2026 ഫിഫ ലോകകപ്പിലെ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് ജര്‍മനി റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയിരിക്കുകയാണ്. ഗ്രൂപ്പ് ഇ-യില്‍ നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി അടുത്ത റൗണ്ടിലേക്ക് കടന്നത്.
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജര്‍മനി ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. 2014ല്‍ കിരീടം നേടിയതിന് ശേഷം നടന്ന രണ്ട് ലോകകപ്പുകളില്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്തായിരുന്നു. ഇപ്പോള്‍ ഈ ലോകകപ്പില്‍ തുടര്‍ വിജയങ്ങളുമായി ജര്‍മനി ഈ ചീത്തപ്പേര് മാറ്റിയിരിക്കുകയാണ്.
ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഒരു ചരിത്രനേട്ടമാണ് ജര്‍മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ഗോള്‍ കീപ്പറായാണ് ന്യൂയര്‍ മാറിയത്.
ഐവറികോസ്റ്റിനെതിരെയുള്ള മത്സരം ലോകകപ്പിലെ ന്യൂയറിന്റെ 21ാം മത്സരമായിരുന്നു. 20 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച മുന്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ മറികടന്നാണ് ന്യൂയറിന്റെ മുന്നേറ്റം.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പര്‍, രാജ്യം, മത്സരങ്ങളുടെ എണ്ണം
മാനുവല്‍ ന്യൂയര്‍-ജര്‍മനി-21
ഹ്യൂഗോ ലോറിസ്-ഫ്രാന്‍സ്-20
സെപ്പ് മെയര്‍-വെസ്റ്റ് ജര്‍മനി-18
ക്ലാഡിയോ ടഫാരെല്‍-ബ്രസീല്‍-18
ഫാബിയന്‍ ബര്‍ത്താസ്-ഫ്രാന്‍സ്-17
ഐക്കര്‍ കസിയസ്-സ്പെയ്ന്‍-17
പീറ്റര്‍ ഷില്‍ട്ടണ്‍-ഇംഗ്ലണ്ട്-17
ഡിനോ സോഫ്-ഇറ്റലി-17
ഫെര്‍ണാണ്ടോ മുസ്ലേര-ഉറുഗ്വ-16
തിബൗട്ട് കോര്‍ട്ടോയിസ്-ബെല്‍ജിയം-15
ആദ്യ മത്സരത്തില്‍ കുറാസാവൊക്കെതിരെ കളത്തിലിറങ്ങിയതോടെ ജര്‍മനിക്ക് വേണ്ടി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും ന്യൂയര്‍ മാറിയിരുന്നു. 40ാം വയസിലാണ് ന്യൂയറിനെ തേടി ഈ നേട്ടമെത്തിയത്.
ഇതിഹാസ താരം ലോഥര്‍ മത്തെയൂസിനെ മറികടന്നാണ് ന്യൂയര്‍ ഒന്നാമനായത്. 2000ത്തില്‍ 39 വയസും 91 ദിവസവും പ്രായമുള്ളപ്പോഴാണ് മത്തെയൂസ് ജര്‍മനിക്കായി വേള്‍ഡ് കപ്പില്‍ കളിച്ചത്.
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് ന്യൂയര്‍ വീണ്ടും ലോകകപ്പ് കളിക്കാന്‍ എത്തിയത്. 2024 യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനി സ്‌പെയ്‌നിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ന്യൂയര്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യത്തോടെ ഈ ലോകകപ്പിലും ജര്‍മന്‍ ഗോള്‍മുഖത്ത് ന്യൂയര്‍ മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം ഐവറികോസ്റ്റിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു ജര്‍മനിയുടെ തിരിച്ചുവരവ്. മത്സരത്തിന്റെ 30ാം മിനിറ്റില്‍ ഫ്രാങ്കി കെസ്സിയിലൂടെ ഐവറികോസ്റ്റാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി ജര്‍മന്‍ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
പകരക്കാരനായിറങ്ങി രണ്ട് ഗോളുകള്‍ നേടിയ ഡെനീസ് ഉണ്ടാവാണ് ജര്‍മനിക്ക് വിജയം സമ്മാനിച്ചത്. 68ാം മിനിറ്റില്‍ താരം ജര്‍മനിക്കായി സമനില ഗോള്‍ നേടി. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ആഫ്രിക്കന്‍ ടീമിന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ഉണ്ടാവ് ജര്‍മനിയുടെ വിജയ ഗോള്‍ നേടിയത്.
ടൂര്‍ണമെന്റില്‍ ജൂണ്‍ 26നാണ് ജര്‍മനി അടുത്ത മത്സരത്തിനിറങ്ങുന്നത്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇക്വഡോറാണ് ജര്‍മനിയുടെ എതിരാളികള്‍. അവസാന മത്സരവും വിജയിച്ചുകൊണ്ട് ആധികാരികമായി അടുത്ത റൗണ്ടിലെത്താനാവും ജര്‍മനിയുടെ ലക്ഷ്യം.
Content Highlight: Manuel Neuer becomes the goalkeeper with the most appearances at the World Cup