എന്റെ സിനിമകള്‍ നൂറ് വര്‍ഷം കഴിഞ്ഞാലും നിലനില്‍ക്കണം; അവസാന നാളുകളില്‍ ഞാന്‍ അതോര്‍ത്ത് അഭിമാനിക്കും: മാരി സെല്‍വരാജ്
Malayalam Cinema
എന്റെ സിനിമകള്‍ നൂറ് വര്‍ഷം കഴിഞ്ഞാലും നിലനില്‍ക്കണം; അവസാന നാളുകളില്‍ ഞാന്‍ അതോര്‍ത്ത് അഭിമാനിക്കും: മാരി സെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th October 2025, 10:08 pm

തന്റെ സിനിമകള്‍ ഒരു നൂറ് വര്‍ഷം കഴിഞ്ഞാലും ഇവിടെ നിലനില്‍ക്കണമെന്ന് സംവിധായകന്‍ മാരി സെല്‍വരാജ്. ഇപ്പോള്‍ താന്‍ ഒരു ചെറിയ സംവിധായകനാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായികരുന്നു അദ്ദേഹം.

‘ഇന്ന് ഞാന്‍ ഒരു ചെറിയ സംവിധായകനാണ്. ചെറിയ സിനിമകള്‍ സംവിധാനം ചെയ്യുന്നത് കൊണ്ട് വലിയ ബിസിനസ് നടക്കുന്ന സിനിമകള്‍ സംവിധാനം ചെയ്യുന്നവര്‍ വലിയ സംവിധായകര്‍ ആണ്. സമൂഹത്തിനോട് ഫൈറ്റ് ചെയ്ത് സിനിമകള്‍ ചെയ്യുന്നവരെ ചെറിയ സംവിധായകനായാണ് ഇന്ന് കാണുന്നത്, പക്ഷേ എന്റെ അവസാന നാളുകളില്‍ ഞാന്‍ സിനിമ ചെയ്യാന്‍ കഴിയാതെ വയ്യാതെ ഇരിക്കുമ്പോള്‍, ഞാന്‍ എന്താണ് ചെയ്തതെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നും,’ മാരി സെല്‍വരാജ് പറയുന്നു.

കൊമേഴ്ഷ്യല്‍ സിനിമകളെ താണ്ടി ആളുകള്‍ സിനിമ ചെയ്യാന്‍ വരുമെന്നും ആ സമയത്ത് തന്റെ സിനിമകള്‍ ഒരു ലൈബ്രറിയില്‍ എന്ന പോലെ അവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സമൂഹത്തിന് താന്‍ എന്ത് ചെയ്തു എന്നതിനുള്ള ഉത്തരം ഇപ്പോഴല്ല അവസാനം ആകുമ്പോഴേ മനസിലാകുകയുള്ളുവെന്നും മാരി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അതെന്താണെന്ന് തനിക്കറിയില്ലെന്നും തന്റെ സിനമകള്‍ നൂറ് വര്‍ഷം കഴിഞ്ഞാലും ഇവിടെ നിലനില്‍ക്കണമെന്നും മാരി സെല്‍വരാജ് പറഞ്ഞു.

സഹ സംവിധായകനായാണ് മാരി സെല്‍വരാജ് തന്റെ സിനിമ കരിയര്‍ ആരംഭിച്ചത്. കല തന്റെ പ്രതിഷേധം അറിയിക്കാനുള്ള മാധ്യമം ആയിട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ പരിയേറും പെരുമാളും ആണ് മാരി സംവിധാനം ചെയ്ത ആദ്യ സിനിമ.

അതേസമയം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണ്‍ മികച്ച പ്രതികരണങ്ങള്‍ നേടിതിയേറ്ററുകളില്‍ മുന്നേറുകയാണ്. ധ്രുവ് വിക്രം പ്രധാനവേഷത്തിലെത്തിയ സിനിമയില്‍ അനുമപ പരമേശ്വരന്‍, രജിഷ വിജയന്‍, പശുപതി തുടങ്ങിയവരും അഭിനയിക്കുന്നു.

Content highlight: Mari Selvaraj wants his films to remain here even after a hundred years