തിരുവനന്തപുരം: മാറനല്ലൂര്‍ ഇരട്ട കൊലക്കേസില്‍ പ്രതി അരുണ്‍ രാജിന് ജീവപര്യന്തം തടവ്. 25 വര്‍ഷം വരെ പരോള്‍ അനുവദിക്കരുതെന്നും കോടതി വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.
മാറനല്ലൂര്‍ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. തടവ് ശിക്ഷ കൂടാതെ പ്രതി 50000 രൂപ പിഴയും ഒടുക്കണം. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എ.എം. ബഷീര്‍ ആണ് വിധി പുറപ്പെടുവിച്ചത്.
സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2021 ഓഗസ്റ്റ് 14നാണ് സജീഷിനെയും സന്തോഷിനെയും പ്രതി കൊലപ്പെടുത്തിയത്.
സന്തോഷിന്റെ മേല്‍നോട്ടത്തിലാണ് മൂലക്കോണം കുക്കിരിപ്പാറയിലുള്ള ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. ഈ ക്വാറിയില്‍ നിന്ന് പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിയും സംഘവും കൊല്ലപ്പെട്ടവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ഈ തര്‍ക്കം പിന്നീട് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ക്വാറി തൊഴിലാളിയും സന്തോഷിന്റെ സുഹൃത്തുമായിരുന്നു കൊല്ലപ്പെട്ട സജീഷ്.
ജാക് ഹാമറിന്റെ കമ്പി ഉപയോഗിച്ച് പ്രതി സജീഷിനെയും സന്തോഷിനെയും തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കൊലപാതകം നടന്ന അടുത്ത ദിവസം തന്നെ അരുണ്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തിരുന്നു.