ബി.ജെ.പി രാജ്യത്തിന്റെ പൊതുശത്രു; മോദിസര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുന്നുവെന്ന് മാര്‍ക്കണ്ഡേയ കട്ജു
national news
ബി.ജെ.പി രാജ്യത്തിന്റെ പൊതുശത്രു; മോദിസര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുന്നുവെന്ന് മാര്‍ക്കണ്ഡേയ കട്ജു
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 8:27 am

കോഴിക്കോട്: നാലര വര്‍ഷത്തെ ഭരണം കൊണ്ട് നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഭജിച്ചുവെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ബി.ജെ.പി രാജ്യത്തിന്റെ പൊതുശത്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എന്‍.എം സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള നവോത്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക വ്യവസായ മേഖലയുടെ തകര്‍ച്ച, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാവാത്ത ഭരണമാണ് നരേന്ദ്രമോദിയുടേത്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ അടിത്തറ തകര്‍ത്ത് ഫ്യൂഡല്‍ വ്യവസ്ഥിതിയിലേക്ക് കൊണ്ടുപോവുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇടതുപക്ഷത്തിന് വിലയിടാന്‍ രാജ്യത്ത് ഒരു പണച്ചാക്കും ധൈര്യപ്പെടില്ല: മുഖ്യമന്ത്രി

ഹിന്ദുമതത്തോടോ ഹൈന്ദവ വിശ്വാസത്തോടോ യാതൊരു പ്രതിബദ്ധതയും ബി.ജെ.പിക്കില്ല. കേവലം 20 ശതമാനം വരുന്ന സവര്‍ണരുടെ പിന്തുണ മാത്രമുള്ള ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താനുള്ള മാര്‍ഗം മാത്രമാണ് രാമക്ഷേത്രവും ഗോസംരക്ഷണവുമെല്ലാം.

“ആള്‍ക്കൂട്ട കൊലപാതകങ്ങളും ദളിത് കൂട്ടക്കൊലകളും പൗരത്വ പട്ടികയുമെല്ലാം ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ഫാസിസ്റ്റ് തന്ത്രം മാത്രമാണ്. രാജ്യത്തെ ജനാധിപത്യവും പൗര സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളി നേരിടുകയാണ്. വിദ്യാസമ്പന്നരായ ഒട്ടേറെ യുവാക്കള്‍ വിചാരണത്തടവുകാരായി ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്.”

ALSO READ: തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; ബി.ജെ.പിയെന്ന് തൃണമൂല്‍ ,ഉള്‍പ്പാര്‍ട്ടി സംഘര്‍ഷത്തിന്റെ ഇരയെന്ന് ബി.ജെ.പി

കേവലം ആരോപണങ്ങളുടെ പേരില്‍ നിരപരാധികളെ ജയിലലടയ്ക്കുന്നത് കടുത്ത പൗരാവകാശ ലംഘനമാണ്. തീവ്രവാദവും ഭീകരവാദവും ഭരണകൂട നിര്‍മിതിയാണ്. ബി.ജെ.പിയുടെ കിരാതമായ നടപടികള്‍ സൃഷ്ടിക്കുന്ന അരാജകത്വം തീവ്രവാദത്തിനും ഭീകരവാദത്തിനും വളക്കൂറുള്ള മണ്ണൊരുക്കിയിട്ടുണ്ട്. നോട്ട് നിരോധനവും പൊതു മേഖലാ ബാങ്കുകളിലെ കോര്‍പ്പറേറ്റുകളുടെ കൊള്ളയും പെട്രോളിയം ഉല്പന്നങ്ങളുടെ അധിക നികുതിബാധ്യതയും രാജ്യത്തിന്റെ സമ്പദ് ഘടനയുടെ അടിത്തറ തന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിട്ടും അതിനെ അഭിമുഖീകരിക്കാന്‍ മോദി സര്‍ക്കാരിനായിട്ടില്ല. ഭരണപരാജയം മറച്ചുവെക്കാന്‍ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ വൈകാരികമായി ഇളക്കിവിടുകയാണ് ബി.ജെ.പിയും സംഘപരിവാറുമെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: