ഓസ്‌ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള സമുദ്രപ്രദേശത്ത് വൻ സമുദ്രതാപതരംഗം; ഡബ്ള്യു.എം.ഒ
World News
ഓസ്‌ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള സമുദ്രപ്രദേശത്ത് വൻ സമുദ്രതാപതരംഗം; ഡബ്ള്യു.എം.ഒ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th June 2025, 9:17 am

വാഷിങ്ടൺ: 2024ൽ ഏഷ്യയ്ക്കും പസഫിക്കിനും ചുറ്റുമുള്ള ഏകദേശം 40 ദശലക്ഷം ചതുരശ്ര കിലോമീറ്റർ സമുദ്രം ഉഷ്ണതരംഗത്തിൽ മുങ്ങിയതായി ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ള്യു.എം.ഒ) റിപ്പോർട്ട്. ഓസ്‌ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള പ്രദേശത്താണ് സമുദ്രതാപതരംഗം ബാധിച്ചിരിക്കുന്നത്.

ഈ ഉഷ്ണതരംഗങ്ങൾ ആഗോള സമുദ്രോപരിതലത്തിന്റെ 10%ത്തിലധികം ബാധിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. ഇത് പവിഴപ്പുറ്റുകളെ നശിപ്പിക്കുകയും മേഖലയിലെ അവസാനത്തെ ഉഷ്ണമേഖലാ ഹിമാനിയെ വംശനാശ ഭീഷണിയിലാക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സംഘടന അറിയിച്ചു.

കാലാവസ്ഥാ പ്രതിസന്ധിയാണ് കരയിലും സമുദ്രത്തിലും ഉണ്ടായ ഈ റെക്കോർഡ് ചൂടിന് കാരണമെന്നും ഫിലിപ്പീൻസിലെ മാരകമായ മണ്ണിടിച്ചിൽ മുതൽ ഓസ്‌ട്രേലിയയിലെ വെള്ളപ്പൊക്കം, ഇന്തോനേഷ്യയിലെ ദ്രുതഗതിയിലുള്ള ഹിമാനികൾ നശിക്കൽ തുടങ്ങിയ നിരവധി തീവ്ര കാലാവസ്ഥാ സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നും ഡബ്ള്യു.എം.ഒ ശാസ്ത്രജ്ഞർ പറഞ്ഞു.

ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ഈ മേഖലയിലെ 2024 ലെ ശരാശരി താപനില 1991-2020 ലെ ശരാശരിയേക്കാൾ അര ഡിഗ്രി സെൽഷ്യസ് (0.9 ഫാരൻഹീറ്റ്) കൂടുതലാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

സമുദ്രനിരപ്പ് ആഗോള ശരാശരിയേക്കാൾ വേഗത്തിൽ ഉയരുന്നത് തുടരുകയാണ്. ജനസംഖ്യയുടെ പകുതിയിലധികം പേരും തീരത്ത് നിന്ന് 500 മീറ്ററിനുള്ളിൽ (547 യാർഡ്) താമസിക്കുന്ന ഒരു പ്രദേശത്ത് ഇത് ഒരു അടിയന്തര പ്രശ്നമാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഇന്തോനേഷ്യയിൽ ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മേഖലയിലെ ഏക ഉഷ്ണമേഖലാ ഹിമാനി കഴിഞ്ഞ വർഷം 50 ശതമാനം വരെ ചുരുങ്ങിയെന്ന് കാണിക്കുന്ന ഉപഗ്രഹ ഡാറ്റയും റിപ്പോർട്ട് ഉദ്ധരിച്ചു.

‘നിർഭാഗ്യവശാൽ, ഈ ചൂട് ഇതുപോലെ തുടർന്നാൽ, 2026 ഓടെയോ അതിനു തൊട്ടുപിന്നാലെയോ ഈ ഹിമാനി ഇല്ലാതായേക്കാം,’ ഡബ്ള്യു.എം.ഒയുടെ ശാസ്ത്രജ്ഞൻ ടർക്കിങ്ങ്ടൺ പറഞ്ഞു.

2023 ലാണ് ഈ ഉഷ്‌ണതരംഗത്തിന് വലിയ വർധനവുണ്ടായതെന്നും എന്നാൽ 2024 ആയപ്പോൾ അതിൽ വലിയ ഒരു കുതിച്ചുചാട്ടമാണ് ഉണ്ടായതെന്നും ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ അസോക് പ്രൊഫസർ അലക്സ് സെൻ ഗുപ്ത പറഞ്ഞു.

‘ഇതുപോലൊന്ന് ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല. എന്തുകൊണ്ടാണ് ഇത്രയും വലിയ കുതിച്ചുചാട്ടം ഉണ്ടായതെന്ന് വിശദീകരിക്കാൻ ഞങ്ങൾ പാടുപെടുകയാണ്,’ സെൻ ഗുപ്ത പറഞ്ഞു.

 

Content Highlight: Marine heatwave found to have engulfed area of ocean five times the size of Australia