മറ്റെന്തായിരുന്നാലും, മറഡോണ ഒരിക്കലും ദൈവമായിരുന്നില്ല | ശ്രീജിത്ത് ദിവാകരന്‍
Diego Maradona
മറ്റെന്തായിരുന്നാലും, മറഡോണ ഒരിക്കലും ദൈവമായിരുന്നില്ല | ശ്രീജിത്ത് ദിവാകരന്‍
ശ്രീജിത്ത് ദിവാകരന്‍
Thursday, 26th November 2020, 1:34 pm

മറ്റെന്തായിരുന്നാലും അയാള്‍ ദൈവമായിരുന്നില്ല. അടിമുടി മനുഷ്യനായിരുന്നു. മനുഷ്യര്‍ക്ക് മാത്രം സാധ്യമാകുന്ന ആനന്ദങ്ങളിലും ദുഖങ്ങളിലും പെട്ടയാളായിരുന്നു. ദൈവത്തിന് നാം കേട്ടിട്ടുള്ള യാന്ത്രികതയോ ധാര്‍മ്മികതയോ പരിപൂര്‍ണ്ണതയോ അസാധ്യമായ കഴിവുകളോ ഇല്ലായിരുന്നു. മനുഷ്യര്‍ക്ക് മാത്രം സൃഷ്ടിക്കാന്‍ സാധ്യമാകുന്ന സൗന്ദര്യമായിരുന്നു അയാളുടെ ശക്തി.

Genius! Genius! Genius! There, there, there, there, there, there! Goaaaaaaaal! Goaaaaaaal! I want to cry, oh holy God, long live football! What a goal! Diegoal! Maradona! It’s to cry, excuse me! Maradona, in a memorable run, in the best play of all times! Little cosmic comet, which planet did you come from, to leave so many Englishmen behind, so that the country becomes a clenched fist crying for Argentina? Argentina 2, England 0! Diegoal, Diegoal, Diego Armando Maradona! Thank you, God, for football, for Maradona, for these tears, for this Argentina 2, England 0- !!

1986ലെ ചരിത്ര ഗോളിന്റെ ദൃക്സാക്ഷി വിവരണം കേള്‍ക്കൂ. ഫുട്ബോളിന്റെ ചരിത്രത്തിലെ തന്റെ ഏറ്റവും മനോഹരമായ ഒരു മിനുട്ടിന്റെ വര്‍ണ്ണന. Víctor Hugo Moralse ന്റെ സ്പാനിഷ് കേള്‍ക്കുമ്പോള്‍ തന്നെ നമുക്കെല്ലാം മനസിലാകും. മഹനീയതയിലേയ്ക്ക് ഉയരുന്ന മനുഷ്യന്റെ സാധ്യതകളോടുള്ള പ്രണാമമാണ്. പ്രാര്‍ത്ഥിക്കുന്ന മനുഷ്യര്‍ക്ക് പറയാം. താങ്ക്യൂ ഗോഡ്! ദൈവമേ നന്ദി. ഫുട്ബോളിന്, മറഡോണയ്ക്ക്, (ഈ മനോഹര നിമിഷങ്ങള്‍ക്ക് സാക്ഷിയായതിന്റെ നന്ദിയായി) തൂകിക്കൊണ്ടിരിക്കുന്ന ഈ കണ്ണുനീരിന്…

ഈ മനോഹര ലോകകപ്പില്‍ തന്നെ കൈകൊണ്ട് പന്ത് തട്ടി ഗോളാക്കി. മാന്യനായി ഏറ്റു പറഞ്ഞില്ല. ഒരു ദൈവവുമായില്ല. ഒരിക്കലും. ഒരാളേയും പരിശീലിപ്പിനായില്ല. പക്ഷേ പന്ത് പോകുന്ന വഴിയില്‍ കണ്ണു നട്ട് ഗാലറിയിലിരിക്കുന്ന, ആവേശഭരിതനും ആനന്ദതുന്തിലനും നിരാശിതനും ആക്രോശിതനും കണ്ണീരില്‍ ലയിക്കുന്നവുമായ കാണിയില്‍ ദിയാഗോ, ദിയാഗോ, ദിയാഗോ അമാന്‍ഡ മറഡോണ എന്ന മൊറോലെസിന്റെ കമന്ററിയുടെ ഹൃദയമിടപ്പ് നമുക്ക് കേള്‍ക്കാം.

മനുഷ്യനായിരുന്നു. അമേരിക്കയുടെ യുദ്ധവെറിക്കെതിരെ നിന്നു. കാസ്‌ട്രോയെയും ഷാവെസിനേയും ആരാധിച്ചു. ചെഗവേരയേ തോളിലും ഹൃദയത്തിലും പ്രതിഷ്ഠിച്ചു. കാപിറ്റിലിസത്തിന്റെ പ്രചാരകനാവാമായിരുന്നു. പക്ഷേ മനുഷ്യര്‍ക്ക് അഭിമുഖമായി നിന്നു. പലസ്തീന് വേണ്ടി നിലകൊണ്ടു. കാസ്ട്രോ മരിച്ചപ്പോള്‍ തന്റെ അമരനായ ഏകദൈവം മരിക്കില്ല എന്ന് പ്രഖ്യാപിച്ചു. മനുഷ്യര്‍ക്ക് മാത്രം സാധിക്കുന്ന ധൂര്‍ത്തജീവിതത്തിന്റെ പിറകെ പോയി. ആനന്ദങ്ങളില്‍ അഭിരമിച്ചു. തിരിച്ച് വന്നു. ഇനി പരാജിതനാകില്ല എന്ന് പ്രിയപ്പെട്ടവര്‍ക്കും സ്വയവും വാക്കുകൊടുത്തു. വീണ്ടും പടുകുഴികളിലേയ്ക്ക് ഇറങ്ങിപ്പോയി.

ദൈവമേ അല്ലായിരുന്നു. ഫുട്ബോളിനും അര്‍ജന്റീനയ്ക്കും തെക്കേ അമേരിക്കകയ്ക്കും കായിക ലോകത്തിനും അപ്പുറത്തുള്ള വലിയ വലിയ മനുഷ്യനായിരുന്നു. ഫുട്ബോളിന്, മറഡോണയ്ക്ക്, ഏതോ ലോകത്ത് ജനിച്ച്, എന്റെയൊക്കെ നല്ല ഓര്‍മ്മകള്‍ക്ക് മുന്നേ മികച്ച കളികളെല്ലാം അവസാനിപ്പിച്ച ഒരു മനുഷ്യന് വേണ്ടിയുള്ള ഈ കണ്ണീരിന് നന്ദി.

ഫുട്ബോളും മനുഷ്യരും ഉള്ളിടത്തോളം കാലം അമരനായിരിക്കും. ദൈവമായിട്ടല്ല. മഹാനായ ഫുട്ബോളറും മനുഷ്യനുമായിട്ട്. തലമുറകളെ ആനന്ദിപ്പിച്ചതിന്റെ പേരില്‍. ഗോളടിക്കുന്ന യന്ത്രമോ, പാളിച്ചകളില്ലാത്ത പ്ലേയറോ, കാപിറ്റലിസത്തിന്റെ പോസ്റ്റര്‍ ബോയിയോ ആകാത്തതിന്റെ പേരില്‍. മനുഷ്യനായതിന്റെ പേരില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maradona was never ever a God, Sreejith Divakaran writes on Diego Maradona

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.