സാഹിത്യത്തെ ഇടതുപക്ഷം എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്‌നം; ജാമ്യം ലഭിച്ച ശേഷം രൂപേഷ്
Kerala News
സാഹിത്യത്തെ ഇടതുപക്ഷം എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്‌നം; ജാമ്യം ലഭിച്ച ശേഷം രൂപേഷ്
ആദര്‍ശ് എം.കെ.
Tuesday, 24th March 2026, 8:56 pm

കോഴിക്കോട്: തന്റെ പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഭരണകൂടം സ്വീകരിച്ച നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷ്. എം.എ. ബേബിക്ക് തന്റെ പുസ്തകം പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും, അധികാരശ്രേണിയിലുള്ളവര്‍ക്ക് അതില്‍ തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

അക്കാദമീഷ്യന്മാരും സാഹിത്യകാരന്മാരും പുസ്തകം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഭരണകൂടം അത് തടയുകയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രൂപേഷ് പറഞ്ഞു.

സാഹിത്യത്തിനെ ഇടതുപക്ഷം എങ്ങനെ സമീപിക്കുന്നു എന്നുള്ളതാണ് ഇതിലെ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റ് ആക്ടിവിസ്റ്റ് എന്ന് പറയുമ്പോള്‍ വേട്ടയാടപ്പെടേണ്ട ഒരാളാണെന്ന് ഭരണകൂടത്തിന്റെ ഒരു കാഴ്ചപ്പാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പുസ്തകവുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രിസണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ആഭ്യന്തര വകുപ്പ്, നിയമ വകുപ്പ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലൂടെ പലതവണ കടന്നുപോയി.

ഇതിനിടയില്‍, ‘ഒരു യു.എ.പി.എ തടവുകാരന്‍ പുസ്തകം എഴുതിയതുകൊണ്ട് അത് യു.എ.പി.എ കുറ്റമാകുമോ എന്ന് പരിശോധിക്കണം’ എന്ന് ലോ സെക്രട്ടറി ഫയലില്‍ കുറിച്ചതായും രൂപേഷ് ചൂണ്ടിക്കാട്ടി.

ഒരു സാംസ്‌കാരിക പ്രവര്‍ത്തനത്തെ ഭരണകൂടം എങ്ങനെയാണ് സമീപിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു

യു.എ.പി.എ പോലുള്ള നിയമങ്ങളും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിന്യാസങ്ങളും ഇന്ന് ഒരു ‘നോര്‍മല്‍’ ആയി മാറിയിരിക്കുകയാണ്. വര്‍ഗീസിനെ വെടിവെച്ചു കൊന്നപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ ഇന്ന് അഞ്ചും പത്തും പേരെ കൊന്നാലും ഉണ്ടാകുന്നില്ലെന്നും, അത്തരം കൊലപാതകങ്ങള്‍ രാഷ്ട്രീയമായി ഒരു വിഷയമല്ലാതായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രൂപേഷിന് ജാമ്യം ലഭിക്കുന്നത്.

2015ല്‍ കോയമ്പത്തൂരില്‍ നിന്നാണ് രൂപേഷിനെയും ഭാര്യ ഉള്‍പ്പടെ അഞ്ച് പേരെയും അറസ്റ്റ് ചെയ്യുന്നത്. കേരളത്തിലും തമിഴ് നാട്ടിലുമായി 42 കേസുകളാണ് രൂപേഷിന് മേല്‍ ചുമത്തപ്പെട്ടത്. ചിലത് യു.എ.പി.എ കേസുകളാണ്.

നിലവില്‍ പതിനാറ് കേസുകളാണ് വിചാരണയിലുള്ളത്. രണ്ട് കേസുകളില്‍ ജിവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു, കൊച്ചി എന്‍.ഐ.എ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസില്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.

രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്.

 

 

Content Highlight: Maoist leader Rupesh has strongly criticized the stance taken by the government regarding book publishing.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.