പൂര്‍ത്തിയാകാതെ പോയ ഇതിഹാസം; അതാണ് കമലിന്റെ `മരുതനായകം'
Entertainment news
പൂര്‍ത്തിയാകാതെ പോയ ഇതിഹാസം; അതാണ് കമലിന്റെ `മരുതനായകം'
സഫല്‍ റഷീദ്
Saturday, 4th June 2022, 1:17 pm

ലോകേഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിക്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ കമലിന്റെ പൂര്‍ത്തിയാവാതെ പോയ ‘മരുതനായകവും’ സിനിമാ പ്രേമികളുടെ ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരുന്നുണ്ട്.

വിക്രം സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് വേദിയില്‍ സംസാരിക്കവേ നടന്‍ ചിമ്പു ഒരു കാര്യം പറയുകയുണ്ടായി.
‘ഇപ്പോള്‍ എല്ലാവരും പാന്‍ ഇന്ത്യന്‍ എന്നൊക്കെ പറയുന്നുണ്ട്, പ്രിയപ്പെട്ട കമല്‍ സാര്‍ ഇവര്‍ക്ക് എല്ലാം വേണ്ടി മരുത നായകത്തിന്റെ 5 മിനുട്ട് റീലീസ് ചെയ്യൂ.’

ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയമായി മാറുമായിരുന്ന ഒരു ചിത്രം ആയേനെ മരുതനായകം എന്ന് ഈ വാക്കുകളില്‍ നിന്ന് തന്നെ നമുക്ക് മനസിലാക്കാം.

എന്തായിരുന്നു കമലിന്റെ മരുതനായകം ?

യൂട്യൂബില്‍ ‘മരുതനായകം’ എന്ന് തിരഞ്ഞാല്‍ നമുക്ക് ലഭിക്കുക ആ സിനിമയിലെ ഇളയരാജ സംഗീതം നല്‍കിയ ഒരു ഗാനവും, ചിത്രത്തിലെ ചില രംഗങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന ട്രയ്‌ലര്‍ എന്ന് പറയാവുന്ന ഒരു വീഡിയോയും മാത്രമാണ്. ഇത് കാണുന്ന ആളുകള്‍ക്ക് ഇന്നും ഈ വിഡിയോകള്‍ നല്‍കുന്നത് വലിയ ആവേശമാണ്. 1990 കളുടെ തുടക്കത്തിലാണ് ‘മരുതനായകം’ എന്ന ആശയം കമലിന്റെ മനസിലേക്ക് വരുന്നത്.

പ്രശസ്ത തമിഴ് നോവലിസ്റ്റ് എസ്.രംഗരാജനുമായി(സുജാത) ചേര്‍ന്നെഴുതി ചിത്രത്തിന്റെ തിരക്കഥ കമല്‍ പൂര്‍ത്തിയാക്കി. ഈ സിനിമയെ പറ്റി ആലോചിക്കുമ്പോള്‍ തന്നെ മരുതനായകം വലിയ മുതല്‍ മുടക്കുള്ള ചിത്രം ആവുമെന്നത് കമലിന് അറിയാമായിരുന്നു. 85 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്കായി കമല്‍ അന്ന് നിശ്ചിയിച്ചത്.

 

രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെ ചിത്രം നിര്‍മിക്കാം എന്നായിരുന്നു തീരുമാനം. ഇത്തരത്തില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി 1997 പകുതിയോടെ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടന്നു.

പിന്നീട് 97 ഒക്ടോബറില്‍ തമിഴ്‌നാട്ടിലെ എം.ജി.ആര്‍ ഫിലിം സിറ്റിയില്‍ വെച്ച് ബ്രിട്ടീഷ് രാജ്ഞി ക്യൂന്‍ എലിസബതും അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയും ചേര്‍ന്നാണ് മരുതനായകത്തിന്റെ ഔദ്യോഗിക ഷൂട്ടിംഗ് ഉദ്ഘാടനം ചെയ്തത്.

കന്നഡ സിനിമയിലെ പ്രശസ്ത നടന്‍ വിഷ്ണു വര്‍ദ്ധനും, ഹിന്ദി നടന്‍ നസറുദ്ദീന്‍ ഷായും തുടങ്ങി 90 കളില്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ ഒക്കെ തന്നെ മരുതനായകത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങിയിരുന്നു.

ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ മാത്രമായിരുന്നില്ല പ്രമുഖരായി ഉണ്ടായിരുന്നത്. ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരായി നിശ്ചയിക്കപ്പെട്ടവര്‍ പോലും ഇന്ത്യയിലെ തന്നെ പ്രശസ്തരായിരുന്നു. ഇളയരാജ ആയിരുന്നു ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചയാള്‍. നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി.കെ.ചന്ദ്രന്‍ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. പില്‍ കാലത്ത് എന്തിരനും ബഹുബലിയും തുടങ്ങി വലിയ ചിത്രങ്ങളുടെ ഭാഗമായ സാബു സിറില്‍ ആയിരുന്നു മരുദനായകത്തിന്റെ കലാസംവിധാനത്തിനായി നിയമിക്കപെട്ടയാള്‍.

മരുതനായകത്തിന്റെ കഥ !

1690 മുതല്‍ 1801 വരെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ എന്നീ പ്രദേശങ്ങള്‍ ഭരിച്ച രാജവംശമായ ‘ആര്‍കോട്ട്’ രാജവംശത്തിലെ സേനാനായകനായും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രാദേശിക സേനാ നായകനും, 1758 ലെ മധുര തിരുനല്‍വേലി ഗവര്‍ണര്‍ എന്നീ പദവികള്‍ ഒക്കെ വഹിച്ചിരുന്ന മരുതനായകം എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് യൂസഫ് ഖാന്‍ എന്നയാളുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ കഥ. ഹിന്ദു കുടുംബത്തില്‍ ജനിച്ച മരുതനായകം പിന്നീട് ഇസ്ലാം മതം സ്വികരിച്ചതാണ്.

എന്തുകൊണ്ട് ചിത്രം മുന്നോട്ട് പോയില്ല ?

മുതൽ മുടക്ക് തന്നെ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണത്തിലെ പ്രധാന വില്ലന്‍. 85 കോടി മൂതല്‍ മുടക്ക് എന്നത് അന്ന് വലിയ തുക ആയിരുന്നു. അതിനാല്‍ തന്നെ ചിത്രം നിര്‍മിക്കാന്‍ രാജ് കമല്‍ ഇന്റര്‍നഷണല്‍ സഹ നിര്‍മാതാക്കളെ തേടി. നിര്‍മാണത്തില്‍ പങ്കാളിയാവന്‍ ഒരു ബ്രിട്ടീഷ് കമ്പനി മുന്നോട്ട് വന്നെങ്കിലും പിന്നീട് രണ്ടാം പൊക്രാന്‍ നുക്ലിയാര്‍ പരിക്ഷണത്തിന്റെ ബാക്കിപത്രമായി കമ്പനി നിര്‍മാണത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ചിത്രത്തിനെതിരെ ചില ഹിന്ദു സംഘടനകള്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. ഇതനാല്‍ ഒക്കെ തന്നെ ചിത്രം മുന്നോട്ട് പോയില്ല.

പാന്‍ ഇന്ത്യന്‍ അല്ല പാന്‍ വേള്‍ഡ് ആയി റിലീസ് തീരുമാനിച്ച സിനിമ !

തമിഴില്‍ ഒരുക്കാന്‍ തീരുമാനിച്ച ചിത്രം പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കും ഫ്രഞ്ചിലേക്കും മൊഴിമാറ്റി റിലീസ് ചെയ്യാനും പദ്ധതി ഉണ്ടായിരുന്നു. സാങ്കേതിക പ്രവര്‍ത്തകരായും, അഭിനേതാക്കളായും നിരവധി വിദേശികളും ചിത്രത്തിന്റെ ഭാഗമാകാന്‍ നിശ്ചയിക്കപെട്ടതാണ്.

 

ഇനി ചിത്രം നടക്കുമോ ?

സിനിമ വളര്‍ന്നു, മുടക്ക് മുതല്‍ കൂടുതലുള്ള സിനിമകള്‍ ഇന്ന് സംവിക്കുന്നുണ്ട് എന്നതൊക്കെ പരിഗണിച്ചാല്‍
മരുതനായകം സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. പക്ഷെ കമല്‍ഹാസന്‍ വിചാരിക്കാതെ അത് സിനിമ പ്രേമികള്‍ക്ക് കാണാന്‍ കഴിയില്ല. ചരിത്ര കഥ ആയതിനാല്‍ എപ്പോള്‍ വേണമെങ്കിലും ചിത്രം ഇറക്കാം എന്നത് വലിയ പ്രതിക്ഷയാണ്.

2010 കളുടെ തുടക്കത്തില്‍ മരുതനായകം യാഥാര്‍ഥ്യമാക്കാന്‍ കമലിന്റെ ഭാഗത്ത് നിന്ന് ഊര്‍ജിത ശ്രമങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ അതൊന്നും ചിത്രം പൂര്‍ത്തിയാകുന്നതിലേക്ക് എത്തിയില്ല.

2017 ഇല്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ കാന്‍സ് ചലച്ചിത്ര മേളയില്‍ കാണിച്ചിരുന്നു.

മരുതനായകം ഒരു വിസ്മയമാകേണ്ട ചിത്രമായിരുന്നു. കമല്‍ കണ്ട അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാതെ പോയ വിസ്മയം !

Content Highlight : Marudhanayagam is an unfinished epic movie by kamal haasan