എഡിറ്റര്‍
എഡിറ്റര്‍
‘പെരിയാര്‍ കൊലയാളിയാകുന്നു’ അടിയന്തിര ശ്രദ്ധ ആവശ്യമാണ്
എഡിറ്റര്‍
Friday 17th March 2017 4:31pm

കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാര്‍ തമിഴ്‌നാട്ടിലെ സുന്ദരഗിരി മലയിലെ ശിവഗിരിയില്‍ നിന്ന് ഉത്ഭവിച്ച്, 244 ദൂരം താണ്ടി, ചെന്ന്‌ചേരുന്നത് ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും വലിയ തണ്ണീര്‍തടമായ വേമ്പനാട് കായലിലേക്കാണ്. ലോകത്തിലെ സംരക്ഷിക്കെപെടെണ്ട തണ്ണീര്‍തടങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്ന ഈ പ്രദേശം ഇന്ന് ലോകത്ത് ഗുരുതരമായ രാസമാലിന്യങ്ങള്‍ മൂലം മലിനീകരിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കൂടി സ്ഥാനം പിടിച്ചിരിക്കുന്നു.

അപകടകരമായ കീടനാശിനികളുടെയും ഘനലോഹങ്ങളുടെയും സാന്നിധ്യം ഇവിടെ ജീവന്‍ തുടച്ചു നീക്കുന്ന തോതിലെത്തിയിരിക്കുന്നു. ഹാനികരമായ വിഷലോഹങ്ങള്‍ ഈ തണ്ണീര്‍തടങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത് ഖനികള്‍ക്ക് തുല്യമായ അളവിലാണ്.

കുടിവെള്ളം, മത്സ്യം, തുടങ്ങി ഈ ജലാശയത്തില്‍ നിന്ന് ലഭ്യമാകുന്ന അടിസ്ഥാന വിഭവങ്ങളിലെല്ലാം ഈ രാസവിഷമാലിന്യത്തിന്റെ സാന്നിധ്യം അപകടകരമായ അളവിലാണെന്നു കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പോലും ഉയര്‍ന്ന അളവില്‍ സാന്ദ്രത കൂടിയ രാസമാലിന്യങ്ങള്‍ കുടിവെള്ളസംഭരണ മേഖലകളില്‍ എത്തിചേര്‍ന്നതിനെ തുടര്‍ന്ന് വ്യാവസായിക ആവശ്യത്തിന് പോലും സംഭരണിയിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വന്നിരുന്നൂ എന്നതില്‍ നിന്ന് തന്നെ മലിനീകരണത്തിന്റെ ഭീകരത വ്യക്തമാണ്.

മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ശ്രമിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പോലും ഭീഷണി ഉയര്‍ത്തികൊണ്ടാണ് വ്യവസായശാലകള്‍ മലിനീകരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യവസായ മലിനീകരണത്തിന്റെ അളവും വ്യാപ്തിയും പൊതുസമൂഹം തിരിച്ചറിയേണ്ടതാണ്.

പെരിയാറില്‍ നിന്ന് വ്യവസായശാലകള്‍ക്കു ആവശ്യാനുസരണം വെള്ളം എടുക്കാനും, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ രാസമലിന ജലം നിര്‍ബാധം തള്ളാനും കഴിഞ്ഞ 7 ദശാബ്ദങ്ങളായി മാറിമാറി വരുന്ന ഭരണാധികാരികള്‍ ഒത്താശ ചെയ്തതിന്റെ പരിണിത ഫലമാണിത്. മൂന്ന് പതിറ്റാണ്ടു മുന്‍പ് തന്നെ (1982) വ്യവസായശാലകള്‍ പെരിയാറില്‍ തള്ളുന്ന മലിനജലം 261 ദശലക്ഷം ലിറ്റര്‍ ആണെന്നു കണ്ടെത്തിയിരുന്നു.

രാസമലിനജലത്തിലൂടെ പുഴയുടെ വൃഷ്ടിപ്രദേശത്ത് അപകടകരമായ ഘനലോഹങ്ങള്‍ വര്‍ഷം തോറും എത്തിച്ചേരുന്നത് ടെണ്‍ കണക്കിനെന്ന തോതിലാണ് (മെര്‍ക്കുറി – 2000kg/yr, സിങ്ക് -7500 kg/yr, ഹെക്‌സ വാലന്ട് ക്രോമിയം – 1476 kg/yr, കോപ്പര്‍ – 327 kg/yr). കേവലം 1mg എന്ന ചെറിയ അളവില്‍ പോലും ഈ ഘനലോഹങ്ങള്‍ മനുഷ്യന്-പ്രകൃതിക്ക് അപകടകരമാകുമ്പോഴാണ് നിയന്ത്രണമില്ലാതെ രാസമലിനീകരണം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.

പതിറ്റാണ്ടുകളായി തുടരുന്ന ഈ രാസമലിനീകരണം നദിയുടെ വൃഷ്ടിപ്രദേശങ്ങളിലുള്ള ആവാസവ്യവസ്ഥയില്‍ ഇന്ന് വളരെ പ്രകടമായി തന്നെ മാറ്റം വരുത്തിയിരിക്കുന്നു. നദിയുടെ വടക്കന്‍ വൃഷ്ടിപ്രദേശത്ത് ഒരുകാലത്ത് സജീവമായിരുന്ന ചീനവലകളില്‍ ഇന്ന് വലകള്‍ ഇല്ലാതെ കുറ്റികള്‍ മാത്രം അവശേഷിക്കുന്നു.

മത്സ്യബന്ധന മേഖല ദുരിതത്തില്‍, കായലും പുഴയും കാലി, തുടങ്ങിയ പത്രവാര്‍ത്തകള്‍ നിരന്തരം തുടരുന്നു. 1980 കള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനത്തില്‍ ആണ് പെരിയാറിലെ രാസവ്യവസായ മലിനീകരണം അതീവരൂക്ഷമാണെന്നും ശ്രദ്ധ ആവശ്യമാണെന്നും ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത്.

1980ല്‍ ഗോവയിലെ കുടിവെള്ള സംഭരണ മേഖലയില്‍ വ്യവസായ രാസമാലിന്യങ്ങള്‍ എത്തിചേര്‍ന്നതിനെ തുടര്‍ന്ന് 7 ദിവസത്തോളം സംസ്ഥാനത്തെ 5 പട്ടണങ്ങളില്‍ കുടിവെള്ളവിതരണം നിര്‍ത്തിവെക്കേണ്ടതായി വന്നു. അന്ന് ഉയര്‍ന്ന വലിയ ജനകീയപ്രക്ഷോഭത്തെ തുടര്‍ന്നാണ് ഒരു മുന്‍കരുതലെന്നോണം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (CPCB) എല്ലാ സംസ്ഥാന (SPCB) ബോര്‍ഡുകളോടും കുടിവെള്ള സംഭരണ മേഖലകളില്‍ വ്യവസായശാലകളുണ്ടെങ്കില്‍ അവ മൂലമുണ്ടാകുന്ന മലിനീകരണം പഠനവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നത്.

പെരിയാര്‍ നദിയില്‍ ഏലൂര്‍-ഇടയാര്‍ മേഖലയില്‍ പാതാളം ബണ്ടിനു (കൊച്ചിയുടെ കുടിവെള്ള സംഭരണ മേഖല) സമീപം ആണ് KSPCB ഈ കാലയളവില്‍ പഠനം നടത്തിയത്. ബണ്ടിനു ഇരുകരയിലും വ്യവസായങ്ങള്‍ ഉണ്ടെന്നും പെരിയാര്‍ നദിയുടെ കിഴക്കന്‍ മേഖലയില്‍ (ബണ്ടിന് സമീപത്ത്) വെള്ളത്തിന്റെ ഗുണനിലവാരമില്ലാതാകുന്നൂ എന്നും തുടര്‍ച്ചയായുള്ള മത്സ്യകുരുതികള്‍ നൂറുകണക്കിന് ആളുകളുടെ ജീവനോപാധിയില്ലാതാക്കാനും കോടികണക്കിന് രൂപ നഷ്ടമുണ്ടാക്കാനും ഇടയുണ്ടെന്നും പഠനം വ്യക്തമാക്കിയിരുന്നൂ.

പാതാളം ബണ്ടിനോട് ചേര്‍ന്ന് വ്യവസായ ശാലകള്‍ ഉയര്‍ന്ന അളവില്‍ വിഷമാലിന്യങ്ങള്‍ തള്ളുന്നത് ഈ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടി അക്ഷരാര്‍ത്ഥത്തില്‍ ‘പാതാളമാവുകയാണ് (നരകം)’ എന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Advertisement