8-2ന്റെ ബാഴ്‌സയിലെ ഓര്‍മ; മെസിക്കായി നെയ്മറും എംബാപ്പെയും ചേര്‍ന്ന് ബയേണിനെ കെട്ടുകെട്ടിക്കണമെന്ന് ആരാധര്‍
Sports News
8-2ന്റെ ബാഴ്‌സയിലെ ഓര്‍മ; മെസിക്കായി നെയ്മറും എംബാപ്പെയും ചേര്‍ന്ന് ബയേണിനെ കെട്ടുകെട്ടിക്കണമെന്ന് ആരാധര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th November 2022, 7:14 pm

2019-20 സീസണിലെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണ്‍ ബാഴ്സയെ തകര്‍ത്തത് സമീപകാല ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ വലിയ തോല്‍വിയായാണ് വിലയിരുത്തപ്പെടുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സക്ക് വേണ്ടി കളിച്ചപ്പോഴായിരുന്നു ഈ തോല്‍വി വഴങ്ങിയിരുന്നത്.

2021-22 സീസണിലും രണ്ട് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നു. രണ്ട് പ്രാവശ്യവും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ വീതം നേടി ബയേണ്‍ ജയിച്ചുകയറി.

ഒടുവില്‍ ബയേണിന്റെ കുന്തമുനയായിരുന്ന ലെവന്‍ഡോവ്സ്‌കിയെ ന്യൂ ക്യാമ്പിലെത്തിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് ബാഴ്സ. അവസാനം നടന്ന നാല് മത്സരങ്ങളിലായി 16 ഗോളുകളാണ് ബയേണ്‍ അടിച്ചുകൂട്ടിയത്. ബാഴസ്‌ക്കാകട്ടെ ആകെ രണ്ട് ഗോളുകള്‍ മാത്രമാണ് ബയേണിനെതിരെ നേടാനായത്.

ബാഴ്‌സയുടെ മാനക്കേട് മെസിയിലൂടെ തീര്‍ക്കാനാകും എന്നാണിപ്പോള്‍ ആരാധകര്‍ പറയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ റൗണ്ട് ഓഫ് 16 പ്രഖ്യാപിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് മെസിയുടെ പാരിസ് സെന്റ് ഷെര്‍മാങാണ് എതിരാളികള്‍.

മെസിയുടെ പഴയ ടീമായ ബാഴ്‌സക്കായി ബയേണിനെ മെസിയും നെയ്മറും എംബപ്പെയും ചേര്‍ന്ന് കെട്ടുകെട്ടിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. ബാഴ്‌സയിലുള്ളപ്പോള്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ മെസിക്ക് ബയേണിനെ തോല്‍പ്പിക്കാനുള്ള സുവര്‍ണാവസരമാണിതെന്നും ഇവര്‍ കരുതുന്നു.

എന്നാല്‍ ബയേണിനെ തോല്‍പ്പിക്കുക ബാഴ്‌സക്ക് അത്ര എളുപ്പമാകില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ ആറ് മത്സരങ്ങളും വിജയിച്ചാണ് ബയേണ്‍ മ്യൂണിക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. അതേസമയം, ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പി.എസ്.ജി ക്വാര്‍ട്ടറിലെത്തിയത്.