മാവോയിസ്റ്റുകള്‍ 125 ജില്ലകളില്‍ നിന്നും 11 ജില്ലകളിലേക്ക് ചുരുങ്ങി; ഉന്മൂലനത്തിന്റെ വക്കിലാണെന്ന് മോദി
India
മാവോയിസ്റ്റുകള്‍ 125 ജില്ലകളില്‍ നിന്നും 11 ജില്ലകളിലേക്ക് ചുരുങ്ങി; ഉന്മൂലനത്തിന്റെ വക്കിലാണെന്ന് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th October 2025, 11:52 pm

ന്യൂഡല്‍ഹി: രാജ്യത്തെ വൈകാതെ നക്‌സലൈറ്റ്-മാവോയിസ്റ്റ് ഭീകരതയില്‍ നിന്നും മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാവോയിസ്റ്റ് വിപത്തില്‍ നിന്നും മോചിതരായ നൂറിലധികം ഗ്രാമങ്ങള്‍ ഈ വര്‍ഷം ദീപാവലി ആഘോഷമാക്കിയെന്നും മോദി പറഞ്ഞു.

ഇന്ത്യയില്‍ നിന്നും മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നതിന്റെ വക്കിലാണ് സര്‍ക്കാരെന്ന് മോദി ഗോവയില്‍ ഐ.എന്‍.എസ് വിക്രാന്തിന്റെ സായുധ സേനയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.

രാജ്യത്തിന്റെ സുരക്ഷാസേനയുടെ ധീരത അഭിനന്ദിച്ച മോദി, മാവോയിസ്റ്റുകള്‍ക്കെതിരെ വലിയ വിജയങ്ങള്‍ സേന നേടിയിട്ടുണ്ടെന്നും പറഞ്ഞു.

ഒരു പതിറ്റാണ്ട് മുമ്പ് 125 ജില്ലകളിലുണ്ടായിരുന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം ഇപ്പോള്‍ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘സുരക്ഷാ സേനയുടെ ധൈര്യമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തിന് നിര്‍ണായകമായ നാഴികക്കല്ല് പിന്നിടുന്നതിന് സഹായകരമായത്. മാവോയിസ്റ്റ് ഭീകരതയെ ഉന്മൂലനം ചെയ്യാന്‍ രാജ്യത്തിനായി. നക്‌സല്‍-മാവോയിസ്റ്റ് ഭീകരതയില്‍ നിന്ന് രാജ്യം മോചനത്തിലേക്കുള്ള പാതയിലാണ്’, മോദി പറഞ്ഞു.

മാവോയിസ്റ്റുകളില്‍ നിന്നും മോചിപ്പിച്ച പല ജില്ലകളും ആദ്യമായാണ് ദീപാവലി ആഘോഷിക്കുന്നത്. ജി.എസ്.ടി ബചത് ഉത്സവ് വേളയില്‍ റെക്കോര്‍ഡ് വില്‍പനയും വാങ്ങലുകളുമാണ് ഈ പ്രദേശങ്ങളിലുണ്ടായതെന്നും മോദി അവകാശപ്പെട്ടു.

ഭരണഘടനയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പോലും മാവോയിസ്റ്റുകള്‍ അനുവദിക്കാതിരുന്ന ജില്ലകളില്‍ ഇപ്പോള്‍ സ്വദേശി മന്ത്രമാണ് ഉയരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ അര നൂറ്റാണ്ടായി നിലനില്‍ക്കുന്ന മാവോയിസമെന്ന വിപത്ത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പരാജയപ്പെടുമെന്നാണ് തന്റെ വിശ്വാസമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

പൊലീസ് സേന അക്കാര്യത്തില്‍ വിജയിച്ചുവെന്നും മോദി അവകാശപ്പെട്ടു. വികസനത്തെ തടഞ്ഞവരായിരുന്നു മാവോയിസ്റ്റുകള്‍. അവര്‍ പിന്മാറിയ പ്രദേശങ്ങളില്‍ പുതിയ റോഡുകളും സ്‌കൂളുകളും ആശുപത്രികളും വന്നെന്നും മോദി പറഞ്ഞു.

Content Highlight: Maoists reduced from 125 districts to 11; Modi says on verge of eradication