ഇസ്താംബുള്‍: ഇറാനെതിരെ അമേരിക്ക ഉയര്‍ത്തുന്ന നാവിക ഉപരോധ ഭീഷണികളെ തള്ളിക്കളഞ്ഞ് മുതിര്‍ന്ന ഇറാനിയന്‍ നിയമസഭാംഗം അലാഇദ്ദീന്‍ ബൊറോജെര്‍ഡി. ഇറാന്റെ എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നുണ്ടെന്നും അമേരിക്കന്‍ സേനയ്ക്ക് ഇത് തടയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പക്കലുള്ള മിസൈലുകളുടെയും ഡ്രോണുകളുടെയും വന്‍ ശേഖരം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിമിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശനയ കമ്മീഷന്‍ ഡെപ്യൂട്ടി മേധാവി കൂടിയായ ബൊറോജെര്‍ഡി ഇറാന്റെ സൈനിക കരുത്തിനെക്കുറിച്ചും നയതന്ത്ര നിലപാടുകളെക്കുറിച്ചും സംസാരിച്ചത്.
ഇറാന്‍ തങ്ങളുടെ സൈനിക ശേഷി പൂര്‍ണയും ഇതുവരെ പുറത്തെടുത്തിട്ടില്ലെന്നും ബൊറോജെര്‍ഡി പറഞ്ഞു. ‘ഞങ്ങള്‍ ഇതുവരെ ഞങ്ങളുടെ പുതിയ കാര്‍ഡുകള്‍ കാണിച്ചിട്ടില്ല. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഖരം വര്‍ഷങ്ങളുടെ യുദ്ധത്തിന് പര്യാപ്തമാണ്.
നിലവിലുള്ള യു.എസിന്റെ നാവിക ഉപരോധം ഒന്നും ഫലപ്രദമല്ല. ഹോര്‍മുസ് കടലിടുക്കിന് സമീപം നിലവില്‍ 120 കപ്പലുകള്‍ ഗതാഗതത്തിനായി ഒരുങ്ങി നില്‍ക്കുന്നുണ്ട്. മാത്രമല്ല യു.എസ് സേനയുടെ യാതൊരു ഇടപെടലുകളും ഇല്ലാതെ നിരവധി ഇറാനിയന്‍ കപ്പലുകള്‍ പ്രവര്‍ത്തനം തുടരുന്നുമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദാബ് കടലിടുക്ക് ഹോര്‍മുസ് കടലിടുക്ക് പോലെ തന്നെ തന്ത്രപരമായി പ്രാധാന്യമുള്ളതാണെന്നും അവിടത്തെ സംഭവവികാസങ്ങള്‍ സമുദ്ര പാതകളെയും ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിന് മേലുള്ള പരമാധികാരത്തില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോകില്ലെന്നും ഭാവി ചര്‍ച്ചകളിലും ഈ നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയാല്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേവി കമാന്‍ഡറുടെ രാഷ്ട്രീയ സഹായി ഹമദ് അക്ബര്‍സാദെ മുന്നറിയിപ്പ് നല്‍കി.
തെക്കന്‍ നഗരമായ മിനാബില്‍ നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്ക ആക്രമണത്തിന് മുതിര്‍ന്നാല്‍ ഐ.ആര്‍.ജി.സി നാവികസേന പുതിയ ടാര്‍ഗെറ്റിംഗ് സംവിധാനങ്ങളും നൂതന പ്രവര്‍ത്തന ശേഷികളും ഉപയോഗിക്കുമെന്നും മേഖലയിലെ വന്‍കിട നാവിക കപ്പലുകളെ തകര്‍ക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിലെ സാഹചര്യം വഷളായത്. ഇതിന് മറുപടിയായി ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍
ആക്രമണം നടത്തിയിരുന്നു.
ഏപ്രില്‍ 8-ന് പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഏപ്രില്‍ 11, 12 തീയതികളില്‍ ഇസ്‌ലാമാബാദില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. എന്നാല്‍ ഈ ചര്‍ച്ചകള്‍ ഒരു ധാരണയിലെത്താതെ അവസാനിക്കുകയായിരുന്നു.
നിലവില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ആണവ പദ്ധതിയെക്കുറിച്ചുള്ള തര്‍ക്കവിഷയങ്ങള്‍ പിന്നീടുള്ള ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കില്ലെന്ന സൂചനയാണ് ട്രംപ് നല്‍കിയത്.
Content Highlight: many Iranian vessels are continuing to operate without intervention from US forces says Iran