തൃശൂര്‍: ജയിലില്‍വെച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് നിരാഹാരസമരമിരുന്ന മാവോയിസ്റ്റ് രൂപേഷ് സമരം അവസാനിപ്പിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് രൂപേഷ് നിരാഹാരം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജയില്‍ ഡി.ജി.പി വഴിയാണ് മുഖ്യമന്ത്രി ഇക്കാര്യം രൂപേഷിനെ അറിയിച്ചത്.
ചൊവ്വാഴ്ച്ചയ്ക്കുള്ളില്‍ പുസ്തക പ്രസിദ്ധീകരണത്തിന് അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രി രൂപേഷിന് ഉറപ്പ് നല്‍കിയത്. നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ നിരാഹാരം കിടന്ന രൂപേഷിന്റെ ആരോഗ്യനില വഷളായതിന് പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരാഹാര സമരത്തിലായിരുന്നു രൂപേഷ്. മെയ് 27ന് രാവിലെയാണ് രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ജയില്‍ ജീവിതത്തിനിടെ എഴുതിയ ബന്ധിതരുടെ ഓര്‍മകുറിപ്പുകളെന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് രൂപേഷ് നിരാഹരം ആരംഭിച്ചത്. കവി സച്ചിദാനന്ദനെ പ്രമേയമാക്കി കൊണ്ടായിരുന്നു നോവല്‍.
നോവല്‍ പ്രസിദ്ധീകരണത്തിന് ജയില്‍ വകുപ്പും ആഭ്യന്തര വകുപ്പും അനുമതി നല്‍കിയിരുന്നില്ല. ജയിലിനകത്ത് വെച്ച് എഴുതപ്പെട്ട ഈ നോവലില്‍ ജയില്‍, യു.എ.പി.എ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിച്ചതിന് കാരണമായി പറഞ്ഞതെന്ന് രൂപേഷിന്റെ പങ്കാളി ഷൈന പറഞ്ഞിരുന്നു.
രൂപേഷിന് പിന്തുണയറിയിച്ച് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവിലടക്കം രംഗത്ത് എത്തിയിരുന്നു. രൂപേഷിന്റെ അപേക്ഷയിന്മേല്‍ അനുകൂലമായ തീരുമാനമെടുക്കണമെന്ന് ജയില്‍ വകുപ്പിനോടും സര്‍ക്കാരിനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
രൂപേഷിന്റെ പുസ്തകപ്രകാശനത്തിന് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എന്തെങ്കിലും നിയമങ്ങള്‍ തടസം നില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം അപേക്ഷകനെ അറിയിക്കണമെന്നും നീതിലഭിക്കാന്‍ രൂപേഷിന് നിയമസംവിധാനത്തെ സമീപിക്കാമെന്നുമാണ് അശോതന്‍ ചരുവില്‍ പറഞ്ഞത്.