തന്റെ സിനിമകളെല്ലാം കാണുന്ന സംവിധായകരിലൊരാളാണ് മണിരത്‌നമെന്ന് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍ കണ്ട ശേഷം അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ടെന്നും നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മാരി പറയുന്നു. താന്‍ ഏറെ ആരാധനയോടെ കാണുന്ന സംവിധായകരിലൊരാളുടെ ഇത്തരം പ്രോത്സാഹനം തനിക്ക് പ്രചോദനമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിരത്‌നത്തെപ്പോലൊരു സംവിധായകനെ തൃപ്തിപ്പെടുത്താന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മാരി സെല്‍വരാജ് കൂട്ടിച്ചേര്‍ത്തു. താന്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടില്ലെന്നും ഇത്തരം പ്രതികരണങ്ങള്‍ സന്തോഷം നല്കാറുണ്ടെന്നും സംവിധായകന്‍ പറയുന്നു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാരി സെല്‍വരാജ് ഇക്കാര്യം പറഞ്ഞത്.
‘ബൈസണ്‍ കണ്ടിട്ട് മണിരത്‌നം സാര്‍ വിളിച്ച് ഗംഭീരമെന്ന് പറഞ്ഞു. ഞാനത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. അദ്ദേഹത്തിന് എന്റെ സിനിമകളെല്ലാം നല്ല ഇഷ്ടമാണ്. പരിയേറും പെരുമാള്‍ മുതല്‍ എല്ലാ പടവും അദ്ദേഹം കണ്ടിട്ടുണ്ട്. എന്നെ ആശ്ചര്യപ്പെടുത്തിയ കാര്യമെന്താണെന്ന് വെച്ചാല്‍, ഞാന്‍ മണി സാറില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടില്ല.
പക്ഷേ, അദ്ദേഹം എല്ലായ്‌പ്പോഴും എനിക്ക് സപ്പോര്‍ട്ടായി നിന്നിട്ടുണ്ട്. എപ്പോള്‍ കണ്ടാലും ഒരുപാട് നേരം സംസാരിക്കും, നല്ല രീതിയില്‍ പെരുമാറും. അതൊന്നും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. ബൈസണ്‍ കണ്ടിട്ട് അദ്ദേഹം മെസേജയക്കുമെന്ന് ഒരിക്കലും കരുതിയില്ല. അദ്ദേഹത്തിന് വാഴൈ കാണിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. അന്ന് അധികം സംസാരിച്ചില്ല.
പക്ഷേ, ബൈസണ്‍ കണ്ട ഉടനെ അദ്ദേഹം എനിക്ക് മെസേജയച്ചു. ‘എനിക്ക് പടം വല്ലാത്ത ഷോക്കാണ്’ എന്നായിരുന്നു പറഞ്ഞത്. അത് കേട്ടപ്പോള്‍ സന്തോഷമായി. വളരെ ഓഥന്റിക്കായ വര്‍ക്കാണെന്നെല്ലാം പറഞ്ഞത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നത്. മണി സാറിനെയെല്ലാം തൃപ്തിപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷമാണ്,’ മാരി സെല്‍വരാജ് പറയുന്നു.
അര്‍ജുന അവാര്‍ഡ് ജേതാവ് മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാരി സെല്‍വരാജ് ബൈസണ്‍ ഒരുക്കിയത്. ധ്രുവ് വിക്രം നായകനായ ചിത്രത്തില്‍ പശുപതി, അമീര്‍, ലാല്‍, രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് പലരും ബൈസണെ കണക്കാക്കുന്നത്.
Content Highlight: Mari Selvaraj shares the review of Maniratnam after watching Bison movie