ഫൈനലിൽ ഞാൻ അവരെയാണ് പിന്തുണക്കുന്നത്: പ്രസ്താവനയുമായി മാഴ്സലോ
FIFA World Cup 2026
ഫൈനലിൽ ഞാൻ അവരെയാണ് പിന്തുണക്കുന്നത്: പ്രസ്താവനയുമായി മാഴ്സലോ
സുദേവ് എ
Saturday, 18th July 2026, 11:09 am

2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്‌പെയ്‌നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

ഇപ്പോള്‍ ഫൈനല്‍ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 2026 ഫിഫ ലോകകപ്പില്‍ കിരീടം നേടുക ഏത് ടീമായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍താരം മാഴ്‌സലോ. അര്‍ജന്റീനയെ മറികടന്നുകൊണ്ട് സ്‌പെയ്‌നിനെയാണ് മാഴ്‌സലോ ലോകകപ്പ് ഫേവറൈറ്റുകളായി തെരഞ്ഞെടുത്തത്. സി.ബി.എസ് സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ റയല്‍ താരം.

‘ഞാന്‍ അര്‍ജന്റീനയെ ബഹുമാനിക്കുന്നു. എന്നാല്‍ സ്പെയിനിന്റെ ടീം ഗെയിം എനിക്ക് കൂടുതല്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാന്‍ സ്‌പെയ്‌നിനെ പിന്തുണക്കുന്നത്,’ മാഴ്‌സലോ പറഞ്ഞു.

സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയ്ന്‍ കലാശപ്പോരിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്പെയ്ന്‍ കണ്ണുവെക്കുക.

സെമിയിലെ ഫ്രാന്‍സിനെതിരായ ജയത്തോടെ മറ്റൊരു യൂറോപ്യന്‍ ടീമിനും നേടാനാവാത്ത നേട്ടവും സ്പാനിഷ് പട സ്വന്തമാക്കിയിരുന്നു. മേജര്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ എട്ട് നോക്ക് ഔട്ട് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായാണ് സ്‌പെയ്ന്‍ മാറിയത്.

2024 യൂറോ കപ്പിലെ നോക്ക് ഔട്ടില്‍ തുടങ്ങിയ സ്‌പെയിനിന്റെ വിജയക്കുതിപ്പ് 2026 ലോകകപ്പ് ഫൈനലിലാണ് എത്തി നില്‍ക്കുന്നത്. ഇറ്റലിയുടെയും 2008 കാലഘട്ടത്തില്‍ നേടിയ സ്വന്തം റെക്കോഡുമാണ് സ്‌പെയ്ന്‍ തകര്‍ത്തത്. 1934 മുതല്‍ 1938 വരെ ഏഴ് മത്സരങ്ങളിലായിരുന്നു ഇറ്റലി വിജയിച്ചത്. 2008 മുതല്‍ 2012 വരെയായിരുന്നു സ്‌പെയ്ന്‍ ഏഴ് മത്സരങ്ങള്‍ വിജയിച്ചത്.

2024 യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ജോര്‍ജിയയെ 4-1നാണ് സ്‌പെയ്ന്‍ ആദ്യമായി പരാജയപ്പെടുത്തിയത്. പിന്നീട് ക്വാര്‍ട്ടറില്‍ ജര്‍മനിയെയും സെമി ഫൈനലില്‍ ഫ്രാന്‍സിനെയും 2-1ന് കീഴടക്കി. യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പാനിഷ് പടയുടെ കിരീട നേട്ടം.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലോകകപ്പിലും സ്‌പെയ്ന്‍ പ്രീക്വാര്‍ട്ടറിലെ വിജയ തേരോട്ടം തുടര്‍ന്നു. ഈ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരില്ലാത്ത ഒരു ഗോളിനും വീഴ്ത്തി. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെ 2-1നുമാണ് സ്‌പെയ്ന്‍ പരാജയപ്പെടുത്തിയത്.

അതേസമയം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

 

Content Highlight: Marcelo talks Spain will win the 2026 fifa world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.