ ആന്റിച്ച് നോര്‍ക്യക്ക് പകരം ഡ്വയിന്‍ പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിയിരുന്നു.