കണ്ണീരിലും ചരിത്രമെഴുതി ന്യൂയര്‍; ജര്‍മന്‍ കോട്ടയുടെ കാവലാള്‍ മടങ്ങുന്നത് ഇതിഹാസം രചിച്ച്
FIFA World Cup 2026
കണ്ണീരിലും ചരിത്രമെഴുതി ന്യൂയര്‍; ജര്‍മന്‍ കോട്ടയുടെ കാവലാള്‍ മടങ്ങുന്നത് ഇതിഹാസം രചിച്ച്
സുദേവ് എ
Tuesday, 30th June 2026, 3:02 pm

2026 ഫിഫ ലോകകപ്പില്‍ നിന്നും മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനി പുറത്തായിരിക്കുകയാണ്. റൗണ്ട് ഓഫ് 32ല്‍ പരാഗ്വയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ പരാജയപ്പെട്ടാണ് ജര്‍മനി മടങ്ങിയത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 4-3 എന്ന സ്‌കോറിനാണ് പരാഗ്വ ജര്‍മനിയെ വീഴ്ത്തിയത്.

ലോകകപ്പില്‍ നാലാം തവണയാണ് ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്. 1938, 2018, 2022 എന്നീ ലോകകപ്പുകളിലാണ് ജര്‍മനി ഇതിന് മുമ്പ് ഇത്തരത്തില്‍ പുറത്തായത്. മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്രനേട്ടവുമായാണ് ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ മടങ്ങിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ജര്‍മനിയുടെ ആദ്യ ഇലവനില്‍ ഇടം പിടിച്ച താരമെന്ന നേട്ടമാണ് ന്യൂയര്‍ കൈപ്പിടിയിലാക്കിയത്. 23 മത്സരങ്ങളിലാണ് ജര്‍മനിക്കായി ന്യൂയര്‍ തുടക്കകാരനായി കളത്തിലിറങ്ങിയത്. 22 മത്സരങ്ങള്‍ കളിച്ച ഇതിഹാസ താരങ്ങളായ ലോഥര്‍ മത്തേയൂസ്, മിറോസ്ലാവ് ക്ലോസെ എന്നിവരെ മറികടന്നാണ് ന്യൂയര്‍ ഒന്നാമനായത്.

ജര്‍മനിക്കൊപ്പം തന്റെ അഞ്ചാം ലോകകപ്പിലായിരുന്നു ന്യൂയര്‍ ഇത്തവണ കളത്തിലിറങ്ങിയിരുന്നത്. ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്തായതിന് പിന്നാലെ ന്യൂയര്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് ന്യൂയര്‍ വീണ്ടും ലോകകപ്പ് കളിക്കാന്‍ എത്തിയത്. 2024 യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനി സ്പെയ്നിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ന്യൂയര്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ജര്‍മന്‍ പോസ്റ്റിന്റെ മുന്നിലുള്ള ന്യൂയറിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ജര്‍മനിയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങാന്‍ കാത്തിരുന്ന മറ്റ് ഗോള്‍കീപ്പര്‍മാര്‍ക്കും വിലങ്ങുതടി ആവുകയായിരുന്നു.

2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കാണ് ന്യൂയര്‍ വഹിച്ചിരുന്നത്. ഫൈനലില്‍ അര്‍ജന്റീനയെ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു ജര്‍മനി തങ്ങളുടെ ചരിത്രത്തിലെ നാലാം ലോക കിരീടം ഉയര്‍ത്തിയത്. ആ ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതും ന്യൂയറാണ്.

 

ആദ്യ മത്സരത്തില്‍ കുറാസാവൊക്കെതിരെ കളത്തിലിറങ്ങിയതോടെ ജര്‍മനിക്ക് വേണ്ടി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും ന്യൂയര്‍ മാറിയിരുന്നു. 40ാം വയസിലാണ് ന്യൂയറിനെ തേടി ഈ നേട്ടമെത്തിയത്.

ഇതിഹാസ താരം ലോഥര്‍ മത്തെയൂസിനെ മറികടന്നാണ് ന്യൂയര്‍ ഒന്നാമനായത്. 2000ത്തില്‍ 39 വയസും 91 ദിവസവും പ്രായമുള്ളപ്പോഴാണ് മത്തെയൂസ് ജര്‍മനിക്കായി വേള്‍ഡ് കപ്പില്‍ കളിച്ചത്.

അതേസമയം മത്സരത്തിന്റെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ 42ാം മിനിട്ടില്‍ ജൂലിയോ എന്‍സിസോയിലൂടെ പരാഗ്വയാണ് ആദ്യം ലീഡ് നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ 54ാം മിനിട്ടില്‍ കൈ ഹവേര്‍ട്സിലൂടെ ജര്‍മനി സമനില ഗോള്‍ നേടി. എക്സ്ട്രാ ടൈമില്‍ ജോനാഥന്‍ ടാഹിലൂടെ ജര്‍മനി ഗോള്‍ നേടിയെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു. പരാഗ്വ ഗോള്‍ കീപ്പര്‍ക്കെതിരെ ഫൗള്‍ നടത്തിയതിനാണ് ഗോള്‍ നിഷേധിച്ചത്.

ഷൂട്ട് ഔട്ടില്‍ മൗറീഷ്യോ, ഗുസ്താവോ ഗോമസ്, മതിയാസ് ഗലര്‍സ, ജോസ് കനാലെ എന്നിവരാനാണ് പരാഗ്വാക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ആന്റണിയോ സനബ്രിയ അടിച്ച ഷോട്ട് പുറത്തേക്കും ഫാബിയന്‍ ബല്‍ബുവന എടുത്ത കിക്ക് ജര്‍മനി ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ സേവ് ചെയ്യുകയും ചെയ്തു.

ജര്‍മനിക്ക് വേണ്ടി ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച്ച്, ജമാല്‍ മുസിയാല, നദീം അമീരി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കൈ ഹാവേര്‍ട്സ്, ജോനാഥന്‍ എന്നിവരുടെ കിക്കുകള്‍ പാഴാവുകയും ചെയ്തു. ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന്റെ പ്രകടനവും പരാഗ്വയുടെ വിജയത്തില്‍ നിര്‍ണായകമായി.

 

Content Highlight: Manuel Neuer create a historical record for Germany in World cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.