കൊച്ചി: മാരിടൈം ക്ലസ്റ്റര്‍ എന്ന ലക്ഷ്യത്തോടെ നോര്‍വേ മാരിടൈം മോണിറ്ററിങ് ഗ്രൂപ്പുമായി നടക്കുന്ന ചര്‍ച്ചകള്‍ കേരളത്തിന്റെ വ്യവസായ മേഖലക്ക് ഗുണം ചെയ്യുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
തുര്‍ക്കി, റൊമാനിയ, പോളണ്ട്, നെതര്‍ലാന്‍ഡ്‌സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാരിടൈം മോണിറ്ററിങ്ങ് ഗ്രൂപ്പ് കേരളത്തിലേക്ക് കടന്നുവരുന്നത് മാരിടൈം ക്ലസ്റ്റര്‍ എന്ന സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കുന്നതില്‍ വലിയൊരു ചവിട്ടുപടിയാണെന്നും മന്ത്രി പറഞ്ഞു.
‘കടലും കപ്പലും നമ്മുടെ വാണിജ്യ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതീകങ്ങളാണ്. ഇന്നുമതെ. ഒരു മാരിടൈം ക്‌ളസ്റ്റര്‍ കൊച്ചി കേന്ദ്രമായി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മുന്നോട്ട് പോകുന്നത് ഈ പ്രാധാന്യം മനസിലാക്കിയാണ്.
ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് നോര്‍വേ മാരിടൈം മോണിറ്ററിങ് ഗ്രൂപ്പുമായി നടക്കുന്ന ചര്‍ച്ചകള്‍.
ബഹു. മുഖ്യമന്ത്രിക്കൊപ്പം നോര്‍വേ സന്ദര്‍ശിച്ച ഘട്ടത്തിലാണ് ഇതുസംബന്ധിച്ച ആദ്യ ആലോചനകള്‍ നടന്നത്.
ഇതിന്റെ തുടര്‍ ആലോചനകള്‍ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം നോര്‍വേ മാരിടൈം മോണിറ്ററിങ്ങ് ഗ്രൂപ്പുമായി വീണ്ടും ചര്‍ച്ച നടത്തുകയുണ്ടായി. കമ്പനി സി.ഇ.ഒ ടെറ്യെ നെറാസുമായാണ് കൂടിക്കാഴ്ച നടത്തിയത്. മാറിയ കേരളവും കേരള വ്യവസായ നയവും എത്രയും പെട്ടെന്ന് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കമ്പനിക്ക് സഹായകമാകും,’ പി. രാജീവ് പറഞ്ഞു.



