ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ ഭാവിയിലെ മികച്ച ടെസ്റ്റ് ബാറ്റാറാകുമെന്ന് ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്, ന്യൂസിലാന്‍ഡ് താരം രചിന്‍ രവീന്ദ്ര എന്നിവരെ മറികടന്നാണ് ഇന്ത്യന്‍ താരത്തെ വോ തെരഞ്ഞെടുത്തത്. ജെയ്സ്വാളില്‍ പ്രത്യേകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കയോ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു മാര്‍ക്ക് വോ.
‘ഭാവിയിലെ മികച്ച ടെസ്റ്റ് ബാറ്റർമാരായി, മത്സരരംഗത്ത് മൂന്ന് പേരുണ്ട്. യശസ്വി ജെയ്സ്വാള്‍, ഹാരി ബ്രൂക്ക്, രചിന്‍ രവീന്ദ്ര എന്നിവരാണ് അവര്‍. പക്ഷേ, 24 വയസുകാരനായ ജെയ്സ്വാളാണ് ഏറ്റവും മികച്ച താരമാവുക. അവൻ ഇതിനകം തന്നെ ഇരട്ട സെഞ്ച്വറി സ്കോർ ചെയ്തിട്ടുണ്ട്.
കൂടാതെ, അവൻ 50ന് അടുത്ത് ആവറേജുള്ള താരവുമാണ്. ഈ ചെറുപ്പക്കാരനില്‍ എന്തോ ഒരു പ്രത്യേകതയുണ്ട്. അതുകൊണ്ട് തന്നെ എന്റെ ചാമ്പ്യന്‍ ബാറ്റര്‍ ജെയ്സ്വാളാണ്. അവനൊരു മികച്ച ബാറ്ററാണ്,’ മാര്‍ക്ക് വോ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് ജെയ്സ്വാള്‍. ഈ ഫോര്‍മാറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയാണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. 2023 ജൂലൈ 12ന് വെസ്റ്റ് ഇന്‍ഡീസ് എതിരെ നടന്ന മത്സരത്തില്‍ താരം 387 പന്തില്‍ 171 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.
ജെയ്സ്വാള്‍ ഇന്ത്യക്കായി റെഡ് ബോൾ ക്രിക്കറ്റിൽ 28 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. 53 ഇന്നിങ്സിൽ നിന്ന് 2511 റണ്‍സാണ് താരം തന്റെ അക്കൗണ്ടിലെത്തിച്ചത്. താരം ഏഴ് സെഞ്ച്വറിയാണ് ഈ ഫോര്‍മാറ്റില്‍ അടിച്ചെടുത്തത്.
കൂടാതെ, രണ്ട് തവണ ജെയ്സ്വാള്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. ഒപ്പം അഞ്ച് തവണ 150+ റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഇതിന് പുറമെ, 13 അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. 66.02 സ്‌ട്രൈക്ക് റേറ്റുള്ള ഇടം കൈയ്യന്‍ ബാറ്റര്‍ 49.23 എന്ന മികച്ച ആവറേജിലാണ് ഈ ഫോര്‍മാറ്റില്‍ കളിക്കുന്നത്.
Content Highlight: Mark Waugh says that Yashasvi Jaiswal will be the next greatest test batter