വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്; കര്‍ണന് ശേഷം വീണ്ടും മാരി ശെല്‍വരാജ്
Film News
വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്; കര്‍ണന് ശേഷം വീണ്ടും മാരി ശെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th March 2022, 4:30 pm

കര്‍ണന് ശേഷം വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാരി ശെല്‍വരാജിന്റെ പുതിയ ചിത്രം.

മാമന്നന്‍ എന്ന് പേരിട്ടിരിക്കുന്ന റെഡ് ജയന്റ് മൂവിസിന്റെ ചിത്രം നിര്‍മിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കീര്‍ത്തി സുരേഷ് പങ്കുവെച്ചു. ‘റെവലൂഷ്ണറി മാരി സെല്‍വരാജ് സാര്‍, നമ്മ ഉദയനിധി സ്റ്റാലിന്‍ സാര്‍, നമ്മുടെ ഫഹദ് ഫാസില്‍, വൈഗൈപുയല്‍ വടിവേലു സാര്‍, ഇസൈപുയല്‍ എ.ആര്‍.റഹ്മാന്‍ സാര്‍, ഇങ്ങനെയൊരു മികച്ച ടീമുമൊത്ത് വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ വളരെയധികം സന്തോഷം,’ കീര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ്. കീര്‍ത്തിയും മഹേഷ് ബാബുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സര്‍ക്കാരു വാരിപ്പാട റിലീസിനൊരുങ്ങുകയാണ്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രം മെയ് 12നാണ് റിലീസ് ചെയ്യുന്നത്.

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ചിത്രം. മലയാളത്തില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത മലയന്‍കുഞ്ഞ് ആണ് ഫഹദിന്റെ വരാനിരിക്കുന്ന റിലീസ്.


Content Highlight: mari selvaraj new movie maamannan starring keerthy suresh, fahad fasil and vadivelu