ഹൈദരാബാദ്: 2026 മാര്‍ച്ചോടെ മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍. ഓപ്പറേഷന്‍ കാഗര്‍ നിര്‍ത്തലാക്കാനുള്ള ശ്രമമില്ലെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. നക്‌സലുകളെ ഇല്ലാതാക്കുന്നതിനാണ് ഈ പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അത് നിര്‍ത്താനുള്ള യാതൊരുവിധ ശ്രമവും ഇല്ലെന്നും ബണ്ടി സഞ്ജയ് പറഞ്ഞു.
കരിംനഗറില്‍ എ.ബി.വിപി സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ്. പരിപാടിയില്‍ ഓപ്പറേഷന്‍ കാഗര്‍ നിര്‍ത്തലാക്കാനും മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിക്കാനും ആഹ്വാനം ചെയ്ത മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെയും ബി.ആര്‍.എസ് മേധാവി കെ. ചന്ദ്രശേഖര റാവുവിനെയും ബണ്ടി സഞ്ജയ് കുമാര്‍ വിമര്‍ശിച്ചു.
മാവോയിസത്തെ സാമൂഹിക പ്രശ്‌നമായി ചിത്രീകരിക്കുന്നവരെയും സഞ്ജയ് വിമര്‍ശിച്ചു. ചില മനുഷ്യാവകാശ, പൗരാവകാശ നേതാക്കള്‍ മാവോയിസ്റ്റ് പ്രശ്‌നത്തെ സാമൂഹികമായി കാണണമെന്ന് പറയുന്നത് ഞങ്ങള്‍ ഞെട്ടലോടെയാണ് കേള്‍ക്കുന്നതെന്നും മാവോയിസ്റ്റുകള്‍ 50,000 സാധാരണക്കാരെയും 9,000 പൊലീസുകാരെയും കൊന്നത് അവര്‍ മറന്നോ എന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ബണ്ടി സഞ്ജയ് വിമര്‍ശിച്ചു സംസാരിച്ചു. നക്‌സലുകളുമായുള്ള മുന്‍ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് എന്ത് നേടിയെന്ന് ബണ്ടി സഞ്ജയ് ചോദിച്ചു.
ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുമ്പ് 220 ജില്ലകളിലാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഇന്ന് അവര്‍ വെറും 12 ജില്ലകളിലേക്ക് ചുരുങ്ങി, ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ മാത്രമേ സജീവമായിട്ടുള്ളൂ. ഈ പശ്ചാത്തലത്തില്‍, ഓപ്പറേഷന്‍ കാഗര്‍ നിര്‍ത്തി മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തണമെന്ന് രേവന്ത് റെഡ്ഡിയും മുന്‍ മുഖ്യമന്ത്രി കെസി.ആറിനെയും പോലുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlight: Maoists will be completely eliminated by March 2026: Bundy Sanjay