ഇറ്റലിയിലെ മോൾഫെറ്റ സിറ്റിയിൽ കമ്യൂണിസ്റ്റുകാർ അധികാരത്തിലേക്ക്; 36 കാരനായ മാനുവൽ മിനർവിനിക്ക് ഉജ്ജ്വല വിജയം
World
ഇറ്റലിയിലെ മോൾഫെറ്റ സിറ്റിയിൽ കമ്യൂണിസ്റ്റുകാർ അധികാരത്തിലേക്ക്; 36 കാരനായ മാനുവൽ മിനർവിനിക്ക് ഉജ്ജ്വല വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th June 2026, 11:08 am

റോം: ഇറ്റലിയിലെ പുഗ്ലിയ റീജിയണില്‍ ഉള്‍പ്പെടുന്ന പ്രമുഖ നഗരമായ മോള്‍ഫെറ്റയുടെ പുതിയ മേയറായി കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി മാനുവല്‍ മിനര്‍വിനി തെരഞ്ഞെടുക്കപ്പെട്ടു.

ഏതാണ്ട് 60,000-ത്തോളം ജനസംഖ്യയുള്ള മോള്‍ഫെറ്റ, ഈ വിജയത്തോടെ ഇറ്റലിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരണ നേതൃത്വം നല്‍കുന്ന ഏറ്റവും വലിയ നഗരമായി മാറി. യൂറോപ്പിലെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ ആവേശം പകരുന്നതാണ് ഈ വിജയം.

67.47% വോട്ടുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് 36കാരനായ മിനര്‍വിനി മിന്നും വിജയം സ്വന്തമാക്കിയത്. കമ്മ്യൂണിസ്റ്റ് റീഫൗണ്ടേഷന്‍ പാര്‍ട്ടി അംഗമായ അദ്ദേഹം ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയാണ്.

തൊഴിലാളി പണിമുടക്കുകളിലും അവകാശ സമരങ്ങളിലും സജീവമായി പങ്കെടുക്കാറുള്ള അദ്ദേഹം ഫലസ്തീന്‍ അനുകൂല പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യം കൂടിയാണ്.

വിജയത്തിന് ശേഷം മാധ്യമമായ ‘ഇല്‍ മാനിഫെസ്റ്റോ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേയര്‍ മാനുവല്‍ മിനര്‍വിനി തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുകയുണ്ടായി. ‘അവസരവാദമില്ലാതെ, ഇടതുപക്ഷം സ്വയം നിലകൊള്ളുന്നതിലൂടെയാണ് വിജയിക്കുന്നത്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വര്‍ഷങ്ങളായി നഗരത്തിലെ അധികാരം കൈയ്യാളിയിരുന്ന, റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടങ്ങള്‍ക്കും കുത്തകകള്‍ക്കും കൂട്ടുനിന്നിരുന്ന ഒരു പ്രത്യേക പ്രഭുവര്‍ഗ്ഗ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണിത്. രാഷ്ട്രീയ പാര്‍ട്ടികളെ മറികടന്ന് വ്യക്തികള്‍ സ്വാധീനമുറപ്പിച്ചിരുന്ന നഗരത്തില്‍ രാഷ്ട്രീയത്തിന്റെ ശക്തമായ തിരിച്ചുവരവാണിത്, അദ്ദേഹം പറഞ്ഞു.

ഈ വിജയം ഒരു മാര്‍ക്കറ്റിങ് ഉല്‍പ്പന്നം പോലെ പരസ്യ ഏജന്‍സികളെ വെച്ച് ഉണ്ടാക്കിയതല്ല. പാര്‍ട്ടിയുടെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ തെരുവ് തോറും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.

വിജയിക്കാന്‍ വേണ്ടി മിതത്വം പാലിക്കുകയോ, വലതുപക്ഷത്ത് നിന്ന് കൂറുമാറി വന്നവരെ കൂടെക്കൂട്ടുകയോ ചെയ്തിട്ടില്ല. ഏറ്റവും ദുര്‍ബലരായ ജനങ്ങളുടെ ആവശ്യങ്ങളില്‍ നിന്നാണ് ഞങ്ങള്‍ രാഷ്ട്രീയം തുടങ്ങിയത്. അടിയന്തരാവസ്ഥാ വിരുദ്ധ സംഘടനകളും ഇടതുപക്ഷ കൂട്ടായ്മകളും മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാനുവൽ മിനർവിനി Photo: ilmanifesto

ചുവപ്പും മഴവില്ലും നിറഞ്ഞ പതാകകളേന്തി ‘ബെല്ല ചാവോ’ എന്ന വിപ്ലവഗാനം പാടിയാണ് അണികള്‍ മിനര്‍വിനിയുടെ വിജയം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലും ഈ വിജയം വലിയ ചര്‍ച്ചയായിട്ടുണ്ട്.

മധ്യ-ഇടതുപക്ഷ കക്ഷികളുടെ വിശാലമായ പിന്തുണയോടെയാണ് മിനര്‍വിനി മത്സരിച്ചത്. ഈ പ്രാദേശിക വിജയം രാജ്യത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിജയത്തെ സ്വാഗതം ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് റീഫൗണ്ടേഷന്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി മൗറീഷ്യോ അസെര്‍ബോ നേരിട്ടെത്തിയിരുന്നു. ന്യൂയോര്‍ക്കിലെയും മോള്‍ഫെറ്റയിലെയും പോലെ ഒരു കമ്മ്യൂണിസ്റ്റിന്റെ സ്ഥാനാര്‍ത്ഥിത്വം വോട്ടര്‍മാരെ അകറ്റി നിര്‍ത്തിയില്ലെന്നും മറിച്ച് ജന പങ്കാളിത്തവും ആവേശവും വര്‍ദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. നിരവധി യൂറോപ്യന്‍ ഇടതുപക്ഷ നേതാക്കള്‍ ഈ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്ര വലതുപക്ഷത്തിന് ബദലായി, ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ജനാധിപത്യ ശക്തികളെ ഒന്നിപ്പിച്ച് ഒരു ‘ഭരണഘടനാ മുന്നണി’ രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് മൗറീഷ്യോ അസെര്‍ബോ വ്യക്തമാക്കി.

പഴയ നവലിബറല്‍ നയങ്ങളില്‍ നിന്നുള്ള മാറ്റമാണിത്. ഡെമോക്രാറ്റിക് പാര്‍ട്ടി, ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി, ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് എന്നിവരുമായി സഹകരിക്കുമെന്നും എന്നാല്‍ റെന്‍സിയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായി സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്പന്നര്‍ക്ക് നികുതി ചുമത്തുക, സാധാരണക്കാരുടെ നികുതിഭാരം കുറയ്ക്കുക, ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക, യുദ്ധങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

മോള്‍ഫെറ്റയിലെ പുരോഗമന സഖ്യത്തിന്റെ തുടക്കം കുറച്ച് വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. തുടക്കത്തില്‍ പ്രാദേശിക ഡെമോക്രാറ്റിക് പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ നേതാവ് എല്ലി ഷ്‌ലൈന്‍ ഇടപെട്ട് ഈ തീരുമാനം മാറ്റുകയും ഇടതുപക്ഷ സഖ്യത്തിന് വഴിതുറക്കുകയും ചെയ്തു. ബാരിയില്‍ നിന്നുള്ള എം.പിയായ ആല്‍ബെര്‍ട്ടോ ലോസാക്കോയ്ക്ക് ഇതിനായി പ്രത്യേക ചുമതല നല്‍കി.

വെറും അഞ്ച് ദിവസത്തിനുള്ളില്‍ ജനപ്രിയമായ ഒരു സഖ്യമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. മിനര്‍വിനിയുടെ വികസന പരിപാടികള്‍ പൂര്‍ണമായും സ്വീകാര്യമാണെന്നും, ഈ സഖ്യം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വലിയൊരു മാതൃകയായിരിക്കുമെന്നും ലോസാക്കോ വ്യക്തമാക്കി.

നഗരത്തില്‍ നിലവില്‍ വലിയ തോതില്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ബീച്ചുകള്‍ തിരിച്ചുപിടിക്കുക, പൊതു ഇടങ്ങള്‍ ജനങ്ങള്‍ക്കായി വീണ്ടെടുക്കുക എന്നിവയ്ക്കാണ് പുതിയ ഭരണകൂടം ആദ്യ പരിഗണന നല്‍കുന്നത്.

Content Highlight: Manuel Minervini, a Communist candidate, has been elected Mayor of Molfetta, Italy