ധനുഷും ടൊവിനോയും ഒന്നിക്കുന്ന 'മാരി 2' ഡിസംബര്‍ 21ന് റിലീസ്
Kollywood
ധനുഷും ടൊവിനോയും ഒന്നിക്കുന്ന 'മാരി 2' ഡിസംബര്‍ 21ന് റിലീസ്
ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 3:32 pm

ധനുഷും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന “മാരി 2” ഡിസംബര്‍ 21ന് റിലീസ് ചെയ്യും. ചിത്രത്തിലെ നായകന്‍ ധനുഷ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.

വ്യത്യസ്തമായ വില്ലന്‍ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തില്‍ എത്തുന്നത്. ബീജ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. 2015ല്‍ ഇറങ്ങിയ “മാരി”യില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.


ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് “മാരി 2”.

ടോവിനോ തോമസ് അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് “മാരി 2”. താന്‍ തന്നെയാണ് തമിഴില്‍ ടബ്ബ് ചെയ്യുന്നതെന്നും അതിനായി തന്നെ സഹായിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദിയുണ്ട് എന്നും കഴിഞ്ഞ ദിവസം ടോവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.


“മാരി2വിന്റെ ഡബ്ബിങ് പൂര്‍ത്തിയായി. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി”, എന്നു പറഞ്ഞുകൊണ്ട് ധനുഷ്, സംവിധായകന്‍ ബാലാജി, നടന്‍ കൃഷ്ണ എന്നിവരെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ടൊവിനോയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ടൊവിനോ തമിഴ് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നുവെന്ന് വണ്ടര്‍ബാര്‍ ഫിലിംസ് കുറിച്ചു.

ധനുഷും ഭാര്യ ഐശ്വര്യയുമാണ് വണ്ടര്‍ബാര്‍ ഫിലിംസിന്റെ സ്ഥാപകര്‍. ബാലാജി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നതും ധനുഷ് തന്നെയാണ്.