2026 ടി – 20 ലോകകപ്പിലെ ഒന്നാം സെമി ഫൈനലില്‍ ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ കിവീസ് ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 43 റണ്‍സെടുത്ത ഫിന്‍ അലനും 21 പന്തില്‍ 41 റണ്‍സെടുത്ത ടിം ഷിഫെര്‍ട്ടുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ടീമിനെ പിടിച്ചുയര്‍ത്തിയത് അര്‍ധ സെഞ്ച്വറി നേടിയ മാര്‍ക്കോ യാന്‍സനാണ്. ഏഴാമനായി എത്തിയ താരം 30 പന്തുകള്‍ നേരിട്ട് 55 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് സിക്‌സുകളും രണ്ട് ഫോറുകളും അടിച്ച താരം 183.33 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റേന്തിയത്.
മാര്‍ക്കോ യാന്‍സന്‍. Photo: Tanuj/x.com
ടീമിനെ രക്ഷിച്ചെടുത്ത ഇന്നിങ്സോടെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കി. ടി – 20 ലോകകപ്പ് നോക്ക്ഔട്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏഴാം നമ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് താരം തന്റെ പേരില്‍ എഴുതി കുറിച്ചത്. മുന്‍ ഓസ്ട്രേലിയന്‍ താരമായ മൈക്കല്‍ ഹസി മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.
2010 ലെ ലോകകപ്പില്‍ പാകിസ്താനെതിരെയാണ് ഹസി ഏഴാം നമ്പറില്‍ ബാറ്റിങ്ങിനെത്തി ഫിഫ്റ്റി നേടിയത്. 24 പന്തില്‍ പുറത്താവാതെ 60 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇത് തന്നെയാണ് ടി – 20 ലോകകപ്പ് നോക്ക്ഔട്ട് മത്സരങ്ങളില്‍ ഈ പൊസിഷനിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇപ്പോള്‍ യാന്‍സന്‍ തന്റെ പേര് രണ്ടാമതായി എഴുതി ചേര്‍ത്തിരിക്കുകയാണ്.
കിവീസിനായി രചിന്‍ രവീന്ദ്രയും മാറ്റ് ഹെന്റിയും കോള്‍ മക്കൊഞ്ചിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലോക്കി ഫെര്‍ഗുസണ്‍, ജെയിംസ് നിഷാം എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight : Marco Jansen became second batter to score half century in a T20 World Cup Knockout match at No.7 after Michael Hussey