മലയാളം സിനിമാ നടി, മോഡല്‍, നര്‍ത്തകി എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഗ്രേസ് ആന്റണി. 2016ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്.
ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് അറിയപ്പെട്ട് തുടങ്ങിയത്.
പിന്നീട് നിരവധി സിനിമകളിലായി ഹഫദ്, മമ്മൂട്ടി, നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ് എന്നിവരുടെ കൂടെ അഭിനയിക്കാന്‍ ഗ്രേസിന് സാധിച്ചു. സിനിമയില്‍ വന്ന ശേഷം എന്തെങ്കിലും മാറ്റമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഗ്രേസ് ആന്റണി.
വ്യക്തിയെന്ന നിലയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും പക്ഷേ, അഭിനേത്രിയെന്ന നിലയില്‍ ഒരുപാട് മുന്നോട്ടുപോകാന്‍ പറ്റിയെന്നും ഗ്രേസ് പറയുന്നു. ചെയ്യുന്ന സിനിമകളില്‍ നിന്നെല്ലാം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നുണ്ടെന്നും ആദ്യ കാലത്ത് ക്യാമറക്ക് മുന്നില്‍ ചെന്നുനിന്ന് അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തിരുന്നതെന്നും അവര്‍ പറഞ്ഞു.
എന്നാലിപ്പോള്‍ ഓരോ കാര്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സിനിമയിലാണ് ജീവിതമെന്ന വിശ്വാസം ഇപ്പോഴുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
കരിയര്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാം എന്ന ആത്മവിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും ഒരിക്കല്‍ താന്‍ സ്വപ്‌നം കണ്ട ജീവിതമാണ് ഇതെന്നും ഗ്രേസ് ആന്റണി പറയുന്നു.
‘ഒരിക്കല്‍ കണ്ട സ്വപ്നമാണ് ഇപ്പോള്‍ എന്റെ ജീവിതം. ചെറുപ്പം മുതലേ ലക്ഷ്യം സിനിമാനടിയാകുക എന്നതായിരുന്നു. എങ്ങനെ സിനിമയിലെത്തണമെന്നൊന്നും അറിയില്ലായിരുന്നു. സിനിമാപശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. ഇത്തരമൊരാഗ്രഹം പറയുമ്പോള്‍ എല്ലാവര്‍ക്കും അത് നടക്കുമോ എന്ന് സംശയമായിരുന്നു. എങ്ങനെ സിനിമയില്‍ കയറുമെന്നും അത് നമുക്ക് പറ്റിയ മേഖലയാണോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. അച്ഛനും അമ്മയും അടക്കം പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഒരുപാടുപേര്‍ കളിയാക്കിയിട്ടുണ്ട്. സിനിമ എന്നൊന്നും പറഞ്ഞ് സമയം കളയേണ്ട എന്നുപറഞ്ഞ്,’ ഗ്രേസ് ആന്റണി പറയുന്നു.
Content Highlight: Many people made fun of and expressed doubts; Grace Antony finally became a film actress