മറാത്ത സംവരണം; പ്രതിഷേധങ്ങള്‍ക്കായി പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശപ്പെടുത്താനാകില്ല: ബോംബെ ഹൈക്കോടതി
India
മറാത്ത സംവരണം; പ്രതിഷേധങ്ങള്‍ക്കായി പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശപ്പെടുത്താനാകില്ല: ബോംബെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th August 2025, 7:57 pm

മുംബൈ: പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വേണ്ടി പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശപ്പെടുത്താന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിഷേധം നടത്താനാകില്ലെന്നും കോടതി പറഞ്ഞു. മറാത്താ സംവരണം ആവശ്യപ്പെട്ടുകൊണ്ട് പോരാടുന്ന ആക്റ്റിവിസ്റ്റ് മനോജ് ജാരന്‍ഗെയ്ക്കാണ് കോടതിയുടെ നിര്‍ദേശം.

അധികൃതര്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പ്രകടനങ്ങള്‍ നടത്താവൂ എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അലോക് ആരാധേ, ജസ്റ്റിസ് സന്ദീപ് മാര്‍നെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മുംബൈയിലെ ഖാര്‍ഘറില്‍ പ്രതിഷേധം നടത്താന്‍ ജാരന്‍ഗെയ്ക്ക് സ്ഥലം നല്‍കണോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ സമാധാനപരമായി പ്രതിഷേധിക്കണമെന്നാണ് നിര്‍ദേശം. ഗണേശോത്സവത്തിനിടെ ഉണ്ടാകാനിടയുള്ള വെല്ലുവിളികള്‍ക്ക് പരിഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം മറാത്താ സമുദായത്തിനും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും 10 ശതമാനം സംവരണം അനുവദിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ജാരന്‍ഗെ അനുവദിച്ച കാലാവധി ഇന്നത്തോട് കൂടി പൂര്‍ത്തിയാകുകയാണ്.

തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ മുംബൈയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഓഗസ്റ്റ് 29ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ജാരന്‍ഗെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനിടെയാണ് ബോംബെ ഹൈക്കോടതിയുടെ ഇടപെടലുണ്ടാകുന്നത്. ജാരന്‍ഗെയുടെ നീക്കത്തെ ചോദ്യം ചെയ്ത് ആമി ഫൗണ്ടേഷന്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടപെടല്‍.

സംസ്ഥാനത്ത് നാളെ (ബുധന്‍) ആണ് ഗണേഷ് ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട പരിപാടികള്‍ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസ് ഇതുസംബന്ധിച്ച തിരക്കുകളില്‍ ആയിരിക്കുമെന്നാണ് കോടതി പറയുന്നത്.

അതേസമയം 2023 നവംബറില്‍ മറാത്താ സംവരണത്തെ ചൊല്ലി മഹാരാഷ്ട്രയിലുണ്ടായ സംഘര്‍ഷത്തില്‍ ഏകദേശം 150 ഓളം കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനായിരുന്നു എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. നൂറിലധികം പ്രതിഷേധക്കാര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ജനസംഖ്യയുടെ 33 ശതമാനത്തോളം വരുന്ന കര്‍ഷകരും ഭൂവുടമകളും ഉള്‍പ്പെടുന്ന സമുദായമാണ് മറാത്തികള്‍. മിക്ക മറാത്തികളും മറാത്തി ഭാഷ സംസാരിക്കുന്നവരാണെങ്കിലും മറാത്തി സംസാരിക്കുന്ന എല്ലാ ആളുകളും ആ സമുദായത്തില്‍ ഉള്‍പ്പെടുന്നവരല്ല.

Content Highlight: Maratha reservation; Public places cannot be occupied indefinitely for protests: Bombay High Court