നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ നിരാഹാരം; മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala News
നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ നിരാഹാരം; മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th May 2025, 2:56 pm

തൃശൂര്‍: നിരാഹാര സമരത്തിലായിരുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ആരോഗ്യനില വഷളായതിന് പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മൂന്ന് ദിവസമായി നിരാഹാര സമരത്തിലായിരുന്നു രൂപേഷ്. ഇന്ന് രാവിലെയാണ് രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ജയില്‍ ജീവിതത്തിനിടെ രൂപേഷ് എഴുതിയ ബന്ധിതരുടെ ഓര്‍മകുറിപ്പുകളെന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് രൂപേഷ് മൂന്ന് ദിവസമായി നിരാഹാരത്തിലായിരുന്നു.

ജയില്‍ ജീവിതം അനുഭവിക്കുന്ന രാഷ്ട്രീയക്കാരന്റെ ജീവിതത്തെ മുന്‍നിര്‍ത്തി എഴുതിയ നോവലിന് പ്രസിദ്ധീകരണ അനുമതി ലഭിച്ചിരുന്നില്ല. കവി സച്ചിദാനന്ദനെ പ്രമേയമാക്കി കൊണ്ടായിരുന്നു നോവല്‍.

നോവല്‍ പ്രസിദ്ധീകരണത്തിന് ജയില്‍ വകുപ്പും ആഭ്യന്തര വകുപ്പും അനുമതി നല്‍കിയിരുന്നില്ല. പിന്നാലെയായിരുന്നു നിരാഹാര സമരം.

അനുമതി ലഭിക്കാത്തതിനാല്‍ നിരാഹാരമിരിക്കുമെന്ന് രൂപേഷിന്റെ പങ്കാളി ഷൈന കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. രൂപേഷിന്റെ രണ്ടാമത്തെ നോവല്‍ പൂര്‍ണമായും ജയിലില്‍ വെച്ചെഴുതിയതാണെന്നും ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നതിന് ജയില്‍ വകുപ്പില്‍ നിന്നും അനുമതി തേടി അപേക്ഷ നല്‍കിയെങ്കിലും ഇതിന് അനുമതി നല്‍കാന്‍ സാധ്യമല്ലെന്ന് ജയില്‍ അധികൃതര്‍ വാക്കാല്‍ അറിയിക്കുകയുണ്ടായെന്നും ഷൈന പറഞ്ഞിരുന്നു.

ജയിലിനകത്ത് വെച്ച് എഴുതപ്പെട്ട ഈ നോവലില്‍ ജയില്‍, യു.എ.പി.എ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കുന്നതിന് പറയപ്പെട്ട കാരണങ്ങളെന്നും ഷൈന അന്ന് പറഞ്ഞിരുന്നു.

Content Highlight:  Maoist leader Rupesh admitted to hospital after hunger strike in jail over novel not getting publication permission