26 വര്‍ഷത്തെ റെക്കോഡ് തകര്‍ത്തു; ജര്‍മനിയുടെ ചരിത്ര പുരുഷനായി ന്യൂയര്‍
FIFA World Cup 2026
26 വര്‍ഷത്തെ റെക്കോഡ് തകര്‍ത്തു; ജര്‍മനിയുടെ ചരിത്ര പുരുഷനായി ന്യൂയര്‍
സുദേവ് എ
Monday, 15th June 2026, 10:43 am

2026 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ വിജയവുമായി വരവറിയിച്ചിരിക്കുകയാണ് ജര്‍മനി. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അരങ്ങേറ്റക്കാരായ കുഞ്ഞന്‍ ടീം കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി തുടക്കം ഗംഭീരമാക്കിയത്.

ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഒരു ചരിത്രനേട്ടവും ജര്‍മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ സ്വന്തമാക്കി. ജര്‍മനിക്ക് വേണ്ടി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് ന്യൂയര്‍ മാറിയത്. തന്റെ 40ാം വയസിലാണ് ന്യൂയറിനെ തേടി ഈ നേട്ടമെത്തിയത്.

ഇതിഹാസ താരം ലോഥര്‍ മത്തെയൂസിനെ മറികടന്നാണ് ന്യൂയര്‍ ഒന്നാമനായത്. 2000ത്തില്‍ 39 വയസും 91 ദിവസവും പ്രായമുള്ളപ്പോഴാണ് മത്തെയൂസ് ജര്‍മനിക്കായി വേള്‍ഡ് കപ്പില്‍ കളിച്ചത്. പോര്‍ച്ചുഗലിനെതിരെ കളത്തിലിറങ്ങിയാണ് മത്തെയൂസ് ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോള്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം തിരുത്തിയിരിക്കുകയാണ് ന്യൂയര്‍.

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് ന്യൂയര്‍ വീണ്ടും ലോകകപ്പ് കളിക്കാന്‍ എത്തിയത്. 2024 യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനി സ്പെയ്നിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ന്യൂയര്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മാനുവൽ ന്യൂയർ

ജര്‍മന്‍ പോസ്റ്റിന്റെ മുന്നിലുള്ള ന്യൂയറിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് ജര്‍മനിയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങാന്‍ കാത്തിരുന്ന മറ്റ് ഗോള്‍കീപ്പര്‍മാര്‍ക്കും വിലങ്ങുതടി ആവുകയായിരുന്നു.

2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കാണ് ന്യൂയര്‍ വഹിച്ചിരുന്നത്. ഫൈനലില്‍ അര്‍ജന്റീനയെ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു ജര്‍മനി തങ്ങളുടെ ചരിത്രത്തിലെ നാലാം ലോക കിരീടം ഉയര്‍ത്തുന്നത്.

ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതും ന്യൂയറാണ്. ഈ ലോകകപ്പിലും ജര്‍മന്‍ ഗോള്‍മുഖത്ത് ന്യൂയര്‍ മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം മത്സരത്തില്‍ കൈ ഹാവെര്‍ട്സ് ഇരട്ട ഗോളുകളും ഫെലിക്സ് നെമെച്ച, നിക്കോ ഷോട്ടര്‍ബെക്ക്, ജമാല്‍ മുസിയാല, നഥാനിയേല്‍ ബ്രൗണ്‍, ഡെനിസ് ഉന്‍ഡവ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയാണ് ജര്‍മനിക്ക് വമ്പന്‍ വിജയം സമ്മാനിച്ചത്. മറുവശത്ത് ലീവാനോ കോമെനെന്‍സിയയാണ് കുറസാവോക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്.

ജൂണ്‍ 21നാണ് ജര്‍മനി തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ആഫ്രിക്കന്‍ വമ്പന്മാരായ ഐവറി കോസ്റ്റാണ് ജര്‍മനിയുടെ എതിരാളികള്‍.

 

Content Highlight: Manuel Neuer becomes oldest player to play for Germany at World Cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.