കെ റെയിലിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍
Kerala News
കെ റെയിലിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd April 2022, 12:17 pm

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍. കോഴിക്കോട് പുതുപ്പാടി മട്ടിക്കുന്നിലാണ് സി.പി.ഐ മാവോയിസ്റ്റിന്റെ പേരില്‍ കെ റെയിലിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടുനല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന പദ്ധതിയാണിതെന്നും, ഇതിനെതിരെ ആളുകള്‍ രംഗത്തുവരണമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്.

ഞായറാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

‘സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ നില്‍ക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍’, ‘സായുധ സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കുക’, ‘കെ റെയില്‍ വിരുദ്ധ സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു’ തുടങ്ങിയ പോസ്റ്ററുകളാണ് പുതുപ്പാടി മട്ടിക്കുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതിന് പുറമെ രാജ്യത്തെ വിലക്കയറ്റത്തിനെതിരെയും പോസ്റ്ററുകള്‍ സംസാരിക്കുന്നുണ്ട്. സി.പി.ഐ.എം-കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികളുടെ കള്ളക്കളിയാണ് സംസ്ഥാനത്തും രാജ്യത്തും നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

സംഭവത്തിന് പിന്നാലെ താമരശ്ശേരി പൊലീസും മാവോയിസ്റ്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംഭവസ്ഥത്തെത്തിയിട്ടുണ്ട്.

നേരത്തെ മട്ടിക്കുന്നില്‍ ടൗണില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ പരസ്യമായി പോസ്റ്റര്‍ ഒട്ടിക്കുകയും പ്രസംഗം നടത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷങ്ങളും ഉണ്ടായിരുന്നു.

അതേസമയം, സില്‍വര്‍ലൈന്‍ പാരിസ്ഥിതിക ആഘാത പഠനം നാട്ടുകാരുടെ എതിര്‍പ്പും നിസ്സഹകരണവും മൂലം ആദ്യ ദിവസം തന്നെ തടസ്സപ്പെട്ടിരുന്നു. എറണാകുളത്തായിരുന്നു പഠനം തുടങ്ങിയ ആദ്യ ദിവസം തന്നെ താത്കാലികമായി നിര്‍ത്തിവെക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്.

Content Highlight: Maoist Poster against K Rail