ഐ.സി.സി വനിതാ ഏകദിന ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ വിജയിച്ച് സൗത്ത് ആഫ്രിക്ക. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.
ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ കരുത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 320 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 194ന് പുറത്തായി. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ച്വറിയും ബൗളിങ്ങില്‍ മാരിസന്‍ കാപ്പിന്റെ ഫൈഫറുമാണ് സൗത്ത് ആഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്നത്.
South Africa sealed a big 125-run win in their semi-final clash against England to become the first #CWC25 finalist 💥
ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ 69 റണ്‍സിന് പുറത്താക്കുകയും പത്ത് വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയും ചെയ്ത ഇംഗ്ലണ്ടിനെ തന്നെ സെമിയില്‍ പരാജയപ്പെടുത്തിയത് പ്രോട്ടിയാസിന്റെ വിജയത്തിന് മധുരമേറ്റി.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് താരങ്ങളെ പൂജ്യത്തിന് പുറത്താക്കിയാണ് മാരിസന്‍ കാപ്പ് വേട്ട തുടങ്ങിയത്. ആമി ജോണ്‍സും സൂപ്പര്‍ താരം ഹീതര്‍ നൈറ്റുമാണ് പുറത്തായത്. തുടര്‍ന്ന് ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട്, സോഫിയ ഡങ്ക്‌ലി, ചാര്‍ളി ഡീന്‍ എന്നിവരെയും പുറത്താക്കി കാപ്പ് ഫൈഫര്‍ പൂര്‍ത്തിയാക്കി.
Marizanne Kapp rattles the England batting order with a stunning five-for in the #CWC25 semi-final 👏
ഈ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഐ.സി.സി വനിതാ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും കാപ്പിന് സാധിച്ചു. ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കിയാണ് പ്രോട്ടിയാസ് ലെജന്‍ഡ് ഒന്നാമതെത്തിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും ടാസ്മിന്‍ ബ്രിറ്റ്സും സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. പിന്നാലെയെത്തിയവരില്‍ മാരിസാന്‍ കാപ്പും ക്ലോ ട്രയോണും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സൗത്ത് ആഫ്രിക്ക മികച്ച നിലയിലെത്തി.
ലോറ 143 പന്ത് നേരിട്ട് 169 റണ്‍സ് നേടി. 20 ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ടാസ്മിന്‍ ബ്രിറ്റ്സ് 65 പന്തില്‍ 45 റണ്‍സും മാരിസാന്‍ കാപ്പ് 33 പന്തില്‍ 42 റണ്‍സും സ്വന്തമാക്കി. 26 പന്തില്‍ 33 റണ്‍സാണ് ട്രയോണ്‍ അടിച്ചെടുത്തത്.
ലോറ വോള്‍വാര്‍ഡ്
ഇംഗ്ലണ്ടിനായി സോഫി എക്കല്‍സ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ലോറന്‍ ബെല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഏഴ് പന്തിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മൂന്ന് താരങ്ങളും പൂജ്യത്തിനാണ് പുറത്തായത്. നാറ്റ് സിവര്‍ ബ്രണ്ടും (76 പന്തില്‍ 64), അലീസ് ക്യാപ്സിയും (71 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു.
സൗത്ത് ആഫ്രിക്കയ്ക്കായി മാരിസന്‍ കാപ്പ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നാദിന്‍ ഡി ക്ലാര്‍ക് രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അയബോംഗ ഖാക, നോന്‍കുലുലേകോ എംലാബ, സ്യൂന്‍ ലസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നവംബര്‍ രണ്ടിനാണ് പ്രോട്ടിയാസ് ഫൈനലിനിറങ്ങുന്നത്. ഇന്ന് നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തിലെ വിജയികളാണ് എതിരാളികള്‍.
Content Highlight: Marizane Kapp surpassed Jhulan Goswami in most wickets in Women’s World Cup