സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റര്‍ ഹെന്റിക് ക്ലാസനെ പ്രശംസിച്ച് മുന്‍ പ്രോട്ടിയാസ് താരം മാര്‍ക്ക് ബൗച്ചര്‍. ക്ലാസന്റെ ഇന്നിങ്സ് ഒരു മാസ്റ്റര്‍ ക്ലാസാണെന്നും മത്സരം മന്ദഗതിയിലായിരുന്ന സമയത്ത് ക്രീസിലെത്തി താരം ടീമിന് ഊര്‍ജം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസന്റെ ഇന്നിങ്സ് ഗെയ്ക്വാദിനെ തന്ത്രങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതനാക്കിയെന്നും ഇത് ഇഷാന്‍ കിഷന്റെ ബാറ്റിങ്ങിന് പോലും ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബൗച്ചര്‍.
മാർക്ക് ബൗച്ചർ.
‘മത്സരം മന്ദഗതിയിലായിരുന്ന സമയത്താണ് ക്ലാസന്‍ ക്രീസിലെത്തിയത്. താരം വന്ന ടീമിന് ഒന്നാകെ പുതിയ ഊര്‍ജം നല്‍കി. അവന്റെ ബാറ്റിങ് ഋതുരാജിനെ (ഗെയ്ക്വാദ്) തന്ത്രങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതനാക്കി. അത് ചെന്നൈ സ്പിന്നര്‍മാരെ ഒഴിവാക്കി പേസര്‍മാരെ കൊണ്ടുവരുന്നതിലേക്ക് നയിച്ചു.
ഇത് ഇഷാന്‍ കിഷന്റെ ബാറ്റിങ്ങിന് പോലും ഗുണം ചെയ്തു. പന്ത് തിരിയുന്ന പ്രയാസകരമായ പിച്ചില്‍, തന്റെ സ്റ്റംപുകള്‍ കാട്ടിക്കൊടുത്താണ് ക്ലാസാന്‍ ബാറ്റ് ചെയ്തത്. അത് അവനെ ഇരുവശങ്ങളിലേക്കും സ്‌കോര്‍ ചെയ്യാന്‍ അനുവദിച്ചു. അവന്റേത് അതിനാല്‍ തന്നെ മികച്ച ബാറ്റിങ് മാസ്റ്റര്‍ക്ലാസായിരുന്നു,’ ബൗച്ചര്‍ പറഞ്ഞു.
ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ ക്ലാസന്‍ തകര്‍പ്പന്‍ ബാറ്റിങ് നടത്തിയിരുന്നു. 26 പന്തുകള്‍ നേരിട്ട് 47 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സറുകളും ആറ് ഫോറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 180.77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പ്രോട്ടിയാസ് ബാറ്റര്‍ ചെന്നൈക്കെതിരെ കളിച്ചത്.
അര്‍ഹിച്ച ഫിഫ്റ്റിക്കരികില്‍ പുറത്തായെങ്കിലും ഇഷാന്‍ കിഷനൊപ്പം ക്ലാസന്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് 75 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഇത് ഹൈദരാബാദിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു.
Content Highlight: Mark Boucher hails Heinrich Klaasen’s innings against CSK as master class